
ദോഹ:ബഹ്റൈനിലെ മനാമയില്‍ നടക്കുന്ന ജിസിസി അണ്ടര്‍-18 ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ യുഎഇക്കെതിരെ ഖത്തറിന് വിജയം. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ 63-50 എന്ന സ്കോറിനായിരുന്നു ഖത്തര്‍ ജയിച്ചത്. ഈ ജയത്തോടെ അഞ്ചു പോയിന്റുമായി ഖത്തര്‍ നാലാംസ്ഥാനത്തായി.
ഇന്നുവരെ തുടരുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന്റെ യൂത്ത് ബാസ്ക്കറ്റ്ബോള്‍ ടീമാണ് മത്സരിച്ചത്. ആ്ദ്യ മത്സരങ്ങളില്‍ സഊദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത് ടീമുകളോടു ഖത്തര്‍ തോറ്റിരുന്നു. ഏഷ്യന്‍ യൂത്ത് കപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റു കൂടിയാണിത്. യുഎഇക്കെതിരായ മത്സരത്തില്‍ നാലു പാദങ്ങളിലുമായി 13-13, 11-9, 6-17, 20-24 എന്ന നിലയിലായിരുന്നു സ്കോര്‍.
ടൂര്‍ണമെന്റില്‍ ആദ്യവിജയം കൈവരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ ടീം പരിശീലകന് സഈദ് മുബാറക്ക് പറഞ്ഞു. സഊദി, കുവൈത്ത് ടീമുകള്‍ക്കെതിരെ ഖത്തര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും നിര്‍ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് ഖത്തര്‍ പരാജയം രുചിച്ചത്.
യുഎഇക്കെതിരായ മത്സരത്തില്‍ യൂസുഫ് റുദ് വാന്റെ മികച്ച പ്രകടനവും വിജയത്തില്‍ നിര്‍ണായകമായി. 30 പോയിന്റുകളാണ് യൂസുഫ് സ്കോര്‍ ചെയ്തത്. ടൂര്‍ണമെന്റില്‍ എട്ടു പോയിന്റകളുമായി ഒമാനാണ് ഒന്നാമത്. കുവൈത്തിനും സഊദി അറേബ്യക്കും ഏഴു പോയിന്റുകള്‍ വീതമുണ്ട്.
ഒമാനും ഖത്തറിനും അഞ്ചുപോയിന്റുകള് വീതം. യുഎഇക്ക് നാലു പോയിന്റ്. ഖത്തര്‍ ടീം- ബാസല്‍ ഹാനി നൗരി, മുഹമ്മദ് ദാര്‍വിഷ്, ആദം അല്‍അബ്ദുല്ല, മുഹമ്മദ് അബ്ഷര്‍, അഹമ്മദ് ഖാലിദ് അല്ദോഹ്, അഹമ്മദ് മുഹമ്മദ് അബ്ദോ, മുഹമ്മദ് അഹമ്മദ്, അബ്ദുല്റഹ്മാന് അല്നൗബി, മുബാറക്ക് റാഷിദ്, അഹമ്മദ് സഈദ്, ഇസ്സ മാഹെര്‍, ഉമര്‍ സഈദ് അല്‍സയാനി.