in ,

അപൂര്‍വ ജനിതക രോഗബാധിതനായ ബാലന് ചലനശേഷി നല്‍കി സിദ്ര മെഡിസിന്‍

ദോഹ: ഡിഷന്‍ മസ്‌കുലാര്‍ ഡിസ്ട്രോഫി(ഡിഎംഡി) ബാധിച്ച് ശരീരം തളര്‍ന്നുപോയ കൗമാരക്കാരന്‍ അലിക്ക് സിദ്ര മെഡിസിനിലെ വിദഗ്ധ ചികില്‍സയിലൂടെ ലഭിച്ചത് പുതുജീവന്‍. 3,500 ആണ്‍കുട്ടികളില്‍ ഒരാള്‍ക്കെന്ന തോതില്‍ ജന്മനാ ഉണ്ടാകുന്ന രോഗമാണ് ഡിഎംഡി. ഇന്ത്യന്‍ വംശജനായ മനു സുന്ദരത്തിന്റെ നേതൃത്വത്തിലുള്ള പീഡിയാട്രിക് ഇന്റന്‍സിവ് കെയര്‍ യൂണിറ്റ് ടീമാണ് ദൈര്‍ഘ്യമേറിയ വിദഗ്ധ പരിചരണത്തിലൂടെ അലിയെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

ശസ്ത്രക്രിയ മുതല്‍ ദീര്‍ഘനാള്‍ മരുന്ന് ഉപയോഗവും അതീവ ശ്രദ്ധാപൂര്‍വമുള്ള ഫിസിയോ തെറാപ്പിയും വരെ ഉള്‍പ്പെടുന്ന സംയുക്ത ചികില്‍സയാണ് ഡിഎംഡി രോഗികള്‍ക്ക് നല്‍കുന്നത്.
കൗമാരത്തിന്റെ തുടക്കത്തിലേ നട്ടെല്ല് ദുര്‍ബലമായ അലിക്ക് 2017ല്‍ മറ്റൊരു ആസ്പത്രിയിലാണ്് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയാനന്തരം വീല്‍ചെയറില്‍ ഇരിക്കാന്‍ പോലുമാവാത്ത രീതിയില്‍ രോഗാവസ്ഥ വഷളാവുകയായിരുന്നു. കടുത്ത വേദന സഹിച്ച് കിടന്നകിടപ്പില്‍ കിടന്നിരുന്ന ഈ കൗമാരക്കാരനെ കടുത്ത ശ്വാസകോശ അണുബാധയെ തുടര്‍ന്ന് 2018 നവംബര്‍ മധ്യത്തിലാണ് സിദ്രയിലേക്ക് മാറ്റിയത്.

വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ആദ്യമെല്ലാം അലിയുടെ ജീവിതം. ഭക്ഷണം ദ്രവരൂപത്തില്‍ കുഴലിലൂടെ നല്‍കുകയായിരുന്നു. ശ്വാസകോശത്തിലെ അണുബാധ മാറിയതോടെ ശ്വാസോച്ഛ്വാസം സുഗമമാക്കാന്‍ ട്രക്കിയോസ്റ്റമി(ശ്വാസനാള ശസ്ത്രക്രിയ) നടത്തി. സിദ്ര ഹെഡ് ആന്‍ഡ് നെക്ക് , പീഡിയാട്രിക് ഓട്ടോലാരിഞ്ജോളജി വിഭാഗം മേധാവിയായ ഡോ. പാട്രിക് ഷഹീന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കഴുത്തിലെ ദ്വാരത്തിലൂടെ ശ്വാസകോശത്തിലേക്ക് കടത്തിയ കുഴലിലൂടെയായി പിന്നീട് ശ്വസനം.

ഇതിനൊപ്പം ഫിസിയോ തെറാപ്പി, റസ്്പിറേറ്ററി തെറാപ്പി, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി എന്നിവയും നല്‍കി.ക്രമേണ അലി ശരീരഭാരം വീണ്ടെടുത്തു തുടങ്ങി. ട്രക്കിയോസ്റ്റമി ട്യൂബ് ഉള്ളപ്പോള്‍തന്നെ സംസാരിക്കാമെന്ന സ്ഥിതിയിലായി. നാലുമാസം പിന്നിട്ടപ്പോഴേക്കും ശരീരം സ്വയം ചലിപ്പിക്കുകയും എഴുന്നേറ്റ് ഇരിക്കുകയും ചെയ്യാമെന്നായി.

വീല്‍ചെയറില്‍ ചുറ്റിയടിക്കാമെന്നായതോടെ അലി സിദ്രയിലെ രോഗസൗഖ്യ വിഭാഗത്തിലൂടെയും പൂന്തോപ്പിലൂടെയുംസഞ്ചരിക്കാന്‍ തുടങ്ങി. ഒടുവില്‍ ഏതാനുംദിവസം മുമ്പ് പൂര്‍ണമായി സുഖപ്പെട്ട് വീട്ടിലേക്കു മടങ്ങി.പേശികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഡിസ്ട്രോഫിന്‍ എന്ന പ്രോട്ടീന്റെ അഭാവമാണ് ഡിഷന്‍ മസ്‌കുലാര്‍ ഡിസ്ട്രോഫിക്ക് കാരണമാകുന്നത്.

അമ്മയില്‍ നിന്ന് ആണ്‍മക്കളിലേക്ക് ജനിതകമായി പകരുന്ന രോഗമാണിത്. രോഗബാധയില്ലാത്ത ഇത്തരം അമ്മമാരെ വാഹകര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മൂന്നു വയസിനും 6 വയസിനും ഇടയിലാണ് കുട്ടികളില്‍ രോഗം പ്രത്യക്ഷപ്പെടുക. പേശികളുടെ ബലക്ഷയമാണ് ആദ്യം അനുഭവപ്പെടുക. അരക്കെട്ടില്‍ തുടങ്ങി താഴേക്ക് മുട്ടുവരെയുള്ള ഭാഗത്തെ പേശികളാണ് ആദ്യം തളരുക. രണ്ടാമത് തോളിലെ പേശികളില്‍ തുടങ്ങി ഇരു കൈമുട്ടുകളിലൂടെ വ്യാപിച്ച് കഴുത്തിലേയും നെഞ്ചിലെയും പേശികളും ദുര്‍ബലമാകും. ഇതോടെ കിടന്നകിടപ്പില്‍ നിന്ന് സ്വയം അനങ്ങാന്‍പോലും പറ്റാതാകും.

പിന്നീട് അസ്ഥികള്‍ ദുര്‍ബലമാകും. ശരീരഭാരം കുത്തനെ കുറയും.രണ്ട് എക്സ് ക്രോമസോമുകള്‍ക്കും തകരാറുള്ള അമ്മമാരില്‍ നിന്നാണ് മക്കള്‍ക്ക് രോഗം ജനിതകമായി ലഭിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജയിലില്‍ നിന്ന് ഫോണില്‍ കൊടി സുനിയുടെ ഭീഷണി; പരാതിയുമായി പ്രവാസി സ്വര്‍ണ്ണ വ്യാപാരി

അമീര്‍ ഐഒസി പ്രസിഡന്റുമായി ചര്‍ച്ച നടത്തി