
ഖത്തറും റുവാണ്ടയും ധാരണാപത്രങ്ങളിലും കരാറുകളിലും ഒപ്പുവച്ചു
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമെയുമായി ചര്‍ച്ച നടത്തി. റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലായിരുന്നു കൂടിക്കാഴ്ച. ഉഭയകക്ഷി സഹകരണവും ബന്ധം വികസിപ്പിക്കുന്നതിനും ചര്‍ച്ചയായി.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണസാധ്യതകളും അവസരങ്ങളും വികസിപ്പിക്കുന്നത് വിഷയമായി. സാമ്പത്തികം, നിക്ഷേപം, വിദ്യാഭ്യാസം, നൂതനത, സംസ്കാരം, കായികം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണ അവസരങ്ങള്‍ വികസിപ്പിക്കുന്നത് കൂടിക്കാഴ്ച്ചയില്‍ ഉയര്‍ന്നുവന്നു. മേഖലാ, രാജ്യാന്തര തലത്തില്‍ പൊതുവായതാല്പര്യമുള്ള വിവിധ വിഷയങ്ങളില്‍ ഇരു നേതാക്കളും തങ്ങളുടെ അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവച്ചു.
ഇരുവരുടെയും സാന്നിധ്യത്തില്‍ ഖത്തറും റുവാണ്ടയും കരാറും ധാരണാപത്രവും ഒപ്പുവച്ചു. എയര്സ്പെയ്സുമായി ബന്ധപ്പെട്ട കരാറും കായിക, സാംസ്കാരിക മേഖലകളിലെ സഹകരണം സംബന്ധിച്ച രണ്ടു കരട് ധാരണാപത്രങ്ങളും ടൂറിസം, വ്യവസായ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച സഹകരണപത്രവും ഒപ്പുവച്ചു.
പ്രസിഡന്റ് പോള്‍ കഗാമെയുടെ ക്ഷണപ്രകാരമാണ് അമീര്‍ റുവാണ്ടയിലെത്തിയത്. കിഗാലി രാജ്യാന്തരവിമാനത്താവളത്തില്‍ അമീറിനെയും ഔദ്യോഗിക പ്രതിനിധിസംഘത്തെയും പ്രസിഡന്റ് പോള്‍ കഗാമെ സ്വീകരിച്ചു. അമീറിന് ഔദ്യോഗിക വരവേല്‍പ്പും ഒരുക്കിയിരുന്നു. ഫോക് ലോറിക് റുവാണ്ടന്‍ ഗ്രൂപ്പിന്റെ പ്രകടനവും ആകര്‍ഷകമായി.