
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്റെ അഞ്ചാമത് അറബിക് നോവല്‍ സാഹിത്യോത്സവം ഒക്ടോബര്‍ 13(ഞായര്‍) മുതല്‍ 16വരെ നടക്കും. മികച്ച അറബിക് നോവലിനായുള്ള കത്താറ അവാര്‍ഡ് പ്രഖ്യാപിക്കും. നോവലുകളുമായി ബന്ധപ്പെട്ട പ്രത്യേക ലാബും സാഹിത്യോത്സവത്തോടനുബന്ധിച്ച് തുറക്കുമെന്ന് കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അറബിക് നോവല്‍, നിരൂപണം എന്നീ മേഖലകളിലെ പ്രൊഫസര്‍മാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും മേല്‍നോട്ടത്തില്‍ ഖത്തറിലെ നോവലിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് ലാബിലൂടെ ലക്ഷ്യമിടുന്നത്.
കത്താറ വിവരണ മാഗസിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും അഞ്ചാം എഡീഷനോടനുബന്ധിച്ച തുടക്കമിടും. അന്തരിച്ച ടുണീഷ്യന്‍ എഴുത്തുകാരനും ബുദ്ധിജീവിയുമായ മുഹമ്മദ് മെസ്സാദിയെയാണ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. മെസ്സാദിയെ തെരഞ്ഞെടുത്തതിന് കത്താറയോടുള്ള നന്ദിയും പ്രശംസയും ദോഹയിലെ ടുണീഷ്യന്‍ എംബസ്സി ചാര്‍ജ് ഡി അഫയേഴ്സ് ഹസന് ബിന്‍ റമദാന് അറിയിച്ചു. മുന്‍ ഖത്തര്‍ വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് അബദല്‍ റഹീം കഫൗദിന് അല്ദാദ് ഷീല്‍ഡും സമ്മാനിക്കും. ഖത്തറില്‍ അറബിക് ഭാഷയുടെ പുരോഗതിക്കു നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അംഗീകാരം. സാഹിത്യോല്‍സവത്തിന്റെ ഭാഗമായി ശില്പശാലകള്, സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ സംഘടിപ്പിക്കും.
മെസ്സാദിയെക്കുറിച്ചുള്ള സെമിനാര്‍, കുവൈത്തി- ഗള്‍ഫ് നോവലിസ്റ്റ് ഇസ്മാഈല്‍ ഫഹദ് ഇസ്മാഈലുമായി ബന്ധപ്പെട്ട സെമിനാര്‍, അദ്ദേഹത്തിന്റെ ജീവിതം രേഖപ്പെടുത്തുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം, സിമ്പോസിയം എന്നിവ നടക്കും. ആഘോഷപരിപാടികളില്‍ എഴുത്തുകാര്‍, സാഹിത്യപ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ദ്ധര്‍, ജൂറി അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. അറബിക് നോവലുകളെയും കാല്‍പ്പനിക സൃഷ്ടികളെയും പ്രോത്സാഹിപ്പിക്കാനുതകുന്ന വിവിധ പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും.
നോവല്‍ പുരസ്കാരത്തിനായി 1850 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 30ശതമാനം വര്‍ധന. പുരസ്കാരത്തിനായി തെരഞ്ഞെടുക്കുന്ന നോവലിന്റെ പരിഭാഷകളും നോവല്‍ സിനിമയോ നാടകമോ ആക്കുന്നതിനുള്ള ചെലവും അവാര്‍ഡില്‍ ഉള്‍പ്പെടും. പുരസ്കാരത്തിനായി ലഭിച്ച സൃഷ്ടികള്‍ സുതാര്യവും സത്യസന്ധവുമായി വിലയിരുത്തി തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയശേഷമാണ് പുരസ്കാരപ്രഖ്യാപനം. പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ നോവലുകള്‍, ഗവേഷണപഠനങ്ങള്‍ എന്നിവയുള്‍പ്പടെ അറബ് ലോകത്തെ മിക്ക രാജ്യങ്ങളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിരുന്നു. വിവിധ വിഭാഗങ്ങളിലെ വിജയികളെ ഒക്ടോബര്‍ പതിനഞ്ചിന് പ്രഖ്യാപിക്കും.
പ്രസിദ്ധീകരിക്കപ്പെട്ടവയില്‍ ഏറ്റവും മികച്ച അഞ്ചു സൃഷ്ടികള്‍ക്ക് 60,000 ഡോളര്‍ വീതം ആകെ മൂന്നുലക്ഷം ഡോളറാണ് സമ്മാനത്തുക. പ്രസിദ്ധീകരിക്കപ്പെടാത്ത സൃഷ്ടികളില്‍ ഏറ്റവും മികച്ച അഞ്ചെണ്ണത്തിനും 30,000 ഡോളര്‍ വീതം ഒന്നരലക്ഷം ഡോളറാണ് സമ്മാനത്തുക. സാഹിത്യനിരൂപണം, ഗവേഷണം, വിലയിരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരിക്കപ്പെടാത്ത മികച്ച അഞ്ചു ഗവേഷണ പഠനങ്ങള്‍ക്ക് 15,000 ഡോളര്‍ വീതം 75,000 ഡോളറാണ് സമ്മാനത്തുക. പ്രസിദ്ധീകരിക്കപ്പെടാത്ത മികച്ച അഞ്ച് യുവ നോവലുകള്‍ക്ക്(യങ് അഡള്‍ട്ട് നോവല്‍) 10,000 ഡോളര്‍ വീതം സമ്മാനമായി നല്കി.
ആകെ 50000 ഡോളറാണ് സമ്മാനത്തുക. അഞ്ചാം വിഭാഗമായ പ്രസിദ്ധീകരിക്കപ്പെട്ട ഖത്തരി നോവലിന് 60,000 ഡോളറിന്റെ പുരസ്കാരം നല്‍കും. 2015ലാണ് അറബിക് നോവലുകള്ക്കായുള്ള കത്താറയുടെ പുരസ്കാരം ആദ്യമായി ഏര്‍പ്പെടുത്തിയത്. സാഹിത്യമേഖലയ്ക്ക് കത്താറ നല്കുന്ന പിന്തുണയുടെ തുടര്‍ച്ചയാണ് അഞ്ചാം പതിപ്പ്.