
ദോഹ: അമീര്‍ കപ്പ് ഫൈനല്‍ ദിനത്തില്‍ ഫുട്ബോള്‍ ആസ്വാദകരുടെ സുഗമമായ ഗതാഗതത്തിനായി പൊതുഗതാഗത കമ്പനിയായ മൂവസലാത്ത് ഉപയോഗിച്ചത് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകള്‍. 10,000ലധികം കാണികളെയും 6,000ലധികം വിദ്യാര്‍ഥികളെയും വഖ്റയിലെ അല്‍ജനൂബ് സ്റ്റേഡിയത്തിലെത്തിച്ചത് ഈ ബസുകള്‍ മുഖേനയായിരുന്നു.
ദേശീയ ദര്‍ശനരേഖ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കല്‍, സുസ്ഥിര പരിസ്ഥിതി വികസനം ശക്തിപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് ഇലക്ട്രിക് ബസുകള്‍ കൂടുതലായി ഉപയോഗിച്ചതെന്ന് മൂവസലാത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
10,000ലധികം ഫുട്ബോള്‍ ആസ്വാദകരെ കൊണ്ടുപോകുന്നതിനായി 115 ബസുകളും 6,000 വിദ്യാര്‍ഥികള്‍ക്കായി 75 ബസുകളുമാണ് ഉപയോഗിച്ചത്. അല്‍ജനൂബ് സ്റ്റേഡിയം ഉദ്ഘാടനവും അമീര്‍കപ്പ് ഫൈനലും വീക്ഷിക്കുന്നതിനായി ആകെയെത്തിയത് 38,678 കാണികളായിരുന്നു.
അംഗപരിമിതരായവര്‍ക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിനായി വീല്‍ചെയര്‍ സൗകര്യങ്ങളും മൂവസലാത്ത് സജ്ജമാക്കിയിരുന്നു. ദോഹ മെട്രോയിലെ യാത്രക്കാരുടെ ഗതാഗതത്തിനായി ഖത്തര്‍ റെയിലുമായി സഹകരിച്ച് മെട്രോലിങ്ക് ഫീഡര്‍ ബസുകളും സര്‍വീസ് നടത്തി.
അമീര്‍ കപ്പ് ഫൈനലില്‍ യാത്രക്കാരുടെ ഗതാഗതം കാര്യക്ഷമമാക്കാന്‍ മികച്ച ഇടപെടലാണ് മൂവസലാത്ത് നടത്തിയത്. വലിയൊരു വിഭാഗം കാണികളും മൂവസലാത്തിന്റെ ബസ് സര്‍വീസുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി.
അല്‍ജനൂബ് സ്റ്റേഡിയത്തിലേക്കും തിരിച്ചും യാത്രക്കാരുടെ കൈമാറ്റത്തില്‍ ലോഡിങിനും ഓഫ് ലോഡിങിനും കേവലം ഒരുമിനുട്ട് സമയം മാത്രമാണ് ബസുകളെടുത്തത്. രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിന്റെ പ്രകടനവും സംയോജനവും മെച്ചപ്പെടുത്തുന്നതില്‍ ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെയും മറ്റു ഓഹരിപങ്കാളികളുടെയും വിവിധ പദ്ധതികള്‍ വലിയതോതില്‍ സംഭാവന നല്‍കുന്നുണ്ടെന്ന് മൂവസലാത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഫഹദ് സാദ് അല്‍ഖഹ്താനി പറഞ്ഞു.
അമീര്‍ കപ്പ് ഫൈനലിന്റെ കാര്യത്തില്‍ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്, സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഖത്തര്‍ റെയില്‍ എന്നിവയുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം.