in ,

അനധികൃത നഴ്‌സറികള്‍ക്കെതിരെ ശക്തമായ നടപടിയുമായി മന്ത്രാലയം

നിയമവിരുദ്ധ നഴ്‌സറികളുടെ പ്രവര്‍ത്തനം തടയും
മൂന്നൂ മാസം നീളുന്ന കാമ്പയിന്‍ ഡിസംബര്‍ ഒന്നുവരെ

അനധികൃത നഴ്‌സറികള്‍ക്കെതിരെ നടത്തുന്ന കാമ്പയിനെക്കുറിച്ച് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു

ദോഹ: രാജ്യത്ത് നിയമവിരുദ്ധമായും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന അനധികൃത നഴ്സറി സ്‌കൂളുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം. നിയമവിരുദ്ധ നഴ്‌സറികളുടെ പ്രവര്‍ത്തനം തടയും.

അനധികൃത നഴ്‌സറികള്‍ക്കെതിരായ മൂന്നു മാസം നീളുന്ന കാമ്പയിന് മന്ത്രാലയം കഴിഞ്ഞദിവസം തുടക്കംകുറിച്ചു. ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന നഴ്‌സറികള്‍ കൃത്യമായ മാനദണ്ഡങ്ങളോടെയും നിയമാനുസൃതമായുമാണോ പ്രവര്‍ത്തിക്കുന്നതെന്നും പരിശോധിക്കും.

ഇതിനായി സമഗ്രമായ പരിശോധനാ കാമ്പയിനും ബോധവത്കരണ പരിപാടികളും രാജ്യത്തുടനീളം സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്നുവരെയായിരിക്കും കാമ്പയിന്‍ കാലാവധി. നിങ്ങളുടെ കുട്ടികളെ നിങ്ങളുടെ പരിപാലനത്തിലേക്ക് ഏല്‍പ്പിച്ചു എന്ന പ്രമേയത്തിലാണ് കാമ്പയിന്‍.

അയാലക് അമാനഹ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ലൈസന്‍സില്ലാത്ത നഴ്‌സറികളുടെ പ്രവര്‍ത്തനം തടയുക, തെറ്റായ നഴ്‌സറികളില്‍ പഠനംനടത്തുന്നതിലൂടെ കുട്ടികളില്‍ ചെലുത്തപ്പെടുന്ന സ്വാധീനത്തെക്കുറിച്ച് ബന്ധപ്പെട്ടവരെ ബോധവത്കരിക്കുക, നഴ്‌സറികളെ നിയന്ത്രിക്കുന്നതിനുള്ള നിയമത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തിലെ കുടുംബകാര്യവകുപ്പ് ഡയറക്ടര്‍ നജത് ദഹാം അല്‍അബ്ദുല്ല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന നഴ്‌സറികളാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. വ്യക്തികളോ രക്ഷിതാക്കളോ നടത്തുന്ന അനധികൃത നഴ്‌സറികളെയും ലക്ഷ്യമിടുന്നു. ശരിയായ ലൈസന്‍സില്ലാതെ നഴ്‌സറികള്‍ സ്ഥാപിക്കുന്നതും പ്രവര്‍ത്തിക്കുന്നതും കനത്ത ശിക്ഷ, തടവ് എന്നീ ഇരട്ട ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.

നഴ്‌സറികള്‍ നിയമപരമായ ആവശ്യകതകള്‍ നിറവേറ്റുകയും ചട്ടങ്ങള്‍ പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് പരിശോധനയില്‍ ഉറപ്പാക്കും. കുട്ടികളെ പരിപാലിക്കാന്‍ ജീവനക്കാര്‍ക്ക് യോഗ്യതയുണ്ടോയെന്നും പരിശോധിക്കും. ജുഡീഷ്യല്‍ അധികാരങ്ങളോടെയുള്ള വനിതാ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന കാമ്പയിനുകളുണ്ടാകും.

