
ദോഹ: സാമ്പത്തിക, നിക്ഷേപ ഉന്നതാധികാര സമിതിയുടെ ഈ വര്‍ഷത്തെ അഞ്ചാമത് യോഗത്തിന് സമിതി ചെയര്‍മാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധ്യക്ഷത വഹിച്ചു.
സമിതി ഉപാധ്യക്ഷനും ഡെപ്യൂട്ടി അമീറുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, സമിതിയിലെ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ അമീരി ദീവാനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ പങ്കെടുത്തു. അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവയുമായി ബന്ധപ്പെട്ട ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാര്‍ സംരംഭങ്ങളും കൗണ്‍സില്‍ അവലോകനം ചെയ്തു.
പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാകുമെന്ന് ഉറപ്പാക്കും. സമ്പദ്വ്യവസ്ഥയില്‍ സ്വകാര്യമേഖലയുടെ സംഭാവന വര്‍ദ്ധിപ്പിക്കുക, പ്രാദേശിക, വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, നവീകരണം പ്രോത്സാഹിപ്പിക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ വിലയിരുത്തി.
ലോജിസ്റ്റിക്‌സ്, ഭക്ഷ്യ സുരക്ഷ, നിര്‍മ്മാണം, വ്യവസായം, ഉല്‍പ്പാദനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലെ പൊതു-സ്വകാര്യ പങ്കാളിത്തവും കൗണ്‍സില്‍ അവലോകനം ചെയ്തു.
രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ കുറഞ്ഞ നിരക്കില്‍ വെയര്‍ഹൗസുകളും കേന്ദ്ര വിപണികളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഭാവി പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഭക്ഷ്യസുരക്ഷ, ഉത്പാാദനം, തവ്തീന്‍ പ്രോഗ്രാം, ഫ്രീ സോണുകള്‍ എന്നിവയിലെ തന്ത്രപരമായ പരിപാടികള്‍ ഉള്‍പ്പടെ സര്‍ക്കാര്‍ സംരംഭങ്ങളെയും ഖത്തര്‍ വിഷന്‍ 2030 പ്രോഗ്രാമുകളെയും ബന്ധിപ്പിക്കുന്ന പ്രത്യേക അവതരണവും നടന്നു.