in ,

അമീര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

ന്യുയോര്‍ക്കില്‍ ഭരണത്തലവന്‍മാരുമായി അമീറിന്റെ കൂടിക്കാഴ്ച

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ന്യുയോര്‍ക്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

ദോഹ: ന്യുയോര്‍ക്കില്‍ യുഎന്‍ പൊതുസഭയുടെ 74-ാമത് സെഷനില്‍ പങ്കെടുക്കാനെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്‍മാരുമായി ചര്‍ച്ച നടത്തി.

അമീര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉഭയകക്ഷിബന്ധങ്ങളും സഹകരണത്തിന്റെ വിവിധ വശങ്ങളും വികസിപ്പിക്കുന്നത് ചര്‍ച്ചയായി. രണ്ടു സൗഹൃദ രാജ്യങ്ങളിലെ ജനങ്ങളുടെ താല്‍പര്യം നിറവേറ്റുന്നതിനുള്‍പ്പടെ സാമ്പത്തിക രാഷ്ട്രീയമേഖലകളിലെ സഹകരണവും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നു. ന്യുയോര്‍ക്കില്‍ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം ദൗത്യസംഘത്തിന്റെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.

ഖത്തറില്‍ ഇന്ത്യന്‍ സമൂഹത്തിനു നല്‍കുന്ന നല്‍കുന്ന നല്ല പരിഗണനക്കും മികച്ച പെരുമാറ്റത്തിനും അമീറിനോടു നരേന്ദ്ര മോദി നന്ദി അറിയിച്ചു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളില്‍ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അമീറും പ്രധാനമന്ത്രിയും കൈമാറി. അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധിസംഘത്തിലെ അംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലും അമീറുമായി കൂടിക്കാഴ്ച നടത്തി. രണ്ടു സൗഹൃദരാജ്യങ്ങള്‍ക്കിടയിലെ തന്ത്രപ്രധാന സഹകരണം ഇരുവരും വിലയിരുത്തി. ബന്ധം വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. ജര്‍മനിയിലെ ഖത്തറിന്റെ നിക്ഷേപത്തിന് ചാന്‍സലര്‍ അമീറിന് നന്ദി അറിയിച്ചു. സുപ്രധാന രാജ്യാന്തര സംഭവവികാസങ്ങളിലും ലിബിയ ഉള്‍പ്പടെ മിഡില്‍ഈസ്റ്റിലെ വിഷയങ്ങളിലും അഭിപ്രായങ്ങള്‍ ഇരുവരും പങ്കുവെച്ചു.

അമീര്‍ ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തുന്നു

സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദൗഖുമായും അമീര്‍ ചര്‍ച്ച നടത്തി. യോഗത്തില്‍ ഉഭയകക്ഷി ബന്ധവും രണ്ടു സഹോദര ജനതയുടെ പ്രയോജനത്തിനായി അവ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും അവലോകനം ചെയ്തു. സുഡാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ദാര്‍ഫുര്‍ സമാധാനപ്രക്രിയ്യയില്‍ ഖത്തറിന്റെ സുപ്രധാന പങ്കിനെ സുഡാന്‍ പ്രധാനമന്ത്രി പ്രശംസിച്ചു.

സുഡാനോടും അവിടത്തെ ജനങ്ങളോടുമുള്ള ഖത്തറിന്റെ പിന്തുണയയെും നിലപാടുകളെയും അദ്ദേഹം അഭിനന്ദിച്ചു. സുഡാനീസ് ജനതയെ പിന്തുണക്കുന്നതില്‍ ഖത്തറിന്റെ നിലപാട് അമീര്‍ ആവര്‍ത്തിച്ചു. സ്വാതന്ത്ര്യം സമാധാനം നീതി എന്നിവക്കുള്ള സുഡാനീസ് ജനതയുടെ ആഗ്രഹങ്ങളും താല്‍പര്യവും സാധ്യമാക്കുന്നതിനും സുഡാന്റെ ഐക്യം കൈവരിക്കുന്നതിലും ഖത്തറിന്റെ പിന്തുണയും അമീര്‍ വ്യക്തമാക്കി.

റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെയുമായും അമീര്‍ കൂടിക്കാഴ്ച നടത്തി. ന്യുയോര്‍ക്ക് സിറ്റിയില്‍ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം ദൗത്യസംഘത്തിന്റെ ആസ്ഥാനത്തായിരുന്നു ചര്‍ച്ച. ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും അവലോകനം ചെയ്തു. പൊതുവായ ആശങ്കകളുള്ള നിരവധി പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നു.

യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യുഷിനുമായി നടത്തിയ ചര്‍ച്ചയില്‍ ഖത്തറും അമേരിക്കയും തമ്മിലുള്ള സഹകരണ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും അവ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.

ജെപി മോര്‍ഗന്‍ ചെയര്‍മാനും സിഇഒയുമായ ജാമി ദിമോണുമായും അമീര്‍ ചര്‍ച്ച നടത്തി. ന്യുയോര്‍ക്കില്‍ അമീറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകളും അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളുമായിരുന്നു അജണ്ട.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇനി രണ്ടുദിനം കൂടി

ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ നിശിത വിമര്‍ശനവുമായി അമീര്‍