
ദോഹ: അടപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കോര്‍ണീഷില്‍ ആറുമാസത്തേക്ക് ഭാഗിക ഗതാഗതനിയന്ത്രണമേര്‍പ്പെടുത്തുന്നു. കാല്‍നടയാത്രികര്‍ക്ക് സുരക്ഷിതമായി റോഡുമുറിച്ചുകടക്കുന്നതിനുള്ള ക്രോസിങുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കാല്‍നടയാത്രികര്‍ക്കായുള്ള അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായാണ് കോര്‍ണീഷില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു.
കോര്‍ണീഷ് സ്ട്രീറ്റിലെ അല്‍ഷെറാട്ടണ്‍ ഇന്റര്‍സെക്ഷനും നാഷണല്‍ തീയെറ്റര്‍ ഇന്റര്‍സെക്ഷനുമിടയിലായി സമാന്തരപാതകളിലേക്ക് ഗതാഗതം മാറ്റിവിടും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫികുമായി സഹകരിച്ചാണ് ഭാഗിക ഗതാഗതനിയന്ത്രണം. ഒക്ടോബര്‍ പതിനെട്ടു മുതല്‍ ആറുമാസത്തേക്കായിരിക്കും നിയന്ത്രണം.
ഈ കാലയളവില്‍ ദോഹയില്‍ നിന്ന് കോര്‍ണീഷ് സ്ട്രീറ്റ് മുഖേന അല്‍ദഫ്‌നയിലേക്കും ദഫ്‌നയില്‍നിന്ന് ദോഹയിലേക്കുമുള്ള വാഹനങ്ങളുടെ നാഷണല്‍ ലൈബ്രറിക്കും ഷെറാട്ടണ്‍ ഇന്റര്‍സെക്ഷനുമിടയിലെ ഗതാഗതം സമാന്തര പാതകളിലേക്ക് മാറ്റും. അശ്ഗാല്‍ റോഡ് അടയാളങ്ങളും സൂചകങ്ങളും സ്ഥാപിക്കും. താല്‍ക്കാലിക ഗതാഗതമാറ്റം സംബന്ധിച്ച അറിയിപ്പുകളുമുണ്ടാകും. വാഹന ഉപയോക്താക്കള്‍ വേഗപരിധിയും റോഡ് അടയാളങ്ങള്‍ പാലിച്ചും വാഹനം ഓടിക്കണമെന്ന് അശ്ഗാല്‍ നിര്‍ദേശിച്ചു.