
ദോഹ: അടുത്ത അധ്യയന വര്‍ഷം മുതല്‍ സെക്കന്‍ഡറി ലെവല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നാടക കലകള്‍ക്കായി പ്രത്യേക പാഠ്യപദ്ധതി ആരംഭിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം സാലിഹ് അല്‍നുഐമി. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂള്‍ നാടകത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും യുവാക്കള്‍ക്കിടയില്‍ ധാര്‍മ്മികവും ദേശീയവുമായ മൂല്യങ്ങള്‍ വളര്‍ത്തുന്നതിലും നാടകങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. നാടകത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ പഠന വിഭാഗമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സൂഖ് വഖിഫിലെ അബ്ദുല്‍ അസീസ് നാസര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് സ്‌കൂള്‍ നാടകമേളയോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള ടീമുകള്‍ക്കാണ് ഇതില്‍ നാടകം അവതരിപ്പിക്കാന്‍ അവസരമൊരുക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ മേളയില്‍ പങ്കെടുക്കാന്‍ സ്വകാര്യ സ്‌കൂളുകളെയും ക്ഷണിക്കുമെന്ന് അല്‍നുഐമി പറഞ്ഞു.ദേശീയത, അവബോധം, പൈതൃകം, ധാര്‍മ്മികത എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മേളയില്‍ നാടകങ്ങള്‍ അവതരിപ്പിക്കുന്നത്. സ്‌കൂളുകളുടെ നാടകങ്ങള്‍ എല്ലാം വളരെ മികച്ചതാണ്. നാടക സംഘങ്ങളെ രൂപീകരിക്കുന്നതിലും പിന്തുണക്കുന്നതിലും സ്‌കൂളുകളും വലിയ താല്‍പര്യം കാണിക്കുന്നുണ്ട്. നാടകം വിനോദവും ആവേശവും നല്‍കുന്ന ഒന്നാണ്. ഭാഷാപരമായ കഴിവുകള്‍ വര്‍ധിപ്പിക്കുക, കലാകാരന്മാരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസപരവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ പ്രകടിപ്പിക്കുന്നതിനും സൃഷ്ടിക്കുന്നതിനുമുള്ള കഴിവ് വികസിപ്പിക്കുക തുടങ്ങിയവക്ക് നാടകം സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.