in

അജ്‌യാല്‍ ഫിലിം ഫെസ്റ്റിവല്‍ നവംബറില്‍: ജൂറിയിലേക്ക് അപേക്ഷ ക്ഷണിച്ചു

എട്ട് മുതല്‍ 21 വരെ പ്രായമുള്ള കുട്ടികള്‍ക്ക് അവസരം

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഏഴാമത് അജ്‌യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗങ്ങളാകാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

എട്ടു മുതല്‍ 21വയസുവരെയുള്ള കുട്ടികള്‍ക്കാണ് ജൂറിയില്‍ പങ്കെടുക്കാന്‍ അവസരം. ഖത്തറിനു പുറമെ മറ്റു ലോകരാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും രജിസ്‌ട്രേഷനില്‍ പങ്കെടുക്കാം.നവംബര്‍ 17 മുതല്‍ 23വരെ കത്താറ കള്‍ച്ചറല്‍ വില്ലേജിലാണ് ഫിലിം ഫെസ്റ്റിവല്‍. മുന്‍വര്‍ഷങ്ങളിലെ ഫെസ്റ്റിവലുകളില്‍ ജൂറിയംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ഇത്തവണയും ഫെസ്റ്റിവലില്‍ പങ്കാളികളാകാം.

മൂന്നു വിഭാഗങ്ങളിലായാണ് ജൂറി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. മൊഹഖ്, ഹിലാല്‍, ബാദര്‍ ജൂറികളിലേക്ക് കുട്ടികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഈ വര്‍ഷം മുതല്‍ ഡിഎഫ്‌ഐ 50 റിയാലിന്റെ രജിസ്‌ട്രേഷന്‍ ഫീസ് നിശ്ചയിച്ചിട്ടുണ്ട്.

അന്തിമ ജൂറി തെരഞ്ഞെടുപ്പില്‍ അഡ്മിനിസ്‌ട്രേഷന്‍ ഫീസായി 450 റിയാലും ഈടാക്കും. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനായി പ്രത്യേക ലിങ്കുണ്ട്. കഴിഞ്ഞ വര്‍ഷം 54 രാജ്യങ്ങളില്‍ നിന്നായി 550ലധികം കുട്ടി ജൂറികളെയാണ് തെരഞ്ഞെടുത്തത്. സിനിമയോട് താല്‍പര്യവും അഭിനിവേശവുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ അവസരം ഫലപ്രദമായി വിനിയോഗിക്കാം.

സിനിമകള്‍ കാണുന്നതിനും വിലയിരുത്തുന്നതിനും മാര്‍ക്കിടുന്നതിനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. മത്സരവിഭാഗത്തിലെ മികച്ച സിനിമകളെ തെരഞ്ഞെടുക്കുന്നതും ഈ ജൂറിയായിരിക്കും. ഫെസ്റ്റിവലില്‍ അതിഥികളായെത്തുന്ന സംവിധായകര്‍, ചലച്ചിത്രപ്രതിഭകള്‍, താരങ്ങള്‍ എന്നിവരെ കാണാനും ആശയവിനിമയം നടത്തുന്നതിനും ജൂറി അംഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും.

അജ്‌യാല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഹൃദയമെന്നത് ഇതില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അടങ്ങ്ിയ ജൂറിയാണെന്നും അവരെ ഒരിക്കല്‍ക്കൂടി ഇവിടേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒഫാത്തിമ അല്‍ റുമൈഹി പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ സിനിമകള്‍ അടുത്തറിയാനും ആസ്വദിക്കാനുമുള്ള അവസരമാണ് ജൂറി അംഗങ്ങളാകുന്നതിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്നത്. മുന്‍ എഡീഷനുകളില്‍ അജ്‌യാല്‍ ജൂറിയില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളും അംഗങ്ങളായിരുന്നു. എട്ടു മുതല്‍ പന്ത്രണ്ടുവയസുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് മൊഹഖ് വിഭാഗത്തിലെ സിനിമകള്‍ കാണാന്‍ അവസരമുള്ളത്. ഈ വിഭാഗത്തില്‍ ഹ്രസ്വചിത്രങ്ങളും നാലു ഫീച്ചര്‍ സിനിമകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പതിമൂന്ന് മുതല്‍ പതിനേഴ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഹിലാല്‍ ജൂറിയില്‍ അവസരം. ഹ്രസ്വചിത്രങ്ങള്‍ കാണുന്നതിനും വിലയിരുത്തുന്നതിനും അവസരം ലഭിക്കുന്നതിനൊപ്പം അഞ്ചു ഫീച്ചര്‍ ഫിലിമുകള്‍ കാണാനും അവസരമുണ്ടാകും. 18 മുതല്‍ 21വരെ പ്രായമുള്ളവരാണ് ബാദര്‍ ജൂറിയിലുണ്ടാകുക.

അഞ്ചു ഫീച്ചര്‍ സിനിമകളും ഹ്രസ്വചിത്രങ്ങളടങ്ങിയ രണ്ടു പ്രോഗ്രാമുകളും കാണാനും വിലയിരുത്താനും ഇവര്‍ക്ക് അവസരം ലഭിക്കും. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അജ്‌യാല്‍ ജൂറികളില്‍ അംഗങ്ങളാകുന്നവര്‍ക്ക് രാജ്യാന്തരതലങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ പങ്കെടുക്കാനും അവസരം ലഭിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കാലാവസ്ഥാ വ്യതിയാനം: പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് ഖത്തറിലെ യുവ സമൂഹം

ആഗോളകായിക മേഖലയില്‍ ദോഹക്ക് സുപ്രധാന സ്ഥാനം: ശൈഖ് ജുആന്‍