in ,

അധ്യയനവര്‍ഷം സ്‌കൂളുകളിലേക്കെത്തിയത് 3.15 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍

ഫീസ് വര്‍ധനക്ക് അപേക്ഷിച്ചത് 128 സ്‌കൂളുകള്‍; 29 സ്‌കൂളുകള്‍ക്ക് അനുമതി

വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അലി അല്‍ഹമ്മാദി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: പുതിയ അധ്യയനവര്‍ഷം നവാഗതര്‍ ഉള്‍പ്പടെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലേക്കെത്തിയത് 3.15ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍. ഈ വര്‍ഷം അനുവദിച്ചിരിക്കുന്ന സീറ്റുകള്‍ പൂര്‍ണമായും ഫില്ലാകുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണം 3.23ലക്ഷത്തിലധികമാകും. 34,218 അധ്യാപകരും സ്‌കൂളുകളിലേക്ക് മടങ്ങിയെത്തി.

വിദ്യാഭ്യാസമന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങളുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 208 സ്‌കൂളുകളിലായി 1,15,078 വിദ്യാര്‍ഥികളാണുള്ളത്. 68 കെജി സ്‌കൂളുകളിലായി 8,173 വിദ്യാര്‍ഥികളാണുള്ളത്. അഞ്ചു പുതിയ സ്‌കൂളുകളിലായി 3168 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. പ്രത്യേക ആവശ്യം അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി രണ്ടു പുതിയ സ്‌കൂളുകളും പ്രവര്‍ത്തനം തുടങ്ങി.

സര്‍ക്കാര്‍ മേഖലയില്‍ 14,218 അധ്യാപകരാണുള്ളത്. സ്വകാര്യസ്‌കൂളുകളില്‍നിന്നും 3622 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറിയിട്ടുണ്ട്. പബ്ലിക് സ്‌കൂളുകളിലെ കെജിയില്‍ 3293 വിദ്യാര്‍ഥികളും ഒന്നാം ഗ്രേഡില്‍ 1688 വിദ്യാര്‍ഥികളും പ്രവേശനം നേടി. സ്വകാര്യമേഖലയില്‍ 310 സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളുമുണ്ട്. ഈ സ്‌കൂളുകളിലും കെജിയിലുമായി രണ്ടുലക്ഷം വിദ്യാര്‍ഥികളാണുള്ളത്.

25 പുതിയ സ്‌കൂളുകളിലും കെജിയിലുമായി 15,000 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 9,000 വിദ്യാര്‍ഥികള്‍ ഇതിനോടകം പ്രവേശനം നേടിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇത്രയധികം പുതിയ കെജികള്‍ക്കും സ്‌കൂളുകള്‍ക്കും അനുമതി നല്‍കിയത്. 99 സ്‌കൂളുകളിലെ 20,526 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ വൗച്ചര്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.

കൂടുതല്‍ സ്വകാര്യസ്‌കൂളുകളെ ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. സ്വകാര്യമേഖലയില്‍ 20,000 അധ്യാപകരും ഭരണനിര്‍വഹണ ജീവനക്കാരുമാണുള്ളത്. പുതിയ അധ്യയനവര്‍ഷം ഫീസ് വര്‍ധനക്കായി വിദ്യാഭ്യാസമന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയത് 128 സ്‌കൂളുകള്‍.

ഇതില്‍ 29 സ്‌കൂളുകളുടെ അപേക്ഷകള്‍ മന്ത്രാലയം അംഗീകരിച്ചു. ഈ സ്‌കൂളുകളില്‍ അഞ്ചു മുതല്‍ ഏഴു ശതമാനം വരെ ഫീസ് വര്‍ധനവിനാണ് അനുമതി. അധ്യായനവര്‍ഷത്തെ വരവേല്‍ക്കുന്നതിനായി വിദ്യാഭ്യാസമന്ത്രാലയം എല്ലാ തയാറെടുപ്പുകളും നേരത്തെതന്നെ പൂര്‍ത്തിയാക്കിയിരുന്നു.

ലോജിസ്റ്റിക് സേവനങ്ങള്‍ക്കു പുറമെ കരിക്കുലം വികസനം, അധ്യാപക പരിശീലനം, അധ്യയന ഗുണനിലവാവും വിലയിരുത്തല്‍ മികവും മെച്ചപ്പെടുത്തല്‍ എന്നിവക്കാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അലി അല്‍ഹമ്മാദി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ വിദ്യാഭ്യാസമേഖലക്ക് സര്‍ക്കാര്‍ നല്‍കുന്ന പരിധികളില്ലാത്ത പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. പുതിയ സ്‌കൂള്‍ വര്‍ഷത്തിന്റെ ലക്ഷ്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് മന്ത്രാലയം വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സ്‌കൂള്‍ ലീഡര്‍മാര്‍ എന്നിവര്‍ക്കെല്ലാം സന്ദേശം അയച്ചിരുന്നു.

വിദ്യാര്‍ഥികളുടെ മികവിനാണ് മന്ത്രാലയം പ്രാധാന്യം നല്‍കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി 2146 സ്‌കൂള്‍ ബസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 646 അധ്യാപകരെയും 57 ഖത്തരി ഭരണനിര്‍വഹണ ജീവനക്കാരെയും 91 തൊഴിലാളികളെയും ഈ വര്‍ഷം റിക്രൂട്ട് ചെയ്തിട്ടുണ്ട്.

മന്ത്രാലയം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അണ്ടര്‍ സെക്രട്ടറി ഡോ.ഇബ്രാഹിം ബിന്‍ സാലിഹ് അല്‍നുഐമി, വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫൗസിയ അബ്ദുല്‍അസീസ് അല്‍ഖാതിര്‍, മറ്റു അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ അഞ്ചു പുതിയ സര്‍ക്കാര്‍ സ്‌കൂളുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതില്‍ മൂന്നെണ്ണം പെണ്‍കുട്ടികള്‍ക്കായാണ്. അല്‍വഖ്‌റ, അല്‍അ’ബ എന്നിവിടങ്ങളില്‍ രണ്ടു സെക്കന്ററി സ്‌കൂളുകളും അല്‍മുര്‍റയില്‍ പ്രൈമറി സ്‌കൂളുകളുമാണ് പെണ്‍കുട്ടികള്‍ക്കായി തുറന്നത്. ആണ്‍കുട്ടികള്‍ക്കായി രണ്ടു പുതിയ എലിമെന്ററി സ്‌കൂളുകള്‍ ഓള്‍ഡ് എയര്‍പോര്‍ട്ടിലും മൈദറിലും തുറന്നു.

ഈ സ്‌കൂളുകളിലായി 3168 സീറ്റുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് സ്വകാര്യ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഉമര്‍ അല്‍നെഹ്മഹ് പറഞ്ഞു. ഉന്നത ഗുണനിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനാണ് മന്ത്രാലയം ഊന്നല്‍ നല്‍കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഫത്ഹുല്‍ഖൈര്‍ യാത്രക്ക് തിരാനയില്‍ ആവേശകരമായ സ്വീകരണം

ഇന്‍ഡിഗോ ദോഹ- ചെന്നൈ റൂട്ടില്‍ ഒരു സര്‍വീസ് കൂടി