
എം.എ മുഹമ്മദ് ജമാലിന് ഡബ്ല്യൂഎംഒ ഖത്തര്‍ ചാപ്റ്ററിന്റെ സ്‌നേഹാദരവ് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ കൈമാറുന്നു
ദോഹ: വയനാട് മുസ്ലിം യതീംഖാന(ഡബ്ല്യൂഎംഒ) ജനറല്‍ സെക്രട്ടറിയും വയനാട് ജില്ലാ മുസ്ലിം ലീഗ് ട്രഷററുമായ എംഎ മുഹമ്മദ് ജമാലിന് ഖത്തര്‍ പൗരാവലി സ്‌നേഹാദരവ് നല്‍കി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉപഹാരം കൈമാറി. നാലു പതിറ്റാണ്ടിലേറെയായി അനാഥ, അഗതി സംരക്ഷണത്തിന് അദ്ദേഹം സമര്‍പ്പിച്ച സേവനം കണക്കിലെടുത്ത് വയനാട് മുസ്ലിം യതീംഖാന ഖത്തര്‍ ചാപ്റ്ററാണ് ചടങ്ങ് സംഘടിപ്പിച്ചത്.
നൂതന ആശയങ്ങളിലൂടെ ഒരു യതീംഖാനയെ പടിപടിയായി വയനാടിന്റെ സാംസ്‌കാരിക മേഖലയിലേക്ക് ഉയര്‍ത്തികൊണ്ടുവരാനും കേരളത്തിനാകമാനം മാതൃകയാകുന്ന രീതിയില്‍ സ്ഥാപനത്തെ മാറ്റിമറിക്കാനും കഴിഞ്ഞുവെന്നത് ജമാലിനു മാത്രം അവകാശപ്പെടാവുന്ന അംഗീകാരമാണെന്ന് ചടങ്ങില്‍ സംസാരിച്ച ചന്ദ്രിക പത്രാധിപര്‍ സിപി സൈതലവി അഭിപ്രായപ്പെട്ടു. ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ നേരില്‍ കാണുകയും അദ്ദേഹത്തിന്റെ ക്ലാസ്സില്‍ പങ്കെടുക്കുകയും ചെയ്ത ഇന്ന് മുസ്ലിം ലീഗിന്റെ ഏത് ഉന്നത സ്ഥാനത്തും കണ്ണടച്ചു ഇരുത്താന്‍ സാധിക്കുന്ന മാതൃക വ്യക്തിത്വമാണ് ജമാലിന്റെതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്്ത എസ്എഎം ബഷീര്‍ പറഞ്ഞു.
ജമാലിനെ ആദരിക്കാനുള്ള അവസരം കിട്ടിയത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നും അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും എല്ലാവര്‍ക്കും മാതൃകയാണെന്നും പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു.താനറിയാതെ തന്നിലേക്ക് അംഗീകാരം വരുന്നത് കണ്ടു പകച്ചു നില്‍ക്കുന്ന വ്യക്തിത്വമാണ് ജമാലിന്റേതെന്നും വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ടുവരുന്നതിനും വയനാട് പോലുള്ള പിന്നോക്ക ജില്ലയില്‍ അവിടുത്തെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞു ജാതി മത ഭേദമന്യേ ആളുകളുടെ സംരക്ഷണ കവചമായി യതീംഖാനയെ നിലനിര്‍ത്തുന്നതിലും അദ്ദേഹത്തിന്റെ നേതൃപാടവം വിലമതിക്കാനാവാത്തതാണെന്നും മുഖ്യപ്രഭാഷകന്‍ സൈന്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവും പ്രഭാഷകനും ട്രെയിനറുമായ റാഷിദ് ഗസ്സാലി പറഞ്ഞു.
എകെ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ കെഎംസിസിയുടെ പൊന്നാട ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ അണിയിച്ചു. ദീര്‍ഘകാലം ഖത്തറിലെ മുട്ടില്‍ യതീംഖാനയുടെ മുഖമായിരുന്നു പി കെ മുഹമ്മദ് മുസ്തഫയ്ക്ക് സ്‌നേഹാദരവ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ തായമ്പത്ത് കുഞ്ഞാലി ഉപഹാരം നല്‍കി. റാഷിദ് ഗസ്സാലിക്ക് കെ കെ അബ്ദുറഹ്മാന്‍ ഉപഹാരം സമര്‍പ്പിച്ചു. ഇത്തരം ആദരവുകള്‍ക്കൊന്നും താന്‍ അര്‍ഹനല്ലെന്നും നല്ല പ്രായത്തില്‍ ഒപ്പം നല്ലൊരു ടീമിനെ കിട്ടിയതിന്റെ ഭാഗമായി ലഭിച്ച അനുഗ്രഹങ്ങളാണ് യതീംഖാനക്ക് ഇന്നുള്ളതെന്നും ജമാല്‍ പറഞ്ഞു. വ്യവസ്ഥാപിതമായി എണ്ണയിട്ട യന്ത്രം പോലെ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്‍കിയ സംഭാവനകള്‍ എല്ലാ ആദരവുകള്‍ക്കും മുകളിലാണെന്നും ആദരിക്കപ്പെടേണ്ടവര്‍ ഖത്തറിലെ സാധാരണക്കാരായ പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു.
ഡബഌൂഎംഒ പെരുന്നാളിന് കുട്ടികള്‍ക്ക് നല്‍കുന്ന പുതുവസ്ത്ര കാമ്പയിന്‍ മസ്‌കര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എംഡി മൂസ കുറുങ്ങോട്ട് നിര്‍വ്വഹിച്ചു. ഒരു കുട്ടിയുടെ വസ്ത്രത്തിനു 50 റിയാല്‍ ആണ് ഈടാക്കുന്നത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വിവി മുഹമ്മദലി, അബൂബക്കര്‍ അല്‍ഖാസിമി, എംപി ശാഫി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. റഈസ് അലി വയനാട് സ്വാഗതം പറഞ്ഞു.