
ദോഹ: ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അഫ്ഗാനിസ്താനില്‍ കുടിവെള്ള, ശുചിത്വ സേവനങ്ങള്‍ നടപ്പാക്കുന്നു.. അഫ്ഗാനിലെ രണ്ടു പ്രവിശ്യകളിലായി 66 കിണറുകളാണ് കുഴിക്കുന്നത്. കാണ്ഡഹാര്‍, ഹെല്‍മണ്ട്, കാബൂള്‍, നിമ്രൂസ്, ഫറ എന്നിവിടങ്ങളിലെ 40,000 ജനങ്ങള്‍ക്ക് പ്രയോജനം ലഭ്യമാക്കുന്ന ജല ശുചിത്വ പദ്ധതിയുടെ ഭാഗമാണിവ.
ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പദ്ധതിയുടെ ചെലവ് 7.20ലക്ഷം ഡോളറാണ്. ക്യുആര്‍സിഎസിന്റെ അഫ്ഗാനിസ്താനിലെ ദൗത്യസംഘമാണ് നടപ്പാക്കുന്നത്. അഫ്ഗാന് എജ്യൂക്കേഷന്‍ ആന്റ് എയ്ഡ് ഓര്ഗനൈസേഷന്, ഗ്രാമീണ പുനരധിവാസ വികസന മന്ത്രാലയം, പദ്ധതി നടപ്പാക്കല്‍ മേഖലകളിലെ പ്രാദേശിക കമ്യൂണിറ്റി നേതാക്കള്‍ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
ആരോഗ്യസ്ഥിതിയും ജനസംഖ്യാ ജീവിതശൈലിയും മെച്ചപ്പെടുത്തല്‍, അശുദ്ധ ജലത്തിന്റെ ഫലമായുണ്ടാകുന്ന രോഗാവസ്ഥയും ആരോഗ്യപ്രശ്നങ്ങളും കുറക്കല്‍, ശുചിത്വസൗകര്യങ്ങളുടെ അഭാവം പരിഹരിക്കല്‍, ദൈനംദിന ഉപയോഗത്തിനായി വെള്ളം ലഭ്യമാക്കല്‍, മലിനജല- ടോയ്ലറ്റ് സംവിധാനങ്ങള്‍ നവീകരിക്കല്‍, പൊതുശുചിത്വ അവബോധവും ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കല്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
കാണ്ഡഹാര്‍, ഹെല്‍മണ്ട്, കാബൂള്‍ എന്നിവിടങ്ങളിലുടനീളമുള്ള പതിനാറു സ്കൂളുകള്‍ക്ക് പ്രയോജനം ലഭിക്കത്തക്കവിധത്തില്‍ സൗരോര്‍ജ പമ്പുകള്‍ ഉള്‍പ്പടെ പതിനാറു കിണറുകളുടെ നിര്‍മാണമാണ് പദ്ധതിയില്‍ ഏറ്റവും പ്രധാനം. 16,000 പേര്‍ക്കാണ് പ്രയോജനം ലഭിക്കുക.
ഒരു കണറിന് ചെലവ് 3190 ഡോളറാണ്. ആറു ടോയ്ലറ്റുകള് വീതമുള്ള പതിനഞ്ച് കെട്ടിടങ്ങളും നിര്‍മിക്കുന്നുണ്ട്. അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യം, മലിനജല സംവിധാനം എന്നിവയും കെട്ടിടങ്ങളിലുണ്ടാകും. കണ്ടഹാറിലെയും ഹെല്‍മണ്ടിലെയും പതിനഞ്ച് സ്ഥലങ്ങളിലെ ഉയര്‍ന്ന സാന്ദ്രതയുള്ള സ്കൂളുകള്‍ക്കാണ് പ്രയോജനം.
ഒരു കെട്ടിടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത് 15,815 ഡോളറാണ്. കാബുള്‍ പ്രവിശ്യയിലെ ബഗ്രാമി ജില്ലയിലെ ദാര്‍ ഉല് ഉലൂമില്‍ 20 ടോയ്ലറ്റുകളും അംഗശുദ്ധിവരുത്തുന്നതിനായി 40 ഏരിയകളും ഉള്‍ക്കൊള്ളുന്ന ഒരു കെട്ടിടവും നിര്‍മിക്കുന്നുണ്ട്. 48,200 യുഎസ് ഡോളറാണ് കെട്ടിടത്തിനു ചെലവ് പ്രതീക്ഷിക്കുന്നത്. 3000 വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനം ലഭിക്കും.
പടിഞ്ഞാറന്‍ അഫ്ഗാനിലെ ഫറാ, നിമ്രൂസ് സ്ഥലങ്ങളില്‍ 990 കുടുംബങ്ങളുടെ പ്രയോജനത്തിനായി മാനുവല്‍ പമ്പുകള്‍ സഹിതം 66 കുടിവെള്ള കിണറുകള്‍ നിര്‍മിക്കും. ഒരു കിണറിന് 3330 ഡോളറായിരിക്കും ചെലവ്. 16 സ്ഥലങ്ങളിലായി 16,000 സ്കൂള്‍ വിദ്യാര്‍ഥികളെയും കമ്യൂണിറ്റി അംഗങ്ങളെയും ലക്ഷ്യമിട്ട് ജല ശുചിത്വ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
16,000 ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അഫ്ഗാന് റെഡ്ക്രസന്റ് സൊസൈറ്റിയുമായി ഒപ്പുവച്ച ധാരണാപത്രം പ്രകാരം 2014 മുതല്‍ ക്യുആര്‍സിഎസ് അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.