
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്റെ അഞ്ചാമത് അറബിക് നോവല്‍ സാഹിത്യോത്സവത്തിന് തുടക്കമായി. മികച്ച അറബിക് നോവലിനായുള്ള കത്താറ അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കും. കത്താറ വിവരണ മാഗസിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും അഞ്ചാം എഡീഷനോടനുബന്ധിച്ച തുടക്കമിട്ടിട്ടുണ്ട്. മുന്‍ ഖത്തര്‍ വിദ്യാഭ്യാസമന്ത്രിയും ഭാഷാശാസ്ത്ര വിദഗ്ദ്ധനുമായ ഡോ.മുഹമ്മദ് അബദല്‍ റഹീം കഫൗദിന് അല്‍ദാദ് ഷീല്‍ഡ് സമ്മാനിച്ചു. കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തിയാണ് ഷീല്‍ഡ് സമ്മാനിച്ചത്.
ഗവേഷണം, പഠനങ്ങള്‍, പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ എന്നിവയിലൂടെ അറബി ഭാഷയുടെ സേവനത്തില്‍ മികച്ച സംഭാവന നല്‍കിയവരെ ആദരിക്കുകയാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യം. ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ സാഹിത്യ നിരൂപണ വിദഗ്ദ്ധ പ്രൊഫ. ഡോ.മറിയം അല്‍നുഐമിയായിരുന്നു കഴിഞ്ഞവര്‍ഷത്തെ ജേതാവ്. ഖത്തറില്‍ അറബി ഭാഷയുടെ പുരോഗതിക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് ഡോ.കഫൗദ്.

പ്രാദേശിക മേഖലാ തലത്തിലുള്ള നിരവധി സാംസ്‌കാരിക സമിതികളിലും പ്രവര്‍ത്തനങ്ങളിലും അദ്ദേഹം അംഗമാണ്. കുവൈത്തിലെ അല്‍-ബാബ്‌തൈന്‍ ഫൗണ്ടേഷന്‍, ലെബനനിലെ അറബ് തോട്ട് ഫൗണ്ടേഷന്റെ ഉപദേശക സമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റേതായി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യോല്‍സവത്തിന്റെ ഭാഗമായി ശില്‍പശാലകള്‍, സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.അന്തരിച്ച ടുണീഷ്യന്‍ എഴുത്തുകാരനും ബുദ്ധിജീവിയുമായ മുഹമ്മദ് മെസ്സാദിയെയാണ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. മെസ്സാദിയെക്കുറിച്ചുള്ള സെമിനാറും നടന്നു.
കുവൈത്തി- ഗള്‍ഫ് നോവലിസ്റ്റ് ഇസ്മാഈല്‍ ഫഹദ് ഇസ്മാഈലുമായി ബന്ധപ്പെട്ട സെമിനാര്‍, അദ്ദേഹത്തിന്റെ ജീവിതം രേഖപ്പെടുത്തുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം, സിമ്പോസിയം എന്നിവയാണ് പ്രധാന പരിപാടികള്‍. കഴിഞ്ഞവര്‍ഷം പുരസ്‌കാരം ലഭിച്ച പുസ്തകങ്ങളില്‍ എഴുത്തുകാര്‍ കയ്യൊപ്പ് ചാര്‍ത്തുന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. പുരസ്‌കാരം നേടിയ 31 പുസ്തകങ്ങളാണ് കയ്യൊപ്പിനായി വെച്ചിരിക്കുന്നത്.
ആഘോഷപരിപാടികളില്‍ എഴുത്തുകാര്‍, സാഹിത്യപ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ദ്ധര്‍, ജൂറി അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. പ്രവേശനം സൗജന്യമാണ്. അറബിക് നോവലുകളെയും കാല്‍പ്പനിക സൃഷ്ടികളെയും പ്രോത്സാഹിപ്പിക്കാനുതകുന്ന വിവിധ പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും. നാളെ സമാപിക്കും. നോവലുകളുമായി ബന്ധപ്പെട്ട പ്രത്യേക ലാബും സാഹിത്യോത്സവത്തോടനുബന്ധിച്ച് തുറന്നിട്ടുണ്ട്. അറബിക് നോവല്‍, നിരൂപണം എന്നീ മേഖലകളിലെ പ്രൊഫസര്‍മാരുടെയും സ്‌പെഷ്യലിസ്റ്റുകളുടെയും മേല്‍നോട്ടത്തില്‍ ഖത്തറിലെ നോവലിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് ലാബിലൂടെ ലക്ഷ്യമിടുന്നത്.