എല്ലാ നഴ്‌സറി ജീവനക്കാരും വനിതകളായതിനാലാണ് ഇന്‍സ്‌പെക്ടര്‍മാരായി വനിതകളെ തെരഞ്ഞെടുത്തത്. കുട്ടികള്‍ക്ക് മികച്ച പരിചരണവും സംരക്ഷണവും ഉറപ്പാക്കാന്‍ പ്രാപ്തരായ വനിതകളായിരിക്കണം ജീവനക്കാര്‍. കുറ്റകൃത്യത്തിന്റെ ഗൗരവത്തിനനുസൃതമായിട്ടായിരിക്കും ശിക്ഷ.

അപൂര്‍ണമായ പേപ്പര്‍ ജോലികളും നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ നഴ്‌സറികള്‍ക്ക് നാലുദിവസം വരെ സമയം നല്‍കും. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചെറിയ നിയമലംഘനങ്ങള്‍ക്ക് രണ്ടുതവണ മുന്നറിയിപ്പും അതിനുശേഷം 1000 റിയാല്‍ പിഴ ഈാടാക്കും.

പിഴത്തുക നഴ്‌സറികളുടെ സെക്യൂരിറ്റി പണത്തില്‍നിന്നായിരിക്കും എടുക്കുക. കുട്ടികളെ ദോഷകരമായും സുരക്ഷയെതന്നെയും ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളില്‍ ബന്ധപ്പെട്ട നഴ്‌സറി മൂന്നു മാസം വരെ പൂട്ടും. സാഹചര്യം ശരിപ്പെടുത്തി നിയമലംഘനം നീക്കം ചെയ്യുന്നതുവരെ നടപടി തുടരും.

നഴ്സറി സ്‌കൂളുകളുടെ നിയന്ത്രണവും പ്രവര്‍ത്തനവും സംബന്ധിച്ച 2014 ലെ ഒന്നാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന നഴ്‌സറികള്‍ക്കെതിരായ ശിക്ഷാനടപടികളെക്കുറിച്ച് മന്ത്രാലയത്തിലെ മുതിര്‍ന്ന നിയമഗവേഷകനായ അലി സഈദ് മാല്‍ഹിയ വിശദീകരിച്ചു. രണ്ടു തരത്തിലുള്ള പിഴകളാണുള്ളത്. ഒന്ന് ഭരണപരവും രണ്ടാമത്തേത് ക്രിമിനല്‍ തലത്തിലും.

ഭരണനിര്‍വഹണതലത്തിലെ നിയമലംഘനങ്ങള്‍ക്കാണ് ആദ്യവിഭാഗത്തില്‍ പിഴ നിശ്ചയിച്ചിരിക്കുന്നത്. ലൈസന്‍സിനായി അപേക്ഷകന്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കാതിരുന്നാല്‍ ഈ വിഭാഗത്തില്‍ പിഴക്കും ശിക്ഷാനടപടികള്‍ക്കും വിധേയനാകേണ്ടിവരും.

നിയമത്തിലെ 20-ാം വകുപ്പില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകളുടെ ലംഘനങ്ങളാണ് ക്രിമിനല്‍ സ്വഭാവത്തിലുള്ള പിഴ ശിക്ഷയുടെ പരിധിയില്‍വരുന്നത്. ലൈസന്‍സിന്റെ ഉദ്ദേശത്തിന വിരുദ്ധമായ പ്രവര്‍ത്തനം, നഴ്‌സറിയല്ലാതെ മറ്റേതെങ്കിലും പ്രവര്‍ത്തനം നടത്തല്‍ എന്നിവയെല്ലാം ലംഘനങ്ങളുടെ പരിധിയില്‍വരും ഒരു ലക്ഷം റിയാല്‍ പിഴയും തടവും ഒന്നിച്ചോ അല്ലെങ്കില്‍ ഏതെങ്കിലുമൊന്നോ അനുഭവിക്കേണ്ടിവരും.

