
അശ്‌റഫ് തൂണേരി
ദോഹ
അതിജീവന പോരാട്ടങ്ങളുടെ അറബ് ലോക സിനിമകളും സാംസ്‌ക്കാരിക വൈവിധ്യത്തിന്റെ ഇന്ത്യന്‍ ചലച്ചിത്രങ്ങളുംകൊണ്ട് ശ്രദ്ധേയമായ ഏഴാമത് അജ്‌യാല്‍ യുവ ചലച്ചിത്ര മേളക്ക് തുടക്കമായി. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ മയാസ ബിന്‍ത് ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു.
ഫാത്തിമ ഹസ്സന്‍ അല്‍ റുമൈഹി, പ്രമുഖ ഫലസ്തീനി സംവിധായകന്‍ ഏലിയാ സുലൈമാന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഏലിയാ സുലൈമാന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച് സംവിധാനം നിര്‍വഹിച്ച ഇറ്റ് മസ്റ്റ് ബി ഹെവന്‍ എന്ന സിനിമയായിരുന്നു ഉദ്ഘാടന ചിത്രം. പാരീസ്, ന്യൂയോര്‍ക്ക് തുടങ്ങിയ ലോക നഗരികളിലൂടെ തന്റെ സ്വത്വം അന്വേഷിച്ച് അലഞ്ഞുതിരിയുന്ന ഫലസ്തീനി കേന്ദ്ര കഥാപാത്രത്തെയാണ് ഏലിയാ സുലൈമാന്‍ ആവിഷ്‌ക്കരിച്ചത്. അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തെ കറുത്ത ഹാസ്യത്തിലൂടെ ആവിഷ്‌ക്കരിക്കുന്ന സിനിമ മതപൗരോഹിത്യത്തെ പോലും വിമര്‍ശന വിധേയമാക്കിയാണ് സിനിമ മുന്നോട്ടു പോകുന്നത്.
നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌ക്കാരത്തിന് അര്‍ഹമായ സിനിമയാണ് ഇറ്റ് മസ്റ്റ് ബി ഹെവന്‍.
ഇന്ന് മെയ്ഡ് ഇന്‍ ഖത്തര്‍ സിനിമകളുടെ പ്രദര്‍ശനവും റെഡ് കാര്‍പെറ്റും അരങ്ങേറും. ഇന്ത്യക്കാരിയായ ഗീതാഞ്ജലി റാവു സംവിധാനം നിര്‍വഹിച്ച ബോംബെ റോസ് എന്ന ചലച്ചിത്രം ഇന്ന് രാത്രി എട്ടരയ്ക്ക് പേള്‍ ഖത്തറിലെ വോക്‌സ് സിനിമാസില്‍ പ്രദര്‍ശിപ്പിക്കും.