
ദോഹ: അല്‍വഖ്റ സ്റ്റേഡിയത്തില്‍ ഇന്നു(മെയ് 16) രാത്രി നടക്കുന്ന അമീര്‍കപ്പ് ഫൈനല്‍ ഖത്തറിന്റെ രാജ്യാന്തര റഫറിമാര്‍ നിയന്ത്രിക്കും. അമീര്‍ കപ്പ്് നിലവിലെ ചാമ്പ്യന്മാരായ അല്‍ദുഹൈലും അല്‍സദ്ദും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇന്നു രാത്രി പത്തരയ്ക്കാണ് കിക്കോഫ്. രാജ്യാന്തര റഫറി അബ്ദുല്റഹ്മാന് അല്ജാസിമായിരിക്കും മുഖ്യ റഫറി. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നിയന്ത്രിച്ചതിന്റെ അനുഭവസമ്പത്തുമായാണ് അബ്ദുല്റഹ്മാന് അല്‍ജാസിം ഖത്തറിലെ ഏറ്റവും പ്രശസ്തമായ ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടം നിയന്ത്രിക്കാനെത്തുന്നത്.
താലിബ് സലേമായിരിക്കും ഫസ്റ്റ് അസിസ്റ്റന്റ്. സഊദ് അഹമ്മദ് സെക്കന്റ് അസിസ്റ്റന്റ്. ഖമീസ് അല്‍കുവാരി നാലാം റഫറി. സല്മാന് ഫലാഹിയാണ് വീഡിയോ റഫറി. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് ആര്ബിട്രേഷന് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഫൈനലിനുള്ള ടിക്കറ്റുകളെല്ലാം ഒരു ദിവസം മുന്‍പുതന്നെ പൂര്‍ണമായും വിറ്റുപോയി.