
ദോഹ: നാല്‍പ്പത്തിയെട്ടാമത് സാധാരണ ശൂറാ കൗണ്‍സില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി സന്നിഹിതനായിരുന്നു.
അമീറിന്റെ പേഴ്‌സണല്‍ റപ്രസന്ററ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി തുടങ്ങിയവരും ശൂറാ കൗണ്‍സില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, നിരവധി മന്ത്രിമാര്‍, വിവിധ നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നിയമ നിര്‍മാണ മേഖലയില്‍ മാത്രമല്ല സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലും രാജ്യത്തിന്റെ വികസന പദ്ധതികളിലും മൂല്യവത്തായ സംഭാവനകള്‍ ശൂറാ കൗണ്‍സിലില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമീര്‍ പ്രസംഗത്തിന് തുടക്കമിട്ടത്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് അന്യായമായ ഉപരോധം ഖത്തറിനുമേല്‍ തുടരുന്നത്. എന്നാല്‍ ദൈവത്തിന്റെ കരുണയില്‍ നിശ്ശബ്ദമായും മികച്ച സമീപനത്തിലൂടെയും ഉപരോധമുയര്‍ത്തിയ സങ്കീര്‍ണതകളെ കൈകാര്യം ചെയ്യാന്‍ സാധിച്ചു. ഉപരോധവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും ലോകത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചതിന് പുറമേ ഖത്തറിന്റെ രാഷ്ട്രീയ തീരുമാനങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്താനും കഴിഞ്ഞു. കൂടാതെ സൗഹൃദ രാജ്യങ്ങളോടെല്ലാം ശക്തമായ ഉഭയകക്ഷി ബന്ധവും ഖത്തര്‍ തുടര്‍ന്നുപോരുകയാണുണ്ടായത്.
ഉപരോധത്തെ തുടര്‍ന്ന് ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലിലെ രാജ്യങ്ങളുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഖത്തര്‍ തയ്യാറായെങ്കിലും അതിന് നാല് അടിസ്ഥാനങ്ങളുണ്ടാകണമെന്ന ആവശ്യം മുന്നോട്ടു വെക്കുകയും ചെയ്തു. പരസ്പരം ബഹുമാനം, പൊതുതാത്പര്യങ്ങള്‍, വിദേശ നയങ്ങളുമായി ബന്ധപ്പെട്ട ആജ്ഞകള്‍ ഒഴിവാക്കുക, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഖത്തര്‍ ചര്‍ച്ച നടത്താന്‍ മുന്നോട്ടുവെച്ചത്.
പ്രതിസന്ധി ഉടലെടുത്തതോടെ ഖത്തരി ജനങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിനും നയങ്ങള്‍ക്കുമായി ഒറ്റക്കെട്ടായി നിലകൊള്ളുകയായിരുന്നു. സ്വതന്ത്രമായ തീരുമാനങ്ങള്‍ സ്വീകരിക്കുന്നത് നിരാകരിക്കപ്പെട്ടാല്‍ തങ്ങളുടെ മാതൃരാജ്യത്തിന്റെ സമ്പത്തും കഴിവുകളും നഷ്ടപ്പെടുമെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു.
രാജ്യം വളരെ ആത്മവിശ്വാസത്തോടെയുള്ള പുരോഗമനാണ് നടത്തുന്നത്. വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. ഖത്തറിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 2018ല്‍ 15 ശതമാനമാണ് രേഖപ്പെടുത്തിയത്. നോണ്‍ ഹൈഡ്രോകാര്‍ബണ്‍ മേഖലയിലെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഒന്‍പത് ശതമാനമാണ് സൂചിപ്പിക്കുന്നത്. മുന്‍ഗണനാ പദ്ധതികളെ ബാധിക്കാതെ പൊതുചെലവുകള്‍ വെട്ടിക്കുറച്ച് ബജറ്റില്‍ ബാലന്‍സ് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഈ വര്‍ഷം ശ്രമിച്ചതുകൊണ്ടാണ് ഇത്തരത്തില്‍ മികവുണ്ടാക്കാന്‍ സാധിച്ചത്.
