
ദോഹ: വാസ്തുവിദ്യയിലെ മികവിനുള്ള അഗ ഖാന് പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഖത്തറിലെ മുശൈരിബ് മ്യൂസിയവും ഇടംനേടി. റഷ്യയിലെ കസാനില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ പുരസ്കാരത്തിന്റെ ചുമതലയുള്ള ഡയറക്ടര്‍ ഫറോഖ് ദെരക്ഷാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വാസ്തുവിദ്യാ മേഖലയിലെ മികവിനുള്ള ഏറ്റവും പഴക്കംചെന്ന പുരസ്കാരങ്ങളിലൊന്നാണ് അഗ ഖാന് അവാര്‍ഡ്.
വാസ്തുവിദ്യയിലെ മികവിനൊപ്പം ജീവിതത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്താനുതകുന്നതുമായ പദ്ധതികളെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കുന്നത്. 2012 ജനുവരി ഒന്നിനും 2017 ഡിസംബര്‍ 31നുമിടയില്‍ പൂര്‍ത്തിയായതും ഒരുവര്‍ഷമെങ്കിലും ഉപയോഗത്തിലായതുമായ പദ്ധതികളെയാണ് 2019ലെ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. 42 വര്‍ഷങ്ങള്‍ക്കു മുമ്പ് 1977ലാണ് പുരസ്കാരത്തിന് തുടക്കംകുറിക്കുന്നത്.

ഇതുവരെ 116 പദ്ധതികള്‍ക്കാണ് പുരസ്കാരം ലഭിച്ചത്. 9000ലധികം കെട്ടിട പദ്ധതികള്‍ ഇക്കാലയളവില്‍ രേഖപ്പെടുത്തുകയും ചെയ്തു. വിദഗ്ദ്ധ ജൂറി മ്യൂസിയംസന്ദര്ശിച്ച് വിലയിരുത്തിയശേഷമായിരിക്കും ഫലപ്രഖ്യാപനം. ഖത്തറിന്റെ ചരിത്രവും സംസ്കാരവും അനാവരണം ചെയ്യുന്നതാണ് മുശൈരിബ് ഡൗണ്ടൗണ് ദോഹയിലെ മ്യൂസിയങ്ങള്‍. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള നാലു കെട്ടിടങ്ങളാണ് മ്യൂസിയങ്ങളായി നവീകരിച്ചിരിക്കുന്നത്. ബിന്‍ ജെല്‍മൂദ് ഹൗസ്, കമ്പനി ഹൗസ്, മുഹമ്മദ് ബിന്‍ ജാസിം ഹൗസ്, റദ്വാനി ഹൗസ് എന്നിവയാണ് മ്യൂസിയങ്ങളാക്കി മാറ്റിയിരിക്കുന്നത്.
എണ്ണപ്പണത്തിനു മുമ്പുള്ള ഖത്തറിന്റെ സമ്പന്നമായ പൈതൃകം പ്രതിഫലിപ്പിക്കുന്നതാണ് ഈ മ്യൂസിയങ്ങള്‍. ബിന്‍ ജല്‍മൂദ് ഹൗസ് ലോകത്ത് നൂറ്റാണ്ടുകളോളം നിലനിന്ന അടിമവ്യാപാരത്തിന്റെ ചരിത്രമാണ് സന്ദര്‍ശകര്‍ക്കുമുന്നില്‍ അനാവരണം ചെയ്യുന്നത്. ഖത്തറിലെ ആദ്യപെട്രോളിയം കമ്പനിയുടെ ഓഫിസായിരുന്നു കമ്പനി ഹൗസ്. ഇവിടെ ഖത്തറിലെ എണ്ണവ്യവസായവുമായി ബന്ധപ്പെട്ട ചരിത്രമാണ് വെളിവാകുന്നത്. മൊഹമ്മദ് ബിന്‍ ജാസിം ഹൗസില്‍ ഇടുങ്ങിയ വഴികളോടുകൂടിയ പഴയ മുശൈരിബ് എങ്ങനെയാണ് വലിയൊരു നഗരചത്വരമായി മാറിയതെന്നാണ് വിശദീകരിക്കുന്നത്.
ആധുനിക ഖത്തറിന്റെ സ്ഥാപകനായ ശൈഖ് ജാസിമിന്റെ പുത്രനാണ് മുഹമ്മദ് ബിന്‍ ജാസിം ഹൗസ് സ്ഥാപിച്ചത്. 1920ല്‍ നിര്‍മിച്ച റദ്വാനി ഹൗസില്‍ ഖത്തറിലെ കുടുംബജീവിതത്തില്‍ നൂറ്റാണ്ടുകളിലൂടെ വന്ന മാറ്റവും എണ്ണകണ്ടെത്തിയതും ആദ്യമായി വൈദ്യുതിയെത്തിയതും ചിത്രീകരിച്ചിരിക്കുന്നു. രാജ്യാന്തര വിദഗ്ധരുടെ സഹായത്തോടെ നാലുവീടുകളും പഴമയുടെ തനിമ ചോരാതെ സംരക്ഷിക്കാന്‍ 2011ലാണ് ഖത്തര്‍ ഫൗണ്ടേഷന് തീരുമാനമെടുത്തത്. ഉരുളന്‍ മരക്കമ്പുകള്‍ പാകി കോണ്‍ക്രീറ്റ് തോല്‍ക്കുന്ന രീതിയില്‍ മേല്‍ക്കൂരവാര്‍ക്കുന്ന അതേ
നിര്‍മാണവിദ്യയിലാണ് ഈ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെയും രൂപകല്‍പ്പന, എന്‍ജിനിയറിങ് പഠനങ്ങളുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളുടെയും പങ്കാളിത്തത്താല്‍ ഭൂതകാലത്തിനിന്നുള്ള ആശയങ്ങളെ ഇന്നത്തെ കാലത്തെ സങ്കേതങ്ങള്‍ക്കും ചിന്തകള്‍ക്കുമൊപ്പം കൂട്ടിയിണക്കി പുതിയ ഖത്തരി വാസ്തുകലാഭാഷ രൂപപ്പെടുത്തുകയാണ് മുശൈരിബ് മ്യൂസിയത്തില്‍ ചെയ്തത്.