തുര്‍ക്കിഷ് പ്രസിഡന്റുമായും അമീര്‍ ചര്‍ച്ച നടത്തി

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ന്യുയോര്‍ക്കില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി ചര്‍ച്ച നടത്തി. ന്യുയോര്‍ക്കില്‍ യുഎന്‍ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
യുഎന്‍ പൊതുസഭയുടെ 74-ാമത് സെഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അമീര്‍. നിരവധി മേഖലാ, രാജ്യാന്തര വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. മിഡില്‍ഈസ്റ്റിലെ സാഹചര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്, പ്രത്യേകിച്ചും ഫലസ്തീന്, സിറിയ, ലിബിയ, യമന്‍ വിഷയങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. ഖത്തറും യുഎന്നും തമ്മിലുള്ള സഹകരണവും വിലയിരുത്തി.

യുഎന്നിനും വിവിധ മാനുഷിക, കാരുണ്യ പ്രോഗ്രാമുകള്‍ക്കും പ്രത്യേകിച്ചും യുഎന്ആര്ഡബ്ല്യുഎക്കും ഖത്തര്‍ നല്കുന്ന പിന്തുണക്ക് അമീറിന് യുഎന്‍ സെക്രട്ടറി ജനറല്‍ നന്ദി അറിയിച്ചു. യുഎന്‍ പൊതുസഭയുടെ 74-ാമത് സെഷന്റെ അജണ്ടയിലെ ഏറ്റവും സുപ്രധാന വിഷയങ്ങളും യോഗത്തില്‍ കൈകാര്യം ചെയ്തു. യുഎന്‍ സെക്രട്ടറി ജനറല്‍ ഒരുക്കിയ ഉച്ചവിരുന്നിലും അമീര്‍ പങ്കെടുത്തു. തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനുമായും അമീര്‍ ചര്‍ച്ച നടത്തി.
രണ്ടു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം ഇരുവരും വിലയിരുത്തി. മേഖലയിലെ ഏറ്റവും സുപ്രധാന സംഭവവികാസങ്ങളില്‍ ഇരുവരും തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. ഗള്‍ഫിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയായി.