
ദോഹ: മലേഷ്യയിലെ കോലാംലംപൂരില്‍ നടന്ന അന്താരാഷ്ട്ര നൃത്ത മത്സരത്തില്‍ ദോഹയിലെ കൊച്ചുമിടുക്കി താരമായി. ബിര്‍ള പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി പൂജാ സന്തോഷാണ് കുച്ചുപ്പുടി, ഭരതനാട്യം എന്നീ ഇനങ്ങളില്‍ എ ഗ്രേഡോടെ എക്സലന്‍സ് പുരസ്കാരം കരസ്ഥമാക്കിയത്. നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഹൈക്കമ്മീഷന് ഓഫ് ഇന്ത്യ കോലാലംപൂര്‍ എന്നിവരുമായി സഹകരിച്ച് ആള് ഇന്ത്യാ ഡാന്‍സ് അസോസിയേഷന്(എഐഡിഎ) ആണ് നൃത്തമത്സരം സംഘടിപ്പിച്ചത്. നേരത്തെ ഐഐഡിഎ ഛത്തീസ്ഗഢിലെ ബിലായില് നടത്തിയ ദേശീയ നൃത്തോത്സവത്തില്‍ ‘നൃത്ത്യതി’ ബഹുമതി നേടിയിരുന്നു. നാലാം വയസ്സു മുതല്‍ ക്ലാസ്സിക്കല്‍ നൃത്തം അഭ്യസിച്ചുവരുന്ന പൂജ ദോഹ മാമാംഗം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.സൂസാദിമ സൂസന്, കലാമണ്ഡലം ബിജിഷ, ഡോ.ഹര്ഷന് സെബാസ്റ്റിയന് ആന്റണി എന്നിവര്‍ക്ക് കീഴിലാണ് പരിശീലിക്കുന്നത്. പത്താം വയസ്സില്‍ കരുനാഗപ്പള്ളി, പുലിയന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഓച്ചിറ മായാമോഹിനി ടീച്ചറുടെ നേതൃത്തില്‍ നടന്ന സംഗീതകച്ചേരിയില്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഗീത പരിപാടി നടത്തിയും പ്രതിഭ തെളിയിച്ചിട്ടുണ്ട്.
അടൂര്‍ ഏഴംകുളം സ്വദേശി ഖത്തര്‍ പെട്രോളിയത്തിലെ ലീഡ് എഞ്ചിനീയര്‍ സന്തോഷ് കുറുപ്പിന്റേയും ദീപാ പിള്ളയുടേയും മകളാണ്. സഹോദരി സ്നേഹാ സന്തോഷ് കൊച്ചി എയിംസില്‍ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.