
ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ കാര്‍ഷിക വിഭാഗം അഞ്ച് ശൈത്യകാല പച്ചക്കറി ചന്തകള്‍ തുറന്നു. അല്‍ ശഹാനിയ, അല്‍ മസ്‌റൂഹ, അല്‍ വക്‌റ, അല്‍ ഖോര്‍ അല്‍ ദക്കീറ, അല്‍ ശമാല്‍ എന്നിവിടങ്ങളിലാണ് പച്ചക്കറി ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നു വരെയാണ് ചന്തകളില്‍ വില്‍പ്പനയുണ്ടാവുക.
കക്കിരി, മരോപ്പഴം, വഴുതന, മത്തങ്ങ, കറിവേപ്പില, ചീര, മല്ലിയില തുടങ്ങിയവയെല്ലാം ശൈത്യകാല പച്ചക്കറി ചന്തകളില്‍ ലഭ്യമാണ്.
ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ തോട്ടങ്ങളില്‍ നിന്നും ചന്തയിലേക്ക് നേരിട്ടെത്തിക്കുന്നതാണ് പച്ചക്കറികള്‍. ഇടനിലക്കാരില്ലാത്തതിനാല്‍ വിലയില്‍ വലിയ വ്യത്യാസം അനുഭവപ്പെടും. ഏഴ് കിലോഗ്രാമോളമുള്ള ഒരു പെട്ടി കക്കിരിക്ക് അല്‍ മസ്‌റൂഹ ശൈത്യകാല ചന്തയില്‍ 20 റിയാലാണ് ഈടാക്കിയതെന്ന് വില്‍പ്പനക്കാരനായ മുഹമ്മദ് ഇഖ്ബാല്‍ പറുന്നു. ആറു കിലോഗ്രാമുള്ള ഒരു പെട്ടി വഴുതനയ്ക്ക് 10 റിയാലും ഏഴ് കിലോഗ്രാം പെട്ടി മരോപ്പഴത്തിന് 22 റിയാലിനുമാണ് വിലയെന്നും അദ്ദേഹം പറയുന്നു. ഏഴ് കെട്ടുകളുള്ള ഒരു പെട്ടി ചീരയ്ക്ക് ഏഴ് റിയാലിനാണ് വില്‍പ്പന നടത്തിയത്. ഒരു കെട്ട് ചീരയ്ക്ക് ഒരു റിയാല്‍ മാത്രമാണ് വില ഈടാക്കിയതെന്നും ഇഖ്ബാല്‍ പറയുന്നു.
ഈ സീസണിലെ വി്‌ളവെടുപ്പ് കഴിഞ്ഞ മാസം അവസാനത്തോടെയാണ് തന്റെ ഫാമില്‍ ആരംഭിച്ചതെന്ന് ഇഖ്ബാല്‍ പറയുന്നു. ശൈത്യകാല പച്ചക്കറി ചന്തകളില്‍ 135 പ്രാദേശിക ഫാമുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഈ വര്‍ഷം 15 ഫാമുകളാണ് കൂടുതല്‍ പങ്കെടുക്കുന്നതെന്ന് മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അല്‍ഖോര്‍ അല്‍ ദഖീറയിലാണ് ഏറ്റവും കൂടുതല്‍ ഫാമുകള്‍ പങ്കെടുക്കുന്നത്. അല്‍ഖോറിലെ ശൈത്യകാല ചന്തയില്‍ 39 ഫാമുകളാണ് തങ്ങളുടെ ഉത്പന്നങ്ങളുമായി പങ്കെടുക്കുന്നത്. അല്‍ മസ്‌റൂഹയില്‍ 34 ഫാമുകള്‍ക്കാണ് പങ്കാളിത്തമുള്ളത്. അല്‍വഖ്‌റയില്‍ 27, അല്‍ ശിഹാനിയയില്‍ 20, അല്‍ ശമാലില്‍ 15 എന്നിങ്ങനെയാണ് ഫാമുകളുടെ പങ്കാളിത്തം.
തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ഒരുക്കുന്ന ശൈത്യകാല ചന്തയില്‍ ഫാം ഉടമകള്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചുവെന്നതാണ് പങ്കാളിത്തത്തിലെ വര്‍ധനവ് കാണിക്കുന്നത്. തങ്ങള്‍ക്കാവശ്യമുള്ള ഉത്പന്നങ്ങള്‍ വിലക്കുറവില്‍ ലഭ്യമാകുമെന്നതും ശൈത്യകാല പച്ചക്കറി ചന്തകളുടെ നേട്ടമാണ്.
രാജ്യത്ത് ആകെ വില്‍ക്കുന്ന പച്ചക്കറികളില്‍ 11 ശതമാനമാണ് ശൈത്യകാല പച്ചക്കറി ചന്തകളിലൂടെ ഉപഭോക്താക്കളിലെത്തുന്നത്.