അന്യായമായ ഉപരോധം രാജ്യത്തിനു നേരെയുണ്ടായപ്പോള്‍ അതിന്റെ അനന്തരഫലമായി രാജ്യത്തിന്റെ വിവിധ മേഖലകള്‍ ശക്തമാവുകയും പുരോഗമിക്കുകയുമാണ് ചെയ്തത്. പുതിയ സാഹചര്യത്തെ ആവശ്യമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ രാജ്യത്തിന് സാധിച്ചുവെന്നതാണ് പിന്നീട് ലോകം ദര്‍ശിച്ചത്.
ഉപരോധത്തിന്റെ കോട്ടങ്ങളെ മറികടന്ന് ഖത്തര്‍ ദേശീയ വീക്ഷണം 2030 പ്രകാരമുള്ള ലക്ഷ്യങ്ങളിലേക്കാണ് ഖത്തര്‍ നോട്ടമിടുന്നത്. രണ്ടാമത് ദേശീയ നയം വികസിപ്പിക്കുന്ന സാഹചര്യത്തില്‍ ഒന്നാമത്തെ ദേശീയ നയവുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങളാണ് ഏറെ സഹായിച്ചത്. പുതിയ മേഖലാ സാഹചര്യങ്ങളില്‍ ഊര്‍ജ്ജ കമ്പോളത്തില്‍ കാതലായ മാറ്റങ്ങളുണ്ടാവുകയും അത് എണ്ണയുടേയും വാതകത്തിന്റേയും പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
സാമ്പത്തിക വൈവിധ്യവത്ക്കരണത്തിന്റേയും സ്വകാര്യ മേഖലയെ പ്രോത്സാഹിക്കുന്നതിന്റേയും നേട്ടങ്ങള്‍ ലഭ്യമായിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളുടെ ഉത്പാദന സാധ്യതകള്‍ വര്‍ധിപ്പിക്കുകയും അത്യാധുനിക കാര്‍ഷിക, ജൈവ- മത്സ്യോത്പാദന സമ്പ്രദായം കൊണ്ടുവരികയും ചെയ്തു.
വിവിധ മേഖലകളില്‍ പുരോഗതി പ്രത്യക്ഷമായിട്ടുണ്ടെങ്കിലും സാമ്പത്തിക വൈവിധ്യവത്ക്കരണം, ഭക്ഷ്യ- മരുന്നു സുരക്ഷ, പുനരുപയോഗ ഊര്‍ജ്ജം, സ്വകാര്യമേഖലയുടെ പുനരുജ്ജീവനം തുടങ്ങിയവയില്‍ ഇനിയും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചുവപ്പുനാട അവസാനിപ്പിച്ച് പുരോഗതിയും കാര്‍ഷിക ജൈവിക പുരോഗതി മികവ് പ്രദര്‍ശിപ്പിക്കുയകയും ചെയ്തു.
ചെലവു ചുരുക്കല്‍ നടപടികളിലൂടേയും കഴിവ് വര്‍ധിപ്പിക്കുകയും ചെയ്തതോടെ മുന്‍ വര്‍ഷത്തിലുണ്ടായ കമ്മി മിച്ചമാക്കി മാറ്റാന്‍ രാജ്യത്തിന് സാധിച്ചു. ചെലവഴിക്കല്‍ കുറക്കുന്നതിനോടൊപ്പം മുന്‍ഗണനാ മേഖലകളുടെ പ്രധാന്യം തിരിച്ചറിഞ്ഞ് ശ്രദ്ധിക്കുകയും ചെയ്തു. വിദ്യാഭ്യാസം ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനത്തിലെ നിക്ഷേപം എന്നിവയില്‍ വലിയ മാറ്റമാണ് പ്രകടമായത്.
