
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറാനിയന്‍ വിദേശകാര്യമന്ത്രി ജവാദ് ഷരീഫുമായി ചര്‍ച്ച നടത്തി. അല്‍ബഹര്‍ പാലസിലായിരുന്നു കൂടിക്കാഴ്ച. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം.
ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ രേഖാമൂലമുള്ള സന്ദേശം വിദേശകാര്യമന്ത്രി അമീറിന് കൈമാറി. ഖത്തറിനും ഇറാനുമിടയിലെ ഉഭയകക്ഷിബന്ധവും സഹകരണം വികസിപ്പിക്കുന്നതും നിരവധി മേഖലാ, രാജ്യാന്തര വിഷയങ്ങളുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം.
അമീറും ജവാദ് ഷരീഫും നടത്തിയ കൂടിക്കാഴചയില്‍ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയായി. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും ജവാദ് ഷരീഫുമായി ചര്‍ച്ച നടത്തി.
കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിസഹകരണം ഇരുവരും വിലയിരുത്തി. സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. പൊതുവായ താല്‍പര്യമുള്ള വിവിധ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.