in

അനധികൃത വില്‍പ്പന: തെരുവു കച്ചവടക്കാര്‍ക്കെതിരെ നടപടി

ദോഹ: അനധികൃത തെരുവുകച്ചവടക്കാരെ പിടികൂടുന്നതിനും അത്തരം പ്രതിഭാസം തുടച്ചുനീക്കുന്നതിനും ശക്തമായ നടപടികളുമായി ദോഹ മുനിസിപ്പാലിറ്റി. അനധികൃത തെരുവ് കച്ചവടക്കാരുടെയും റോഡരികിലെ വിപണികളുടെ വ്യാപനം പ്രതിരോധിക്കുകയുമാണ് ലക്ഷ്യം. ആഭ്യന്തര മന്ത്രാലയത്തിന്റെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ദോഹ മുനിസിപ്പാലിറ്റി മുനിസിപ്പല്‍ കണ്‍ട്രോള്‍ ഡയറക്ടര്‍ സലിം ഹമ്മൂദ് അല്‍ഷാഫി പറഞ്ഞു.
പ്രാദേശിക അറബിപത്രം അല്‍റായയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനധികൃത തെരുവുവിപണികളെല്ലാം നീക്കം ചെയ്യുന്നതിനും ലൈസന്‍സില്ലാത്ത കച്ചവടക്കാരുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുന്നതിനും ദോഹ നഗരത്തില്‍ പ്രത്യേകിച്ചും രാജ്യത്തൊട്ടാകെ പൊതുവിലും നടപ്പാക്കുന്ന വലിയ പദ്ധതിയുടെ ഭാഗമാണിത്.
നിരവധി കമ്മിറ്റികള്‍, വര്‍ക്ക്ടീമുകള്‍, സംയുക്ത കാമ്പയിനുകള്‍ എന്നിവയിലൂടെയാണ് അഭികാമ്യമല്ലാത്ത ഇത്തരം പ്രതിഭാസങ്ങളെ ചെറുക്കുന്നത്. ഇത്തരം പ്രതിഭാസങ്ങള്‍ക്ക് സാധ്യതകളുള്ള മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും.

ഇന്‍ഡസ്ട്രിയല്‍ ഏരിയ, സൂഖ് അല്‍ഹരാജ്, ദോഹ ജദീദ്, ഓള്‍ഡ് അല്‍ഗാനിം എന്നിവിടങ്ങളിലെല്ലാം അനധികൃത വഴിവാണിഭം തുടച്ചുനീക്കാന്‍ നടപടികളെടുക്കും. പൊതുജനങ്ങള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള സഹകരണത്തിലൂടെ മാത്രമേ ഇത്തരം നടപടികളുടെ ഉന്മൂലനം യാഥാര്‍ഥ്യമാക്കാനാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദോഹയിലെ ചില റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ അനധികൃത വിഭജനത്തെക്കുറിച്ച് പ്രതികരിക്കവെ, ഈ പ്രതിഭാസം ഏകദേശം 85ശതമാനവും ഇല്ലാതാക്കാന്‍ മുനിസിപ്പാലിറ്റിക്ക് സാധിച്ചതായും ഇത്തരം നടപടിക്കെതിരെ സമര്‍പ്പിക്കപ്പെടുന്ന പരാതികളില്‍ ഏകദേശം 95ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


നിയമലംഘകര്‍ക്കെതിരെ പ്രസക്തമായ നിയമം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും ഇത്തരം കേസുകളുടെ എണ്ണം കുറയ്ക്കാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദോഹയിലെ ചില പ്രദേശങ്ങളെ പാര്‍പ്പിട മേഖലകളിലെ തൊഴിലാളികളുടെ താമസ നിരോധനത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടക്കുന്നു. അവിടെ താമസിക്കുന്ന കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും നടപ്പാക്കുക.
തെരുവുകച്ചവടക്കാരുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
അനുവാദമുള്ള വ്യാപാരപ്രവര്‍ത്തനങ്ങള്‍, ആവശ്യമായി വേണ്ട ക്രമീകരണങ്ങള്‍, ലൈസന്‍സ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും നിലവാരവും എന്നിവ സംബന്ധിച്ചായിരുന്നു മാര്‍ഗനിര്‍ദേശങ്ങള്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലോഗോ ക്ഷണിച്ചു

ടോര്‍ച്ച് സ്‌റ്റെയര്‍കേസ് റണ്ണില്‍ 40ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു