
ദോഹ: അംഗങ്ങള്‍ക്കും അഫിലിയേറ്റ് ചെയ്ത സംഘടനകളിലെ അംഗങ്ങള്‍ക്കുമുള്‍പ്പെടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാവുന്ന പദ്ധതിയുള്‍പ്പെടെ വിവിധ കര്‍മ്മപരിപാടികള്‍ പ്രയാഗികമാക്കാനുള്ള നടപടിയുമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍. കൂടുതല്‍ ജനകീയമായതും ഭാവി തലമുറക്ക് കൂടി പ്രയോജനപ്രദമായതുമായ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ കര്‍മ്മപദ്ധതികള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ ബുധനാഴ്ചകളിലും സാംസ്കാരിക പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഇതിനുണ്ടായിട്ടുള്ളത്. ഇത് കൂടുതല്‍ ജനങ്ങളിലേക്കെത്തേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി ഈയ്യിടെ തുടക്കമിട്ട സയന്‍സ് ക്ലബ്ബ്, രൂപീകരിക്കാനിരിക്കുന്ന ചലച്ചിത്ര, ഫോട്ടോ, സാംസ്കാരിക-സാഹിത്യ ക്ലബ്ബുകള്‍ എന്നിവ ചില കാല്‍വെപ്പുകളാണ്.
ഐ സി സി അംഗസംഖ്യ വര്‍ധിപ്പിക്കാനായി വിവിധ സംഘടനാ തലത്തിലും സ്ഥാപനങ്ങള്‍ മുഖേനയും ശ്രമം നടത്തും. പ്രിവിലേജ് മെമ്പര്‍ഷിപ്പ് പ്രചാരണ പരിപാടിക്ക് തുടക്കമിടും. അംഗങ്ങള്‍ക്കും അഫിലിയേറ്റ് ചെയ്ത സംഘടനകളിലെ അംഗങ്ങള്‍ക്കുമായി നടപ്പിലാക്കാനാഗ്രഹിക്കുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതി 100 റിയാല്‍ പ്രീമിയം മുതല്‍ വിവിധ പാക്കേജുകളിലായിട്ടാണ് ആലോചന. ഇതുസംബന്ധിച്ച് ഇന്‍ഷൂറന്‍സ് കമ്പനികളുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
നവീകരിച്ച വെബ്സൈറ്റ് ജൂണ്‍ 25-ന് ഔദ്യോഗികമായി തുടക്കം കുറിക്കും. അംഗത്വമെടുക്കാനുള്ള അപേക്ഷാ ഫോറം ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാനുള്ള സംവിധാനം വെബ്സൈറ്റിലുണ്ടാവും. തൊഴിലന്വേഷകര്‍ക്ക് ബയോഡാറ്റ അപ്്ലോഡ് ചെയ്യാനുള്ള സജ്ജീകരണമുള്പ്പെടെ പുതുക്കിയ വെബ്സൈറ്റിന്റെ പ്രത്യേകതയാണ്. ജോലി തേടി ഖത്തറിലെത്തുന്നവര്‍ക്ക് വിസ നമ്പര്‍ നല്കിയാലോ ഖത്തറില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഖത്തര്‍ ഐ ഡി മുഖേനയോ തൊഴിലവസരങ്ങള്‍ അന്വേഷിക്കാന്‍ വെബ്സൈറ്റ് പ്രയോജനപ്പെടുത്താനാവുമെന്നും ഐ സി സി ഭാരവാഹികള്‍ വിശദീകരിച്ചു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നിലവിലെ സൗകര്യം വിപുലീകരിക്കാനും സേവനം മെച്ചപ്പെടുത്താനും ഭാരവാഹികളുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും പുതിയ സ്ഥലത്തേക്ക് മാറ്റുന്ന കാര്യം താത്കാലികമായി ആലോചനയിലില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ഭാരവാഹികള്‍ വ്യക്തമാക്കി.
ഐ സി സി വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, മറ്റു ഭാരവാഹികളായ അഡ്വ. ജാഫര്‍ഖാന്‍, രാജേഷ് സിംഗ്, നിര്‍മ്മല ഷണ്മുഖപാടിയന്, ഭൂമേശ്വര്‍ പഠാല, മുഹ്സിന് പി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.