in ,

അപകടകരമായി ഡ്രൈവ് ചെയ്താല്‍ പിടിവീഴും

ദോഹ: ഖത്തറിലെ റോഡുകളില്‍ അപകടകരമായ വാഹനമോടിക്കുന്നവരെ യാതൊരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് മുതിര്‍ന്ന ട്രാഫിക്ക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പെനിന്‍സുല ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറില്‍ 180 കിലോമീറ്ററിലേറെ വേഗത്തില്‍ വാഹനമോടിക്കുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതും നിയമപ്രകാരമുള്ള പിഴയും തടവും ലഭിക്കുന്നതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഖത്തര്‍ ടി വിക്ക് നല്കിയ അഭിമുഖത്തിലാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക്ക് ബോധവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്‌ററനന്റ് ജബര്‍ മുഹമ്മദ് അദിബാ ഇക്കാര്യം പറഞ്ഞത്. നവംബര്‍ മാസത്തില്‍ റിപ്പോര്‍ട്ടു ചെയ്ത ഗതാഗത നിയമലംഘനങ്ങളില്‍ പലതും വേഗതയുമായി ബന്ധപ്പെട്ടായിരുന്നു. അവയില്‍ ഭൂരിപക്ഷവും കാംപിംഗ് സൈറ്റുകളിലേക്കുള്ള ഗ്രാമീണ റോഡുകളിലായിരുന്നു നടന്നത്. അപകടകരമായി വാഹനമോടിക്കുന്നവര്‍ മുമ്പിലുള്ളവരെ വേഗം കൂട്ടാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും വലതുഭാഗത്തെ റോഡ് അപകടമുക്തമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം പിന്നിലുള്ള വാഹനത്തെ കടത്തിവിടാമെന്നും അദ്ദേഹം അറിയിച്ചു. അപകടകരമായി വാഹനമോടിക്കുന്നവരെ ട്രാഫിക്ക് പട്രോളുകള്‍ നോട്ടമിട്ടിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
അല്‍ഖോര്‍, സീലൈന്‍, ദുഖാന്‍, സല്‍വ എന്നിവിടങ്ങളിലേക്കുള്ള റോഡുകളില്‍ വാരാന്ത്യങ്ങളിലാണ് കൂടുതല്‍ അപകടകരമായ ഡ്രൈവിംഗ് നടക്കുന്നത്.
അപകടമില്ലാത്ത കാംപിംഗ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കാംപിംഗുമായി ബന്ധപ്പെട്ട പുതിയ ബോധവത്ക്കരണ കാമ്പയിന്‍ നടക്കുന്നത്. ഗതാഗത അപകടങ്ങളിലെ സാമൂഹ്യ ഉത്തരവാദിത്വം, ട്രാഫിക്ക് നിയമങ്ങളെ ബഹുമാനിക്കുക, കാംപിംഗ് സീസണുകളില്‍ ട്രാഫിക്ക് നിയമങ്ങള്‍ അനുസരിക്കുക, യുവാക്കളിലെ അപകട മരണങ്ങളും പരിക്കുകളും കുറക്കുകയും കാംപര്‍മാര്‍ക്ക് സുരക്ഷിത പരിസ്ഥിതിയൊരുക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കാംപയിനില്‍ ഉദ്ദേശിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അഡ്വ. ഷിബു മീരാന്റെ പ്രഭാഷണം ഇന്ന്‌

മുതാസയ്ക്ക് അറബ് അത്‌ലറ്റ് പുരസ്‌ക്കാരം