
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോയും അമീരി ദിവാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും അത് ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു.
രാഷ്ട്രീയം, സാമ്പത്തികം, ഊര്‍ജം, സൈനിക സംബന്ധിയായ വ്യവസായം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
ലോകകപ്പിന്റെ അടിസ്ഥാന സൗകര്യ പദ്ധതികളിലെ പങ്കാളിയാണ് ബ്രസീല്‍.
ഈ പശ്ചാത്തലത്തില്‍ കായിക മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളിലെ നിക്ഷേപം പ്രോല്‍സാഹിക്കുന്നതു സംബന്ധിച്ചും ഇരുരാഷ്ട്രത്തലവന്‍മാരും ചര്‍ച്ച ചെയ്തു.
മേഖലയിലെയും അന്താരാഷ്ട്രതലത്തിലേയും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ചയായി. ബ്രസീലിലെ വിവിധ മന്ത്രിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബ്രസീല്‍ പ്രസിഡന്റിന് ഔദ്യോഗിക വരവേല്‍പ്പും അമീരി ദിവാനില്‍ ഒരുക്കി.
നേരത്തെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരി അദ്ദേഹത്തെ സ്വീകരിച്ചു.
ബ്രസീലിലെ ഖത്തര്‍ അംബാസഡര്‍ അഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍അബ്ദുല്ല, ഖത്തറിലെ ബ്രസീല്‍ അംബാസഡര്‍ റോബര്‍ട്ടോ അബ്ദുല്ല എന്നിവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.