പബ്ലിക് റിലേഷന്‍സ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് റാഷിദ് അല്‍കുബൈസി, മന്ത്രാലയത്തിലെ സോഷ്യല്‍ പ്രോഗ്രാംസ് കോര്‍ഡിനേറ്റര്‍ ഇബ്രാഹിം അലിഅല്‍ഖാജ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


അനുമതിയില്ലാതെ നഴ്‌സറികള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് നിര്‍ദേശം

ദോഹ: വ്യക്തികളും സ്ഥാപനങ്ങളും അനുമതിയില്ലാതെ നഴ്സറി സ്‌കൂളുകള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. അംഗീകാരമില്ലാതെ നഴ്സറി സ്‌കൂളുകള്‍ നടത്തുന്നത് നിയമലംഘനമാണ്.

അനധികൃത നഴ്സറികളുടെ അപകടത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കും. അനധികൃത നഴ്സറി സ്‌കൂളുകള്‍ കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയാണ്. ഇത്തരം സ്‌കൂളുകളില്‍ കുട്ടികളെ ഏല്‍പ്പിക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ചും ബോധവല്‍കരണം നടത്തും.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന നഴ്സറികളില്‍ മാത്രമേ കുട്ടികളെ അയക്കാവൂ. സ്‌കൂള്‍ തുറന്നതോടെ വീടുകളിലും മറ്റും നഴ്സറി സ്‌കൂളുകള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കും.

നിയമലംഘകര്‍ കര്‍ശന നിയമ നടപടികളും നേരിടേണ്ടി വരും. നഴ്സറികള്‍ നിര്‍മിക്കുന്നതിനും അവയെ നിരീക്ഷിക്കുന്നതിനും ലൈസന്‍സ് നല്‍കുന്നതിനുമുള്ള ഏക അധികാരം ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയത്തിനാണ്.
നഴ്‌സറികള്‍ തുടങ്ങുന്നതിനു വേണ്ട കൃത്യമായ നിബന്ധനകളും മാനദണ്ഡങ്ങളും നഴ്സറി സ്‌കൂളുകളുടെ നിയന്ത്രണവും പ്രവര്‍ത്തനവും സംബന്ധിച്ച 2014 ലെ ഒന്നാം നമ്പര്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

നഴ്സറി തുടങ്ങുമ്പോള്‍ അപേക്ഷകന്‍ 10,000 റിയാലിന്റെ സാമ്പത്തിക ഇന്‍ഷുറന്‍സ് നല്‍കണം. കുടിശിഖകള്‍ ഇല്ലാത്ത പക്ഷം ലൈസന്‍സ് റദ്ദാക്കാന്‍ അപേക്ഷകന്‍ ആവശ്യപ്പെടുമ്പോള്‍ പണം തിരികെ ലഭിക്കും. 21 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ നഴ്സറിക്ക് അപേക്ഷിക്കാന്‍ അനുമതിയിലുള്ളു. നല്ല പെരുമാറ്റത്തിന് ഉടമയായിരിക്കണം അപേക്ഷകന്‍. യാതൊരുവിധ കേസുകളും അപകീര്‍ത്തിയും പാടില്ല.

നഴ്സറികളില്‍ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കിയിരിക്കണം. ആരോഗ്യം, സുരക്ഷ, മുന്‍കരുതല്‍, പാഠ്യപദ്ധതി, പഠന സാമഗ്രികള്‍, മാനേജ്മെന്റ്, നേതൃ വിഭാഗം, യോഗ്യതയുള്ള ജീവനക്കാര്‍, ട്യൂഷന്‍ ഫീസ് തുടങ്ങിയ കാര്യങ്ങളിലെല്ലാം പരിശോധിച്ച ശേഷമേ ലൈസന്‍സ് അനുവദിക്കൂ.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സഹായവുമായി ഖത്തറിന്റെ രണ്ടാം വിമാനവും സുഡാനില്‍

രാജ്യാന്തര വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനം ‘സുഹൈല്‍ 2019’ന് ഇന്ന് തുടക്കം