ആര്.റിന്‍സ്
ദോഹ

ഖത്തറില്‍ ഇന്നു തുടങ്ങുന്ന പ്രഥമ അനോക് ലോക ബീച്ച് ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്ന പ്രതീക്ഷയില്‍ ഖത്തര്‍. ബീച്ച് ഹാന്‍ഡ്ബോള്‍, ബീച്ച് വോളിബോള്‍, നീന്തല്‍ തുടങ്ങിയ ഇനങ്ങളിലെല്ലാം മികച്ച ടീമിനെയാണ് ഖത്തര്‍ ഫീല്‍ഡിലിറക്കുന്നത്.
ദേശീയ ഒളിമ്പിക് കമ്മിറ്റികള്‍(അനോക്) സംഘടിപ്പിക്കുന്ന പ്രഥമ ലോക ബീച്ച് ഗെയിംസിന്റെ ആദ്യ റൗണ്ട് മത്സരങ്ങളാണ് ഇന്ന് തുടങ്ങുന്നത്. നാളെ രാത്രി ഏഴിന് കത്താറയിലെ ആംഫിതിയറ്ററിലാണ് ഔദ്യോഗിക ഉദ്ഘാടനം. ഇന്ന് ബീച്ച് ഹാന്‍ഡ്ബോള്‍, ബീച്ച് ഫുട്ബോള്‍ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കും. ബീച്ച് ഹാന്‍ഡ്ബോളില്‍ അല്‍ഗറാഫ ബീച്ചില്‍ ഇന്ന് രാവിലെ 10.40ന് നടക്കുന്ന പ്രാഥമികറൗണ്ടിലെ മത്സരത്തില്‍ ഖത്തര്‍ ക്രൊയേ്ഷ്യയെ നേരിടും. നാളെ രാത്രി എട്ടരക്ക് രണ്ടാംമത്സരത്തില്‍ ഹംഗറിയാണ് ഖത്തറിന്റ എതിരാളികള്‍. രണ്ടു തവണ ലോക ബീച്ച് ഹാന്‍ഡ്ബോളില്‍ വെങ്കലം നേടിയിട്ടുള്ള ഖത്തര്‍ പുരുഷ ടീം അനോക് ബീച്ച് ഗെയിംസില്‍ പൂള് ബിയിലാണ്. രണ്ടുതവണ ലോകചാമ്പ്യന്മാരായ ക്രൊയേഷ്യ, ഹംഗറി, സ്പെയിന്, ഉറുഗ്വെ, ടുണീഷ്യ രാജ്യങ്ങളാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. പൂള് എയില്‍ അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍, സ്വീഡന്, ഒമാന്‍, ഡെന്മാര്ക്ക്, യുഎസ്എ, ഓസ്ട്രേലിയ ടീമുകളാണ്.
ബീച്ച് ഹാന്‍ഡ്ബോളില്‍ ഖത്തര്‍ ടീം മികച്ച ഫോമിലാണ്. തുടര്‍ച്ചയായ അഞ്ചാംതവണയും ഏഷ്യന്‍ ബീച്ച് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഈ വര്‍ഷം ഖത്തര്‍ സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ഒമാനെ 2-0 എന്ന സ്കോറിനാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. 2017 ഫൈനലിലും ഒമാനെ തോല്‍പ്പിച്ചായിരുന്നു ഖത്തര്‍ കിരീടം നേടിയത്. ചൈനയലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. 2011, 2013, 2015, 2017 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ബീച്ച് ഹാന്‍ഡ്ബോള്‍ കിരീടം ഖത്തറിനായിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലായിരുന്നു ഖത്തര്‍.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, അഫ്ഗാനിസ്താന്, ചൈനീസ് തായ്പേയി, വിയറ്റ്നാം, ഇറാന് ടീമുകളെയാണ് തോല്‍പ്പിച്ചത്. അടുത്തവര്‍ഷം ഇറ്റലിയില്‍ നടക്കുന്ന ഐഎച്ച്എഫ്(രാജ്യാന്തര ഹാന്‍ഡ്ബോള്‍ ഫെഡറേഷന്) ലോക ബീച്ച് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കും ഖത്തര്‍ യോഗ്യത നേടിയിട്ടുണ്ട്. ഖത്തര്‍ ഹാന്‍ഡ്ബോള്‍ ടീം- സെയ്ദ് ഖനാവി, അഹമ്മദ് മര്ഗന്, മുഹമ്മദ് ഹസന്, ഹാനി ഖാകി, അലി മുഹമ്മദ്, മുസ്തഫ അല്കരാദ്, മൊതെസം മുഹമ്മദ്, മഹമ്മൂദ് സാഖി, റഷീദ് യൂസുഫ്, കമാലുദ്ദീന് മലാഷ്, ഷാദി ഹംദൂന്‍, അലി ഗര്‍ബ. ഖത്തറിന് പ്രതീക്ഷയുള്ള മറ്റൊരിനം ബീച്ച് വോളിബോളാണ്.
ഖത്തറിന്റെ അഹമ്മദ് തിജാനും ഷെരീഫ് യൂനുസും മികച്ച ഫോമിലാണ്. ഈ സഖ്യം നിരവധി രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. താമെര്‍ ഇസ്സയും ദാനി അല്മെസ്ലിമാനിയും സിയാദ് അല്വയേറും സെയ്ഫുദ്ദീന്‍ അല്മജീദും ഖത്തര്‍ ടീമിന്റെ ഭാഗമാണ്. അഹമ്മദ് തിജാനും ഷെരീഫ് യൂനുസും ഉള്‍പ്പെട്ട സഖ്യം ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീമാണ്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കിരീടം നേടിയിരുന്നു. ബീച്ച് വേള്‍ഡ് ടൂറില്‍ മൂന്നു വെങ്കല മെഡലുകള്‍ നേടിയിരുന്നു. ജനീവയില്‍ നടന്ന സ്വിസ്സ് ബീച്ച് വോളിബോള്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് കിരീടവും ഈ സഖ്യം നേടിയിരുന്നു.
നീന്തലിലും ഖത്തറിന് മികച്ച പ്രതീക്ഷയാണുള്ളത്. പുരുഷവിഭാഗം അഞ്ചുകിലോമീറ്റര്‍ ഓപ്പണ്‍ വാട്ടര്‍ മത്സരത്തില്‍ ദേശീയ ദേശീയതാരം അബ്ദുറഹ്മാന് ഹിഷാം മത്സരിക്കും. വനിതകളുടെ അഞ്ചുകിലോമീറ്റര്‍ വിഭാഗത്തില്‍ ഖത്തരി ഒളിമ്പ്യന്‍ നദ മുഹമ്മദ് വഫ അര്‍ക്ജിയും മത്സരിക്കും. ഞായറാഴ്ച കത്താറ ബീച്ചിലെ ഓപ്പണ്‍ വാട്ടറിലാണ് മത്സരങ്ങള്‍. കുവൈത്തില്‍ ഏപ്രിലില്‍ നടന്ന ജിസിസി നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചുകിലോമീറ്ററില്‍ അബ്ദുല്റഹ്മാന് ഹിഷാം വെങ്കലമെഡല്‍ നേടിയിരുന്നു. ഒക്ടോബര്‍ 16വരെയായിരിക്കും ബീച്ച് ഗെയിംസ്. ലോക ബീച്ച് ഗെയിംസിന്റെ പ്രഥമ എഡീഷനാണ് ഖത്തര്‍ ആതിഥ്യമേകുന്നതെന്ന സവിശേഷതയുണ്ട്.
പതിമൂന്ന് കായികയിനങ്ങളെ പ്രതിനിധീകരിച്ച പതിനാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 97 രാജ്യങ്ങളില്‍നിന്നായി 1200ലധികം അത്ലറ്റുകളാണ് പങ്കെടുക്കുന്നത്. കത്താറ ബീച്ച്, അല്‍ഗറാഫ, ആസ്പയര് സ്റ്റേഡിയങ്ങള്‍, റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിന്റെ ലെഗ്തൈഫിയ ലഗൂണ്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. അനോക് ജനറല്‍ അസംബ്ലി ഒക്ടോബര്‍ 17, 18 തീയതികളില്‍ ഖത്തറില്‍ നടക്കും. 206 നാഷണല്‍ ഒളിമ്പിക് കമ്മിറ്റികളാണ് അനോകിലുള്ളത്. 2016ലെ അനോക് ജനറല്‍ അസംബ്ലി ദോഹയിലായിരുന്നു നടന്നത്. സ്വിറ്റ്സര്‍ലന്റിലെ ലൗസന്നെയാണ് അനോകിന്റെ ആസ്ഥാനം.