
ദോഹ: 2022 ഫിഫ ലോകകപ്പിനായി സജ്ജമാകുന്ന അല്‍വഖ്‌റ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മേയില്‍. മേയ് 16ന് നടക്കുന്ന അമീര്‍ കപ്പ് ഫൈനലിനോടനുബന്ധിച്ച് അല്‍വഖ്‌റ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ട്വിറ്ററില്‍ കുറിച്ചു. ഉദ്ഘാടന ചടങ്ങിന്റെയും അമീര്‍ കപ്പ് ഫൈനലിന്റെയും ടിക്കറ്റ് വില്‍പ്പന തുടങ്ങിയിട്ടുണ്ട്.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി ടിക്കറ്റുകള്‍ നേടാം. സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം മേയില്‍ നടക്കുമെന്ന് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 എല്‍എല്‍സി സിഇഒ സിഇഒ നാസര്‍ അല്‍ഖാതിര്‍ നേരത്തെ അറിയിച്ചിരുന്നു. വഖ്‌റ സ്‌റ്റേഡിയത്തിന്റെ ടര്‍ഫ് സ്ഥാപിച്ചതില്‍ ലോകറെക്കോര്‍ഡ് കൈവരിക്കാനായി. ഒന്‍പത് മണിക്കൂര്‍ 15 മിനിട്ടുകൊണ്ടാണ് സ്റ്റേഡിയത്തിന്റെ പിച്ചിനായുള്ള പുല്‍ത്തകിടി വിരിച്ചത്.
7800 സ്‌ക്വയര്‍മീറ്ററാണ് പുല്‍ത്തകിടിയുടെ വിസ്തീര്‍ണം. സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെയും ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെയും ടര്‍ഫ് നഴ്‌സിറിയില്‍ വികസിപ്പിച്ച പുല്‍ത്തകിടിയാണ് വഖ്‌റ സ്റ്റേഡിയത്തില്‍ വിരിച്ചത്. ഖത്തര്‍ ലോകകപ്പിനായി ആദ്യം സജ്ജമായ നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിന്റെ റെക്കോര്‍ഡാണ് വഖ്‌റ സ്‌റ്റേഡിയം മറികടന്നത്. പതിമൂന്ന് മണിക്കൂര്‍ പതിനഞ്ചു മിനിട്ടുകൊണ്ടാണ് ഖലീഫ സ്റ്റേഡിയത്തില്‍ പുല്‍ത്തകിടി സ്ഥാപിച്ചത്. 2016ല്‍ അല്‍സദ്ദ് സ്റ്റേഡിയം സ്ഥാപിച്ച റെക്കോര്‍ഡായിരുന്നു ഖലീഫ സ്റ്റേഡിയം തിരുത്തിയത്.
14 മണിക്കൂര്‍ 40 മിനുട്ടുകൊണ്ടായിരുന്നു അല്‍സദ്ദ് സ്റ്റേഡിയത്തിന്റെ ടര്‍ഫ് വിരിച്ചത്. 40,000 ആണ് വഖ്‌റ സ്‌റ്റേഡിയത്തിന്റെ സീറ്റിങ് ശേഷി. ലോകകപ്പിനു ശേഷം സീറ്റുകളുടെ എണ്ണം 20,000 ആക്കി കുറയ്ക്കും. ഇവ വികസ്വര രാജ്യങ്ങളിലെ കായിക വികസനത്തിനായി കൈമാറും. വിഖ്യാത ഇറാഖി- ബ്രിട്ടീഷ് വാസ്തുശില്‍പിയായ സഹാ ഹാദിദാണു സ്റ്റേഡിയം ഡിസൈന്‍ ചെയ്തത്.
ഖത്തറിന്റെ സമുദ്രപാരമ്പര്യവും മുത്തുവാരലും സൂചിപ്പിക്കുന്ന ദൗവിന്റെ മാതൃകയാണു സ്റ്റേഡിയം രൂപകല്‍പനയ്ക്കായി സഹ സ്വീകരിച്ചത്. 575 മില്യണ്‍ യുഎസ് ഡോളറാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നതെന്ന് എഎഫ്പി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്റ്റേഡിയത്തിന്റെ പ്രത്യേകമായ ഉള്ളിലേക്കു മടക്കിവയ്ക്കാവുന്ന രീതിയിലുള്ളതാണ് മേല്‍ക്കൂര ഘടന. പരമ്പരാഗത പായ്ക്കപ്പലിനെ അനുസ്മരിപ്പിക്കുന്നതാണ് റൂഫ്.
സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയായി സജ്ജമാകുന്നതോടെ പരീക്ഷണ മത്സരങ്ങള്‍ക്കായി ഉപയോഗിക്കും. രാജ്യാന്തര സൗഹൃദമത്സരങ്ങളും ഇവിടെ സംഘടിപ്പിക്കും. വഖ്‌റ സ്‌പോര്‍ട്‌സ് ക്‌ളബിന്റെ ഹോം ഗ്രൗണ്ടായി ലോകകപ്പിനു ശേഷം സ്റ്റേഡിയം ഉപയോഗിക്കും. ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ ഇവിടെ നടക്കും. 2017 മേയ് 19ന് നടന്ന അമീര്‍ കപ്പ് ഫൈനലിനോടനുബന്ധിച്ചായിരുന്നു ഖത്തര്‍ ലോകകപ്പിനായുള്ള ആദ്യ സ്റ്റേഡിയമായ നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലോകത്തിനു മുമ്പാകെ സമര്‍പ്പിച്ചത്.
രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു അമീര്‍ കപ്പ് ഫൈനലിനോടനുബന്ധിച്ചായിരിക്കും വഖ്‌റ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം. ഖത്തര്‍ ലോകകപ്പിനായുള്ള രണ്ടാമത്തെ സ്റ്റേഡിയവും അമീര്‍ ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കും. ലോകകപ്പിനായുള്ള മൂന്നാമത്തെ സ്റ്റേഡിയമായ അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും.
2022 ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കായി 41 പരിശീലന ഗ്രൗണ്ടുകളാണ് സുപ്രീംകമ്മിറ്റി സജ്ജമാാക്കുന്നത്. ഇതില്‍ 32 എണ്ണം അടിസ്ഥാന ഗ്രൗണ്ടുകളും ഒന്‍പതെണ്ണം അധിക ഗ്രൗണ്ടുകളുമാണ്.