സിഐഎ ഡയറക്ടറും അമീറുമായി ചര്‍ച്ച നടത്തി

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വാഷിങ്ടണില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ചര്‍ച്ച നടത്തി. വാഷിങ്ടണ്‍ ഡിസിയിലെ അമീറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. തന്ത്രപരമായ ഉഭയകക്ഷിബന്ധവും വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പങ്കാളിത്തവും സഹകരണവും വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയില്‍ അവലോകനം ചെയ്തു.
മേഖലാ രാജ്യാന്തര തലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഫലസ്തീന്, സിറിയ, സുഡാന്, ലിബിയ, യമന്‍ എന്നിവിടങ്ങളിലെയും അഫ്ഗാനിസ്താനിലെയും സാഹചര്യങ്ങളും സംബന്ധിച്ച് ഇരുവരും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചു. ഇന്‍ട്രാ അഫ്ഗാന് സമ്മേളനം സ്പോണ്സര് ചെയ്തുകൊണ്ട് സമാധാനം കൈവരിക്കുന്നതിനുള്ള സംഭാവനയ്ക്കും ഖത്തറിന്റെ ശ്രദ്ധേയമായ പങ്കിനും അമീറിനോട് മൈക്ക് പോംപിയോ നന്ദി അറിയിച്ചു. അമീറിനൊപ്പമുണ്ടായിരുന്ന ഔദ്യോഗിക പ്രതിനിധിസംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസുമായും അമീര്‍ ചര്‍ച്ച നടത്തി. വാണിജ്യം, നിക്ഷേപം, സാമ്പത്തികം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷിസഹകരണം ഇരുവരും വിലയിരുത്തി. സഹകരണം കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും അവസരങ്ങളും ചര്‍ച്ച ചെയ്തു. യുഎസ് സെന്‍ട്രല്‍ ഇന്റലിജന്റ്സ് ഏജന്‍സി(സിഐഎ) ഡയറക്ടര്‍ ജിന ഹാസ്പെലും അമീറുമായി ചര്‍ച്ച നടത്തി. സുരക്ഷാമേഖലകളിലെ തന്ത്രപരമായ ഉഭയകക്ഷിസഹകരണവും അവ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയില്‍ അവലോകനം ചെയ്തു.
തിവ്രവാദവിരുദ്ധ മേഖലയില്‍ ഖത്തര്‍ വഹിക്കുന്ന പങ്കിനും ഇക്കാര്യത്തില്‍ യുഎസുമായുള്ള സഹകരണത്തിനും അമീറിന് ജിന ഹാസ്പെല്‍ നന്ദി അറിയിച്ചു. അഫ്ഗാനിസ്താന് സമാധാന ചര്‍ച്ചയുടെ പുരോഗതി, മേഖലാ, രാജ്യാന്തര സംഭവവികാസങ്ങള്‍ തുടങ്ങിയവയും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നു. ഇന്‍ട്രാ അഫ്ഗാന് സംവാദത്തിന് ഖത്തര്‍ ആതിഥ്യമേകിയതിനെയും അവര്‍ പ്രശംസിച്ചു. യുഎസ് ഹൗസ് ഓഫ്റപ്രസന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസിയും അമീറുമായി ചര്‍ച്ച നടത്തി.
വാഷിങ്ടണ്‍ ഡിസിയില്‍ യുഎസ് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളില്‍ ഉഭയകക്ഷിസഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയായി. യുഎസ് സെനറ്റിന്റെ സായുധസേവന സമിതി അംഗങ്ങളുമായും അമീര്‍ കൂടിക്കാഴ്ച നടത്തി. കമ്മിറ്റി ചെയര്മാന് സെനറ്റര്‍ ജിം ഇന്‍ഹോഫ്, അംഗങ്ങളും സെനറ്റര്‍മാരുമായ ജാക്ക് റീഡ്, മൈക്ക് റൗണ്ട്സ്, ആന്‍ഗസ് കിങ്, റിക്ക് സ്കോട്ട്, ഡേവിഡ് പെര്‍ഡ്യു, മാര്‍ഷ ബ്ലാക്ക്ബേണ്‍, റിച്ചാര്‍ഡ് ബ്ലൂമെന്താല് തുടങ്ങിയവര്‍ പങ്കെടുത്തു.
യുഎസ് കോണ്‍ഗ്രസ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. സൈനിക, പ്രതിരോധ, സുരക്ഷാമേഖലകളിലെ തന്ത്രപ്രധാന ഉഭയകക്ഷിസഹകരണമാണ് പ്രധാനമായും ചര്‍ച്ചയായത്. ഭീകരവാദത്തിനും ധനസഹായം പ്രതിരോധിക്കുന്നതിനുള്ള സംയുക്തശ്രമങ്ങളെയും യോഗം അഭിസംബോധന ചെയ്തു.
ഈ വിഷയത്തില്‍ ഖത്തര്‍ വഹിക്കുന്ന പങ്കിനെ സെനറ്റ് അംഗങ്ങള്‍ പ്രശംസിച്ചു. അല്‍ഉദൈദ് എയര്‍ബേസ് വിപുലീകരണത്തിനും കൂടുതല്‍ അമേരിക്കന്‍ സേനയ്ക്ക് ആതിഥ്യമൊരുക്കുന്നതിനും അമീറിനെ അവര്‍ നന്ദി അറിയിച്ചു. യുഎസ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്മാന് ആദം ഷിഫ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുമായും അമീര്‍ ചര്‍ച്ച നടത്തി.
സുരക്ഷാ മേഖലയിലെ ഉള്‍പ്പടെ തന്ത്രപരമായ ഉഭയകക്ഷി സഹകരണം വിലയിരുത്തി. ബന്ധം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയായി. യുഎസ് ഹൗസിലെ വിദേശകാര്യകമ്മിറ്റി ചെയര്മാന് എലിയറ്റ് എംഗല്, വൈസ് ചെയര്‍ ജോ വില്‍സണ്‍, മിഡില്‍ഈസ്റ്റ് കാര്യങ്ങള്‍ക്കായുള്ള സബ്കമ്മിറ്റി ചെയര്മാന് ടെഡ് ഡ്യുഷ്, മൈക്കല്‍ മക്കോള്‍, സ്റ്റീവ് ഷാബോട്ട്, ബ്രാഡ് ഷെര്മന് തുടങ്ങിയവരും അമീറുമായി ചര്‍ച്ച നടത്തി.
ഫോറിന് റിലേഷന്‍സ് സെനറ്റ് കമ്മിറ്റി ചെയര്മാന് ജെയിംസ് റിഷ്, വൈസ് ചെയര്‍ ബോബ് മെനന്‍ഡസ്, അംഗങ്ങളായ മിറ്റ് റോംനി, ടെഡ ക്രൂസ്, ലിന്‍ഡ്സെ ഗ്രഹാം, റോബ് പോര്ട്ട്മാന്, മാര്‍ക്കോ റൂബിയോ, ബെന്‍ കാര്‍ഡിന്, ജെന്നി ഷഹീന്, ടോം ഉഡാല്‍, ജോണ്‍ ഇസ്ക്സണ്, റോണ്‍ ജോണ്സണ്, ടിം കെയ്ന്‍, ജോണ്‍ ബരാസോ ജെഫ് മെര്‍ക്ക്ലി, ടോഡ് യങ്, എഡ്വാഡ് മാര്‍ക്കി എന്നിവരും അമീറുമായി ചര്‍ച്ച നടത്തി.