in , , ,

അമീറിന് ഊഷ്മള വരവേല്‍പ്പ്; ചരിത്രം കുറിച്ച് ഇറാന്‍ സന്ദര്‍ശനം

ആര്‍ റിന്‍സ്
ദോഹ

ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഇറാനിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഊഷ്മള സ്വീകരണം. തെഹ്‌റാനിലെ റിപ്പബ്ലിക്കന്‍ പാലസില്‍ നടന്ന ഔദ്യോഗിക വരവേല്‍പ്പില്‍ പ്രസിഡന്റ് ഡോ.ഹസന്‍ റുഹാനിയുടെ നേതൃത്വത്തില്‍ അമീറിനെ സ്വാഗതം ചെയ്തു. അധികാരമേറ്റെടുത്തശേഷം അമീര്‍ ആദ്യമായാണ് ഇറാന്‍ സന്ദര്‍ശിക്കുന്നത്. ചരിത്രപരമെന്നാണ് അമീറിന്റെ ഇറാന്‍ സന്ദര്‍ശനത്തെ രാജ്യാന്തര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. കുതിരപ്പടയുടെ അകമ്പടിയോടെ അമീറും പ്രതിനിധിസംഘവും കൊട്ടാരത്തിലേക്ക് പ്രവേശിച്ചതോടെ സ്വീകരണചടങ്ങുകള്‍ക്ക് തുടക്കമായി. ഖത്തറിന്റെയും ഇറാന്റെയും ദേശീയഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് അമീര്‍ ഇറാനിയന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുകയും ഇറാനിയന്‍ ഔദ്യോഗിക പ്രതിനിധി സംഘത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഹസ്തദാനം നല്‍കുകയും ചെയ്തു.
അമീര്‍ ഇറാന്‍ പ്രസിഡന്റ് ഡോ.ഹസന്‍ റുഹാനിയുമായി ചര്‍ച്ച നടത്തി. നിരവധി പ്രാദേശിക, രാജ്യാന്തര വിഷയങ്ങള്‍, പ്രത്യേകിച്ചും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, ശാന്തമാക്കാനുള്ള മാര്‍ഗങ്ങള്‍, മേഖലയിലെയും ലോകത്തിലെയും സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ കൈവരിക്കുന്നതിന് കാരണമാകുന്ന വിധത്തില്‍ കൂടുതല്‍ തീവ്രത ഒഴിവാക്കുകയും വ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയായി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖാംനഇ, പാര്‍ലമെന്റ് സ്പീക്കര്‍ അലി ലരിജാനി എന്നിവരുമായും അമീര്‍ ചര്‍ച്ച നടത്തി. മസ്‌ക്കറ്റിലെത്തി ഒമാന്‍ സുല്‍ത്താന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചശേഷമാണ് അമീര്‍ ഇറാനിലേക്ക് തിരിച്ചത്.
ടെഹ്‌റാനിലെ മെഹ്‌റബാദ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ അമീറിനെ ഇറാന്‍ ഊര്‍ജമന്ത്രി റെസ അര്‍ദകാനിയന്‍ സ്വീകരിച്ചു. ഇറാന്‍-യുഎസ് പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്നതിനിടെയാണ് അമീറിന്റെ ടെഹ്‌റാന്‍ സന്ദര്‍ശനം. അമീറിന്റെ ഇറാന്‍ സന്ദര്‍ശനം വേറിട്ടതാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ മറ്റെതെങ്കിലും രാജ്യത്തിനോ നേതാവിനോ ഇത്തരത്തിലുള്ള സന്ദര്‍ശനം നടത്താനാകില്ല.
അമേരിക്കന്‍, യൂറോപ്യന്‍, ഇറാഖ് നേതൃത്വങ്ങളുമായി ബന്ധം നിലനിര്‍ത്തുന്നതിനൊപ്പം ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും സംഭാഷണം സുഗമമാക്കാനും അമീറും ഖത്തറും ശ്രമിക്കുന്നതായി അല്‍ജസീറയുടെ സീനിയര്‍ പൊളിറ്റിക്കല്‍ അനലിസ്റ്റ് മര്‍വന്‍ ബിഷാറ ചൂണ്ടിക്കാട്ടി. അമീര്‍ ഇറാന്‍ പ്രസിഡന്റ്, യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള ലോകനേതാക്കളുമായി ടെലിഫോണിലും ആശയവിനിമയങ്ങള്‍ നടത്തിയിരുന്നു. ജനുവരി നാലിന് ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി ടെഹ്‌റാനിലെത്തി ഉന്നതതല ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രതിസന്ധി നിര്‍വീര്യമാക്കുന്നതിനാണ് ഖത്തര്‍ സജീവമായി താല്‍പര്യപ്പെടുന്നത്. മേഖലയുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളാണ് എല്ലാ പരിഗണനകള്‍ക്കും ഉപരിയായി ഖത്തര്‍ മുന്നോട്ടുവയ്ക്കുന്നത്.
ഇറാനുമായി ഖത്തറിന്റെ ബന്ധം തുറന്നതും പൊതുവായ താല്‍പര്യങ്ങളും അയല്‍പക്ക ബന്ധവും അടിസ്ഥാനമാക്കിയുള്ളതുമാണ്. ഖത്തറും ഇറാനും അതിര്‍ത്തി പങ്കുവയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിശ്ചിതതലത്തില്‍ ഇറാനുമായി ബന്ധമുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഗള്‍ഫില്‍ ഖത്തറിനും ഇറാനുമിടയിലുള്ളത്. സുതാര്യതയും വ്യക്തതയും അടിസ്ഥാനപ്പെടുത്തിയതാണ് ഖത്തറിന്റെ വിദേശനയം.

പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗം ചര്‍ച്ച: അമീര്‍

ദോഹ: പ്രതിസന്ധികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള മാര്‍ഗം സംഭാഷണമാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. സംഭാഷണങ്ങളിലൂടെയും തീവ്രത കുറക്കലിലൂടെയും മാത്രമെ എല്ലാ പ്രതിസന്ധികളും പ്രശ്‌നങ്ങളും പരിഹരിക്കാനാകുകയുള്ളു-അമീര്‍ പറഞ്ഞു. ടെഹ്‌റാനിലെ സഅദ് അബാദ് ഹിസ്റ്റോറിക്കല്‍ കള്‍ച്ചറല്‍ കോംപ്ലക്‌സില്‍ ഇറാന്‍ പ്രസിഡന്റ് ഡോ.ഹസന്‍ റുഹാനിക്കൊപ്പം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലേക്കുള്ള തന്റെ യാത്ര വളരെ സെന്‍സിറ്റീവായ സമയത്താണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. സംഭാഷണങ്ങളിലൂടെയെ പ്രതിസന്ധികള്‍ പരിഹരിക്കാനാവുകയുള്ളുവെന്ന്് ഇറാന്‍ പ്രസിഡന്റും സമ്മതിച്ചിട്ടുണ്ട്. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച നല്ലതും ഫലപ്രദവുമായിരുന്നു. സങ്കീര്‍ണ സാഹചര്യങ്ങളില്‍ ഇറാന്റെ നിലപാടുകളും സഹായവും ദോഹ ഒരിക്കലും മറക്കില്ലെന്നും അമീര്‍ വ്യക്തമാക്കി. ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇറാന്‍ പ്രസിഡന്റിനെ ക്ഷണിച്ചതായും സമീപഭാവിയില്‍ സന്ദര്‍ശിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തതായും അമീര്‍ വ്യക്തമാക്കി. മേഖലയില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കം ഒരിക്കലും മേഖലാ രാജ്യങ്ങളുടെയും ലോകത്തിന്റെയും താല്‍പര്യത്തിന് കാരണമാകില്ലെന്നാണ് ഖത്തര്‍ വിശ്വസിക്കുന്നത്. പ്രാദേശിക വിഷയങ്ങളില്‍ ഇറാനില്‍ നിന്ന് കണ്ടത് എല്ലായ്‌പ്പോഴും വിവേകവും നയവുമാണ്. ഈ മേഖലയില്‍ സുരക്ഷ നിലനിര്‍ത്താന്‍ സ്വാധീനമുള്ള രാജ്യമെന്ന നിലയില്‍ ഇറാനുമായി സഹകരിക്കണമെന്നും ഇറാന്റെ സാന്നിധ്യമില്ലാതെ ഈ മേഖലയിലെ ഏതെങ്കിലും സുരക്ഷാ സഹകരണത്തിന് വിലയില്ലെന്നും അമീര്‍ വ്യക്തമാക്കിയതായി ഇറാനിയന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അയല്‍പക്കപരവും ചരിത്രപരവും സൗഹാര്‍ദപരവുമായാണ് ഇറാന്‍ ഖത്തറിനൊപ്പം നിലകൊണ്ടതെന്നും അത് തുടരുമെന്നും പ്രസിഡന്റ് ഹസന്‍ റുഹാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹൃദപരവും അയല്‍പക്കപരവുമാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍- ഇറാന്‍ സംയുക്ത
കമ്മിറ്റി രൂപീകരിക്കും

ദോഹ: ഖത്തറിനും ഇറാനുമുടയില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംയുക്ത കമ്മീഷന്‍ രൂപീകരിക്കും. വ്യാപാരം, വാണിജ്യം, ടൂറിസം, നിക്ഷേപം, സാങ്കേതികവിദ്യ ഉള്‍പ്പടെയുള്ള മേഖലകളില്‍ സഹകരണം ശക്തമാക്കാനാണ് തീരുമാനം. കമ്മീഷന്‍ തുടര്‍ച്ചയായും വാര്‍ഷികാടിസ്ഥാനത്തിലും യോഗം ചേരും. ഉഭയകക്ഷി കരാറുകള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്തുന്നതിനും തമ്മിലുള്ള സമഗ്ര ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ആസൂത്രണത്തിനും പരസ്പര സഹകരണത്തിനും സംയുക്ത കമ്മീഷന്‍ രൂപീകരിക്കേണ്ടതിന്റെ അനിവാര്യത നേതാക്കള്‍ എടുത്തുപറഞ്ഞു. ഇറാന്‍ ഖത്തര്‍ സംയുക്ത കമ്മീഷന്‍ യോഗം മെയ് മാസത്തില്‍ ചേരുമെന്ന് ഇറാന്‍ ഊര്‍ജമന്ത്രി റെസ അര്‍ദകനിയന്‍ പറഞ്ഞു. ഖത്തറും ഇറാനും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ഷിക, വാണിജ്യ ഉത്പന്ന പ്രദര്‍ശനവും നിക്ഷേപാവസരങ്ങള്‍ സംബന്ധിച്ച സമ്മേളനവും മെയില്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിയന്‍ നഗരങ്ങളില്‍ ഹോട്ടലുകള്‍ നിര്‍മിക്കുന്നതിന് ഖത്തരി നിക്ഷേപകരെ ക്ഷണിച്ചതായും അദ്ദേഹം വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കുവാഖ് സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

തൊഴിലാളികള്‍ക്ക് ആസ്റ്ററില്‍ കുറഞ്ഞ നിരക്കില്‍ ചികിത്സ