Saturday, January 23ESTD 1934
Shadow

അമീറിന്റെ അധ്യക്ഷതയില്‍ സുപ്രീം സാമ്പത്തിക കൗണ്‍സില്‍ ചേര്‍ന്നു

ഭക്ഷ്യോത്പാദന, സ്വതന്ത്ര മേഖലാ പദ്ധതികള്‍ ചര്‍ച്ച ചെയ്തു

ദോഹ: സാമ്പത്തിക, നിക്ഷേപ ഉന്നതാധികാര സമിതിയുടെ ഈ വര്‍ഷത്തെ പ്രഥമ യോഗത്തിന് സമിതി ചെയര്‍മാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധ്യക്ഷത വഹിച്ചു.
സമിതി ഉപാധ്യക്ഷനും ഡെപ്യൂട്ടി അമീറുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി, സമിതിയിലെ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ അമീരി ദീവാനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ പങ്കെടുത്തു. അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവയുമായി ബന്ധപ്പെട്ട ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.
ഊര്‍ജ നിക്ഷേപ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രവും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളെ പിന്തുണക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. പച്ചക്കറികള്‍, കന്നുകാലികള്‍, മത്സ്യം എന്നിവയുടെ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള അവതരണവും നടന്നു. രാജ്യത്തിന്റെ തന്ത്രപരമായ ഭക്ഷണ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഘട്ടങ്ങളും അവതരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭക്ഷ്യസുരക്ഷയുടെ ഒരു സ്തംഭമെന്ന നിലയില്‍ അന്താരാഷ്ട്ര വ്യാപാരത്തിന് വഹിക്കാവുന്ന പങ്കിനെക്കുറിച്ചും വിശദീകരിച്ചു. പ്രാദേശിക വിപണിയെക്കുറിച്ചും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കായി മാര്‍ക്കറ്റിങ് ഔട്ട്‌ലെറ്റ് ലഭ്യമാക്കുന്ന പ്രോഗ്രാമുകളെക്കുറിച്ചും ചര്‍ച്ചചെയ്തു.
സ്വതന്ത്രമേഖലയുമായി(ഫ്രീസോണ്‍സ്) ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയായി. ലോകത്തിലെ ഏറ്റവും പ്രമുഖമായ ബൃഹദ്കമ്പനികള്‍ സ്വതന്ത്ര മേഖലയില്‍ ചേരാന്‍ തുടങ്ങിയിട്ടുണ്ട്. ആകെ മൂന്നു ബില്യണ്‍ ഖത്തര്‍ റിയാല്‍ മൂല്യമുള്ള പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്തില്‍ ഒരു മില്യണ്‍ റിയാല്‍ മൂല്യമുള്ള പദ്ധതികള്‍ക്കു മാത്രമായിരുന്നു അംഗീകാരം നല്‍കിയിരുന്നത്. ഈ പദ്ധതികളില്‍ ഭൂരിഭാഗവും പുതിയ സമ്പദ് വ്യവസ്ഥ, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സുസ്ഥിരത, ഐടി, ബിഗ് ഡാറ്റ, കമ്യൂണിക്കേഷന്‍സ്, ഗതാഗതം, ലോജിസ്റ്റിക്‌സ്, മെഡിക്കല്‍ സേവനങ്ങള്‍, വ്യോമയാനം, സൈബര്‍സ്‌പെയ്‌സ്, അഗ്രിടെക് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റിയും ഖത്തര്‍ പെട്രോളിയവും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം സംബന്ധിച്ച കരടും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.

error: Content is protected !!