
ദോഹ: ഒഐസിസി ഇന്‍കാസ് ഖത്തര്‍ ക്യൂബ് ഇവന്റ്സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ‘അന്റാക്യ ഹൃദയപൂര്‍വം ദോഹ’ വിജയകരമായി പര്യവസാനിച്ചു. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട കവളപ്പാറയിലെ പാവപ്പെട്ട ഏതാനും പേര്‍ക്ക് വീട് നിര്മിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
തെന്നിന്ത്യന്‍ നടി നഗ്മ, നടന്മാരായ കൈലാഷ്, പദ്മരാജ് രതീഷ്, പ്രളയാനന്തര കേരളത്തില്‍ നന്മയുടെ പ്രതീകമായി മാറിയ നൗഷാദ് ബ്രോഡ്വെ എന്നിവര്‍ അതിഥികളായിരുന്നു. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് നൗഷാദ് ബ്രോഡ്വെ നഗ്മയില്‍ നിന്ന് ഏറ്റുവാങ്ങി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല നേതൃത്വം നല്കിയ ചടങ്ങില്‍ സംഘാടക സമിതി ചെയര്മാന് ആഷിഖ് അഹമ്മദ് സ്വാഗതം ആശംസിച്ചു. ആന്റാക്യ സി ഇ ഒ രാജേഷ് ഗോപിനാഥ്, ടിനില് ഡൊറെമിഫ, സൗദി ഹൈപ്പര്‍ മാര്‍ക്കറ്റ് എംഡി മുസ്തഫ, എം എസ് ബുഖാരി, അരുണ്‍, ഇബ്രാഹിം കുട്ടി മുനീര്‍, ടി ടി ഇസ്മയില്‍, സോളി വര്‍ഗീസ്, ഹമീദ് ഡാവിട എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സയനോര ഫിലിപ്പ്, ഫ്രാങ്കോ, നിത്യ മാമ്മന്‍, വിത് രാഗ്, സജില സലീം, റിയാസ് കരിയാട്, സിദ്ധാര്‍ഥ് എന്നിവര്‍ സംഗീത സന്ധ്യക്ക് നേതൃത്വ നല്കി. ശൂരനാട് നെല്സന്, കൊല്ലം സുധി, രശ്മി അനില്‍, പോള്സന്, ഭാസി എന്നിവര്‍ ഒരുക്കിയ ഹാസ്യ പ്രകടനങ്ങള്‍ മെഗാ ഷോയുടെ ആകര്‍ഷകമായി. പ്രളയക്കെടുതി പ്രമേയമാക്കി പ്രവാസി ചിത്രകാരന് ഷിഹാര്‍ ഹംസ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വില്പനയും വേദിയുടെ സ്വീകരണമുറിയില്‍ നടന്നു. വില്പനയിലൂടെ ലഭിച്ച പണം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറി.