in ,

അമ്മയോടൊപ്പം ഹൃദയപൂര്‍വ്വം

റേഡിയോ സുനോ- അക്ബര്‍ ട്രാവല്‍സ് ‘അമ്മയോടൊപ്പം’ പരിപാടിയുടെ ഭാഗമായി ഖത്തറിലെത്തിയ അമ്മമാര്‍ റേഡിയോ സുനോ പിന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം സൂഖ് വാഖിഫ് സന്ദര്‍ശിച്ചപ്പോള്‍ .

അപ്പുണ്ണി, നിസ

”അമ്മയെന്ന പെണ്‍മ…. അതു മാത്രമാണൊരുണ്‍മ” ….പോയ രണ്ടു മാസക്കാലം ഖത്തറിന്റെ അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്ന വരികളായിരുന്നു ഇവ. പ്രവാസ ജീവിതത്തില്‍ ഫാമിലി വിസയുണ്ടോ എന്ന ചോദ്യത്തിന് വലിയ പ്രാധാന്യമുണ്ട്. പക്ഷെ ആ കുടുംബ വിസയില്‍ പലപ്പോഴും ഉള്‍പ്പെടുക ഭാര്യയും മക്കളും മാത്രമാവും. അമ്മയെന്ന പുണ്യത്തെ അറിഞ്ഞോ അറിയാതെയോ മറക്കുന്നവര്‍ ഏറെയാണ്. അനുകൂല സാഹചര്യമുള്ളവര്‍ പോലും ഒരിക്കലെങ്കിലും സ്വന്തം അമ്മയെ ഈ പ്രവാസഭൂമികയിലേക്ക് കൊണ്ടുവന്ന് ഗള്‍ഫ് ജീവിതത്തിന്റെ തിളങ്ങുന്ന കാഴ്ചകള്‍ അവരെ കാണിക്കണമെന്ന് ഓര്‍ക്കാറില്ല. ജീവിച്ചിരിക്കുന്ന നന്മയായ അമ്മ മക്കളോട് അത് ആവശ്യപ്പെടാറുമില്ല. മരുമകളുടെ പ്രസവാനന്തര ശുശ്രൂഷയ്ക്കും ചെറുമക്കളുടെ ആയമാരാകാനും വിധിക്കപ്പെട്ട് ചിലപ്പോഴെങ്കിലും പ്രവാസത്തിലെത്തുന്ന അമ്മമാരുണ്ടെന്നത് ശരി തന്നെ.

ഒരിക്കലെങ്കിലും ഗള്‍ഫ് കാണാന്‍ കൊതിച്ച ചില അമ്മമാര്‍ക്ക് ഖത്തര്‍ സന്ദര്‍ശനത്തിന് അവസരമൊരുക്കുകയായിരുന്നു റേഡിയോ സുനോ 91.7 എഫ്എം അക്ബര്‍ ട്രാവല്‍സുമായി ചേര്‍ന്ന് അമ്മയോടൊപ്പം എന്ന പരിപാടിയിലൂടെ. ഹൃദ്യമായ അനുഭവമായിരുന്നു ഈ അമ്മമാരുടെ ഒത്തുചേരല്‍. അമ്മയോടൊപ്പം പരിപാടി പ്രഖ്യാപിച്ചതുമുതല്‍ വര്‍ഷങ്ങളായി പ്രവാസജീവിതം നയിച്ച് സ്വന്തം അമ്മയെ ഖത്തറിലേക്ക് കൊണ്ടുവരാന്‍ സാഹചര്യമില്ലാതിരുന്ന നിരവധി പേര്‍ അവരുടെ ആഗ്രഹം റേഡിയോ സുനോയെ അറിയിക്കുകയുണ്ടായി. ലഭിച്ച നൂറുകണക്കിന് എന്‍ട്രികളില്‍നിന്ന് അഞ്ചുപേരാണ് തെരെഞ്ഞെടുക്കപ്പെട്ടത്.