ഉപരോധത്തിന് മുമ്പുള്ള കാലത്തേക്കാള്‍ രാജ്യത്തിന്റെ കരുതല്‍ ധനത്തില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിനിടയിലും ഖത്തരി റിയാലിന്റെ മൂല്യം സ്ഥിരമായി നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഊര്‍ജ്ജ മേഖലയിലെ മികവാണ് ദര്‍ശിക്കാനാവുന്നത്. അന്താരാഷ്ട്ര പ്രകൃതി വാതക കമ്പോളത്തില്‍ ഖത്തറും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയും ശക്തമായി നിലനില്‍ക്കുന്നുണ്ട്. രാജ്യം ശരിയായ പാതയിലാണ് സഞ്ചരിക്കുന്നത് എന്നതാണ് ഇതു നല്കുന്ന സൂചന.
ഖത്തര്‍ പെട്രോളിയം ആഗോളതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, രണ്ട് അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ഏഷ്യ എന്നിവിടങ്ങളിലെ പത്ത് ഇടങ്ങളില്‍ പര്യവേഷണവും ഉത്പാദനവും ആരംഭിച്ചു. ഖത്തറിന്റെ സാമ്പത്തിക രംഗത്തെ വികസനത്തിനും സമ്പത്തിനും ഇപ്പോഴും പ്രധാന കാരണം ഊര്‍ജ്ജമാണ്. ഭാവി തലമുറയ്ക്കു വേണ്ടിയും അവ നിലനിര്‍ത്താന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അമീര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ രാജ്യത്തുണ്ടായ വികസനങ്ങള്‍ നേര്‍സാക്ഷ്യങ്ങളാണ്. റോഡുകള്‍, പാലങ്ങള്‍, ഭൂഗര്‍ഭ പാതകള്‍, പൊതുപാര്‍ക്കുകള്‍, നഗരങ്ങളുടെ ആസൂത്രണം തുടങ്ങിയവയിലെല്ലാം രാജ്യം വലിയ കുതിച്ചു ചാട്ടമാണ് നടത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി വന്‍കിട പദ്ധതികളില്‍ 27 ബില്യന്‍ ഖത്തര്‍ റിയാലിന്റെ പങ്കാളിത്തമാണ് സ്വകാര്യ മേഖലകള്‍ നിര്‍വഹിച്ചത്. ഭാവി പദ്ധതികളിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തില്‍ രാജ്യം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ പൗരന്മാരുടെ കാര്യങ്ങളില്‍ വലിയ ശ്രദ്ധ നല്കാതെ വികസിത രാജ്യങ്ങളുടെ തലത്തിലേക്ക് വികസനം എത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ജനങ്ങളാണ് രാജ്യത്തെ നിലനിര്‍ത്തുകയും വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നത്. കെട്ടിടങ്ങളുടേയും സൗകര്യങ്ങളുടേയും മാത്രം അളവുകോലില്‍ വികസനത്തെ അളന്നെടുക്കാനാവില്ല.
മികച്ച ജീവിത നിലവാരവും സേവനങ്ങളും നല്കാനുള്ള രാജ്യത്തിന്റെ കഴിവില്‍ സന്തോഷം തോന്നുന്നുണ്ട്. എങ്കിലും പൗരന് രാജ്യത്തോടും സമൂഹത്തോടും കടമയുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. നല്കാത്തവന് താന്‍ നേടുന്നതിനെ വിലമതിക്കാനുമാവില്ല. പൗരത്വമെന്നാല്‍ അവകാശങ്ങള്‍ എന്നതുപോലെ ഉത്തരവാദിത്വങ്ങള്‍ കൂടിയാണ്. ആത്മാര്‍ഥമായും കൃത്യതയോടെയും പ്രവര്‍ത്തിക്കുകയെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്.
