
ദോഹ: അതിവേഗം വളരുന്ന ആഗോള സമ്പദ്വ്യവസ്ഥകളില്‍ മുന്‍നിര സ്ഥാനവുമായി ഖത്തര്‍. ദീര്‍ഘകാല വൈവിധ്യവത്കരണത്തിലൂടെ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയിലേക്ക് ഖത്തര്‍ മുന്നേറുകയാണ്. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഖത്തറിന്റേതെന്നും അടുത്ത വര്‍ഷം സമ്പദ്വ്യവസ്ഥ അതിവേഗത്തില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍(ക്യുഎഫ്‌സി) ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ യൂസുഫ് മുഹമ്മദ് അല്‍ജെയ്ദ പറഞ്ഞു.
ഖത്തറിന്റെ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 2.8 ശതമാനവും 2020 ല്‍ മൂന്ന് ശതമാനവുമായി വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മത്സരാധിഷ്ഠിതമായ രണ്ടാമത്തെ സമ്പദ്വ്യവസ്ഥ ഖത്തറിന്റേതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഹോട്ടല്‍ ഇന്റര്‍കോണ്ടിനെന്റല്‍ ദോഹ സിറ്റിയില്‍ കഴിഞ്ഞദിവസം തുടങ്ങിയ ഖത്തര്‍ വ്യാപാര ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികളുടെ ഫലമായി രാജ്യം സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയാണ്. ദേശീയ ദര്‍ശനരേഖ 2030 സാമ്പത്തിക വൈവിധ്യത്തിനും സ്വകാര്യമേഖലയുടെ വികസനത്തിനും വലിയ പ്രാധാന്യം നല്‍കുന്നതിനാല്‍ ഖത്തര്‍ സമീപ വര്‍ഷങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്, ഇത് രാജ്യത്തിന്റെ പ്രശസ്തിയെ ഒരു വലിയ ലക്ഷ്യസ്ഥാനമായി രൂപപ്പെടുത്തുകയും വിശാലമായ മേന മേഖലയിലേക്കുള്ള കവാടമാക്കി മാറ്റുകയും ചെയ്യുന്നു.
2019ല്‍ നിക്ഷേപസുരക്ഷയുടെ കാര്യത്തില്‍ ഖത്തര്‍ അറബ് മേഖലയില്‍ ഒന്നാംസ്ഥാനത്തും ആഗോളതലത്തില്‍ ഏഴാം സ്ഥാനത്തുമാണ്. ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ മികവും വീണ്ടെടുക്കലും നിരവധി ആഗോള ഏജന്‍സികള്‍ അംഗീകരിച്ചിട്ടുണ്ട്. ഭൗമരാഷ്ട്രീയ വെല്ലുവിളികളുടെ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതില്‍ ഖത്തര്‍ വിജയിച്ചിട്ടുണ്ടെന്ന് വിവിധ ഏജന്‍സികള്‍ വിലയിരുത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ ബില്യണ്‍ കണക്കിന് ഡോളറിന്റെ അടിസ്ഥാനസൗകര്യവികസന പദ്ധതികളാണ് ഖത്തറില്‍ പുരോഗമിക്കുന്നത്. ടൂറിസം, വിദ്യാഭ്യാസം, റിയല്‍എസ്‌റ്റേറ്റ് എന്നിവയുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തോടൊപ്പം വലിയ ഗതാഗത പദ്ധതികളും ഉള്‍പ്പെടുന്നതാണ് ഈ വികസനം. ആഗോള നിക്ഷേപകരുടെ പ്രധാന ലക്ഷ്യസ്ഥാനമായി ഖത്തര്‍ മാറിയിരിക്കുന്നു, ഇത് വിദേശ നിക്ഷേപം വര്‍ദ്ധിക്കുന്നതില്‍ നിന്ന് വ്യക്തമാണ്. ഖത്തറിലെ വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ), പോര്‍ട്ട്ഫോളിയോ നിക്ഷേപം എന്നിവയുള്‍പ്പെടെയുള്ള വിദേശ നിക്ഷേപം ഈ വര്‍ഷം ആദ്യ പാദം അവസാനത്തോടെ 722.6 ബില്യണ്‍ റിയാലായിരുന്നു. തൊട്ടുമുന്‍പാദത്തെ അപേക്ഷിച്ച് 7.9 ബില്യണ്‍ റിയാലിന്റെ വര്‍ധനവ്. 2022 ഓടെ രാജ്യത്ത് ധനകാര്യ, സാമ്പത്തികേതര മേഖലകളില്‍ ആയിരത്തിലധികം കമ്പനികളെ ആകര്‍ഷിക്കാനും പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ക്യുഎഫ്‌സി ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.