അജീഷ്, പ്രിയേഷ്, തൗഫീക്ക്, രാജു, യഹിയ എന്നിവരായിരുന്നു വിജയികള്‍. ഏപ്രില്‍ 23ന് ഇന്‍ഡിഗോ വിമാനത്തില്‍ ഖത്തറിലേക്ക് പറന്നിറങ്ങിയ അമ്മമാരെ വരവേല്‍ക്കാന്‍ മക്കള്‍ക്കൊപ്പം റേഡിയോ അവതാരകരും മാനേജ്‌മെന്റ് പ്രതിനിധികളും ദോഹ ഹമദ് അന്താരാഷ്ട്രാ വിമാനത്താവളത്തിലെത്തി. കാത്തുനിന്ന മക്കളുടെയും വന്നെത്തിയ അമ്മമാരുടെയും സ്‌നേഹപ്രകടനങ്ങള്‍ കണ്ടുനിന്നവരെപ്പോലും വികാരഭരിതരാക്കി.

അമ്മമാര്‍ ബലദ്‌ന ഫാം സന്ദര്‍ശന വേളയില്

ആദ്യദിനത്തിന്റെ അമ്പരപ്പില്‍ റേഡിയോ സുനോയിലേക്കെത്തിയ അമ്മമാര്‍ക്ക് ലഭിച്ചത് വികാരനിര്‍ഭരമായ വരവേല്‍പ്പ്. മക്കളെ കാണാനെത്തിയ അമ്മമാര്‍ കൊണ്ടുവന്ന സ്‌നേഹസമ്മാന ഭക്ഷണപ്പൊതികള്‍ മക്കള്‍ക്കൊപ്പം റേഡിയോ അവതാരകരും പങ്കിട്ടു. മക്കളുടെ കയ്യുംപിടിച്ച് ഖത്തര്‍ കാണാനിറങ്ങിയ അമ്മമാര്‍ കാഴ്ചകള്‍ കണ്ടുനടക്കുന്നത് കാണാന്‍ തന്നെ ഒരഴകായിരുന്നു. ഖത്തര്‍ ദേശീയ മ്യൂസിയം, അല്‍ദോസരി പാര്‍ക്ക്, ബലദ്‌നാ ഫാം, പേള്‍ ഖത്തര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കോര്‍ണിഷിലൂടെ ബോട്ട് യാത്രയും നടത്തി. അഞ്ചുദിവസങ്ങള്‍ പല ഇടങ്ങളിലേക്കുള്ള യാത്രകള്‍ അമ്മാര്‍ക്ക് ഓരോ പുതിയ അനുഭവങ്ങളായിരുന്നു സമ്മാനിച്ചത്.

വര്‍ഷങ്ങളായി പാസ്‌പോര്‍ട്ട് എടുത്ത് ഗള്‍ഫ് യാത്ര സ്വപ്‌നം കണ്ട രമ എന്ന അമ്മ സ്വന്തം മകനെ ചേര്‍ത്ത്‌നിര്‍ത്തി ഈ സൗഭാഗ്യനിമിഷത്തിന്റെ ആഹ്ലാദങ്ങള്‍ പങ്കുവച്ചപ്പോള്‍ ഈ ആശയം ഒരുക്കിയവര്‍ക്കും ആത്മാഭിമാനത്തിന്റെ സന്ദര്‍ഭമായിരുന്നു. അമ്മയോടൊപ്പം എന്ന പരിപാടി ഓര്‍മ്മപ്പെടുത്തുന്നത് സാഹചര്യങ്ങളും സൗകര്യങ്ങളും സാമ്പത്തികശേഷിയും ഉണ്ടായിട്ടും സ്വന്തം അമ്മമാരെ ഒരിക്കല്‍പ്പോലും ഖത്തറില്‍ കൊണ്ടുവരാത്തവര്‍ അതിനു മുതിരണം എന്ന സന്ദേശം കൂടിയാണ്.

മക്കള്‍ക്കൊപ്പം ആനന്ദിച്ചും ഖത്തറിന്റെ കാഴ്ചകളില്‍ ആഹ്ലാദിച്ചും അഞ്ചു ദിനങ്ങള്‍ കടന്നു പോയതറിയാതെ ആ അഞ്ച് അമ്മമാരും യാത്ര പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകള്‍ പകുതി കാഴ്ചയെ കണ്ടുള്ളു; പാതി നിറഞ്ഞുനിന്നത് ആനന്ദക്കണ്ണീരായിരുന്നു.

(Chandrika Daily Qatar weekend 11th May 2019)

What do you think?

Written by Web Desk

One Comment

Leave a Reply

Leave a Reply

Your email address will not be published.

കെഎംസിസി പാലക്കാട് റമദാന്‍ കാമ്പയിന് തുടക്കം

ഇഫ്താര്‍ മീറ്റും സ്‌നേഹ സംഗമവും സംഘടിപ്പിച്ചു