ഓരോരുത്തര്‍ക്കും അവര്‍ ചെയ്ത കാര്യങ്ങള്‍ക്ക് പ്രതിഫലമുണ്ടെന്നാണ് സര്‍വ്വശക്തനായ അല്ലാഹു പറയുന്നത്. വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് തടസ്സമില്ലാത്ത പ്രതിഫലമാണ് ലഭിക്കുകയെന്നും അല്ലാഹു പറുന്നു.
ഖത്തറിലെ പ്രവാസികള്‍ രാജ്യത്തിന് ഒഴിച്ചുകൂടാനാവാത്തവരാണ്. രാജ്യം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വലിയ സംഭാവനകളാണ് നല്കിയത്. അത് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അമീര്‍ ചൂണ്ടിക്കാട്ടി.
നീതിന്യായ വ്യവസ്ഥയുടെ വികാസത്തിന് രാജ്യം വലിയ പ്രാധാന്യമാണ് നല്കുന്നത്. കോടതി വിധികള്‍ നടപ്പിലാക്കുന്നത് വേഗത്തിലാക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ജീവനാംശം, കടങ്ങള്‍, തൊഴില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയവയാണ് വേഗത്തില്‍ വിധി ആവശ്യമുള്ളത്.
ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ ആധുനികവത്ക്കരിക്കാനും നവീകരിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പബ്ലിക്ക് പ്രോസിക്യൂഷനിലെ ജഡ്ജിമാരുടേയും അംഗങ്ങളുടേയും എണ്ണം വര്‍ധിപ്പിക്കുന്നതിനും പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനും പുതിയ കോടതികള്‍ തുറക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ഗള്‍ഫ് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും ബാധ്യതയും അന്താരാഷ്ട്ര സമൂഹത്തിന് ഇരട്ടിക്കുകയാണ്. സാഹചര്യങ്ങളുടെ പിരിമുറുക്കത്തിന് ജി സി സി രാജ്യങ്ങള്‍ക്ക് താത്പര്യമില്ലെന്ന ഖത്തറിന്റെ നിലപാട് മറ്റു രാജ്യങ്ങള്‍ക്കും മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യങ്ങളിലെല്ലാം ജി സി സിക്ക് നിര്‍വഹിക്കാനാവുന്ന റോളിന്റെ അഭാവം കെട്ടിച്ചമച്ച പ്രതിസന്ധികളിലും വിഭവങ്ങള്‍ പാഴാക്കുന്നതിലും എത്തിച്ചേരുകയാണ്. ഖത്തറിനു മേല്‍ അന്യായമായ ഉപരോധം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോഴും ഉത്തരവാദപ്പെട്ട പെരുമാറ്റവും ശരിയായ നിലപാടും രാജ്യത്തെ ശക്തിപ്പെടുത്തുകയും പ്രാദേശിക- അന്തര്‍ദേശീയ മേഖലകളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നുവെന്ന നിലപാട് ഊട്ടിയുറപ്പിക്കുകയും ചെയ്തു.
വിദേശ നയത്തില്‍ തത്വങ്ങള്‍ക്കും സുരക്ഷയ്ക്കും സാമ്പത്തിക താത്പര്യങ്ങള്‍ക്കും അനുസരിച്ചുള്ള നയമാണ് ഖത്തര്‍ സ്വീകരിച്ചിരിക്കുന്നത്. ചര്‍ച്ചയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും സമാധാനപരമായ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുകയെന്നതാണ് ഖത്തറിന്റെ രീതി. മേഖലാതലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള നിരവധി പ്രശ്‌നങ്ങളില്‍ സമാധാനപരമായി ഇടപെടുകയും പരിസ്ഥിതി സംരക്ഷിക്കുകയും ദാരിദ്ര്യത്തിനെതിരെ പോരാടുകയും തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് രാജ്യം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഗള്‍ഫ് മേഖലയുടെ നയപരമായ പ്രാധാന്യം അന്താരാഷ്ട്ര സമൂഹത്തിന് എടുത്തുകാണിക്കാന്‍ ലഭിച്ച സുവര്‍ണാവസരമായിരുന്നു യു എന് ജനറല്‍ അസംബ്ലിയുടെ എഴുപത്തിനാലാമത് സെഷന്‍. രാഷ്ട്രീയവും സുരക്ഷാപരവുമായ സ്ഥിരത മേഖല കൈവരിക്കേണ്ടതുണ്ട്. അതിന് ഫലസ്തീന്‍ ജനതയ്ക്ക് അവരുടെ അവകാശങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. ഇത് അന്താരാഷ്ട്ര സമൂഹത്തെ ഓര്‍മിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു യു എന് ജനറല്‍ അസംബ്ലി. 1967ലെ അതിര്‍ത്തി പ്രകാരം സ്വതന്ത്ര ഫലസ്തീന്‍ രാജ്യം സ്ഥാപിക്കുകയെന്നതാണ് പ്രശ്‌നത്തിന്റെ പരിഹാരം. അറബ് സാമാധാന സംരംഭങ്ങളുടെ പ്രമേയങ്ങള്‍ പ്രകാരം ജറുസലേം തലസ്ഥാനമായാണ് രാജ്യം രൂപീകരിക്കേണ്ടത്. ഫലസ്തീന്‍ പ്രശ്‌നത്തിന് ന്യായമായ പരിഹാരമില്ലാതെ ഇസ്രാഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാമെന്നത് മിഥ്യാധാരണയാണെന്നും അമീര്‍ പറഞ്ഞു.
സിറിയന്‍ ഐക്യവും പരമാധികാരവും സ്ഥിരതയും നിലനിര്‍ത്താന്‍ എല്ലാ സിറിയന്‍ പാര്‍ട്ടികള്‍ക്കിടയിലും ചര്‍ച്ച നടത്തുകയും പരിഹാരത്തിന്റെ ആവശ്യകത ഊന്നിപ്പറയേണ്ടതുമുണ്ട്. അധിനിവേശ ഗോലാന്‍ കുന്നുകളില്‍ ഇസ്രാഈലിന്റെ പരമാധികാരത്തിനുള്ള ശ്രമങ്ങളെ ഖത്തര്‍ നിരുപാധികം തള്ളിക്കളയുന്നതായി അമീര്‍ പ്രഖ്യാപിച്ചു.
യമനില്‍ സംഘര്‍ഷം തുടരുന്നത് പ്രാദേശികമായും അന്തര്‍ദേശീയ തലത്തിലും സുരക്ഷാ ഭീഷണിയായാണ് ഖത്തര്‍ കാണുന്നത്. യമന്‍ ജനതയുടെ മികച്ച താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കി കൂടുതല്‍ പ്രതിസന്ധികള്‍ ഒഴിവാക്കണമെന്ന് അമീര്‍ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിച്ചു.
ബാഹ്യഇടപെടലുകളില്ലാതെ ലിബിയന്‍ ജനതയുടെ എല്ലാ മേഖലകളിലും ദേശീയ അനുരഞ്ജനമാണ് കൈവരിക്കേണ്ടത്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കപ്പുറത്ത് ചില രാജ്യങ്ങള്‍ നടത്തുന്ന രാഷ്ട്രീയ കളികളാണ് ലിബിയയില്‍ സ്ഥിരത കൈവരിക്കുന്നതിന് പ്രധാന തടസ്സമെന്നാണ് ഖത്തര്‍ വിശ്വസിക്കുന്നത്.
സുഡാനുമായി ബന്ധപ്പെട്ട ക്രിയാത്മക നടപടികള്‍ വിലമതിക്കുകയും പുതിയ സുഡാന്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പിന്തുണ അറിയിക്കുകയും ചെയ്യുന്നു. രാജ്യത്തെ സേവിക്കാനും ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറാനും ഐശ്വര്യപൂര്‍ണ്ണമാകാനും കരുണാമയനായ ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ടാണ് അമീര്‍ തന്റെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.