
ദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി അമീര്‍ ശൈഖ്് തമീം ബിന്‍ ഹമദ് അല്‍താനി ചര്‍ച്ച നടത്തി. അമീരിദിവാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഖത്തറും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി ബന്ധവും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. പൊതുവായ താല്‍പര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നു. സാമ്പത്തിക, നിക്ഷേപ, ഊര്‍ജ മേഖലകളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയായി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയും ചര്‍ച്ചയില്‍ പങ്കെടുത്തു. അമീരിദിവാനില്‍ പാക് പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണമാണ് ഒരുക്കിയത്. അമീര്‍ പാകിസ്താന്‍ പ്രധാനമന്ത്രിക്ക് ഉച്ചവിരുന്നും നല്‍കി. നേരത്തെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പാക് പ്രധാനമന്ത്രിയെ ഊര്‍ജസഹമന്ത്രി സാദ് ബിന്‍ ഷെരിദ അല്‍കഅബി സ്വീകരിച്ചു. ഖത്തറിലെ പാക് അംബാസഡര്‍ സയിദ് അഹ്‌സാന്‍ റാസ ഷായും വിമാനത്താവളത്തിലെത്തിയിരുന്നു.