
ദോഹ: അമീരി ഗാര്‍ഡ് അംഗങ്ങളുടെ കുട്ടികള്‍ക്കായുള്ള അഞ്ചാമത് സമ്മര്‍ ക്യാമ്പ് സമാപിച്ചു. ബര്‍സാന്‍ ക്യാമ്പില്‍ നടന്ന പരിപാടിയില്‍ അന്‍പതിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജൂലൈ ഏഴിനും ആഗസ്ത് ഒന്നിനും ഇടയില്‍ നാലാഴ്ചയായിരുന്നു ക്യാമ്പ്. സമാപനചടങ്ങില്‍ ഗാര്‍ഡ് ഓപ്പറേഷന്‍സ് ആന്റ് ഇന്റലിജന്റസ് അസിസ്റ്റന്റ് കമാന്‍ഡര്‍ കേണല്‍ മിഷാല്‍ മുഹമ്മദ് അല്‍അത്തിയ്യ പങ്കെടുത്തു.
അഞ്ചാംവര്‍ഷമാണ് സമ്മര്‍ ക്യാമ്പ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സൈന്യത്തില്‍ ചേരുന്നതിലൂടെ രാജ്യത്തെ സേവിക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക, അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള അവസരം ലഭ്യമാക്കുക, വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുകയും നേതൃത്വപരമായ കഴിവുകള്‍ പഠിപ്പിക്കുകയും ചെയ്യുക, കായിക, സാംസ്കാരിക, സാമൂഹിക അവബോധം വര്‍ധിപ്പിക്കുക, ഉത്തരവാദിത്വമുള്ള ഒരുതലമുറയെ വാര്‍ത്തെടുക്കുക എന്നിവയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയ സ്വത്വം വര്‍ധിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളിലൂടെ വേനല്‍ക്കാല അവധിക്കാലത്തെ വിദ്യാര്‍ഥികളുടെ ഒഴിവുസമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണെന്ന് വേനല്പരിപാടികള്ക്കായുള്ള കമ്മിറ്റിയുടെ ചെയര്മാന് മേജര്‍ ജാസിം അബ്ദുല്ല അല്‍ഖുലൈഫി പറഞ്ഞു. വിദ്യാര്‍ഥികളുടെ കഴിവുകളും ശേഷിയും അനാവരണം ചെയ്യുകയും അച്ചടക്കം, സ്വാശ്രയത്വം എന്നിവ രൂപപ്പെടുത്തുകയും ടീം വര്‍ക്കിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതും ലക്ഷ്യമാണ്.
അമീരി ഗാര്‍ഡ് അംഗങ്ങളുടെ ഏഴു മുതല്‍ പന്ത്രണ്ടുവയസുവരെ പ്രായമുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തതെന്ന് വേനല്പരിപാടികളുടെ ക്യാപ്റ്റന്‍ ഖാലിദ് ഹസന് അല്‍സുവൈദി പറഞ്ഞു.
ഷൂട്ടിങ്, കുതിരസവാരി, സ്വയംപ്രതിരോധം, ആയുധങ്ങള്‍ കൂട്ടിച്ചേര്‍ക്കലും വിഘടിപ്പിക്കലും, നീന്തല്‍, ഫുട്ബോള്‍, സാംസ്കാരിക മത്സരങ്ങള്‍, ഔഖാഫ് ഇസ് ലാമിക കാര്യമന്ത്രാലയവുമായി സഹകരിച്ച് മത പ്രഭാഷണങ്ങള്‍ എന്നിവയാണ് സമ്മര്‍ക്യാമ്പിന്റെ ഭാഗമായി നടന്ന പരിപാടികള്‍. സമാപനചടങ്ങില്‍ വിദ്യാര്‍ഥികള്‍ നാല് ആഴ്ചത്തെ പ്രോഗ്രാം കാലയളവില്‍ നേടിയ വിവിധ കഴിവുകള്‍ വെളിപ്പെടുത്തുന്ന സൈനിക കായിക പ്രകടനങ്ങള്‍ അവതരിപ്പിച്ചു.