in

അര്‍ബുദത്തെ പ്രതിരോധിക്കല്‍: ലുലുവും ക്യുസിഎസും കരാര്‍ ഒപ്പുവെച്ചു

ക്യുസിഎസിന്റെ സപ്പോര്‍ട്ട് സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ മോന അശ്കനാനിയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ റീജിയണല്‍ ഡയറക്ടര്‍ എം.ഒ.ഷൈജാനും കരാര്‍ കൈമാറുന്നു

ദോഹ: അര്‍ബുദ പ്രതിരോധം ലക്ഷ്യമിട്ട് സഹകരിച്ചുപ്രവര്‍ത്തിക്കുന്നതിനായി ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റിയും(ക്യുസിഎസ്) ലുലു ഹൈപ്പര്‍മാര്‍ക്കറ്റും സഹകരണകരാര്‍ ഒപ്പുവെച്ചു. സമൂഹത്തില്‍ അര്‍ബുദത്തെക്കുറിച്ചുള്ള ആരോഗ്യാവബോധം വര്‍ധിപ്പിക്കുകയും വ്യാപകമാക്കുകയും ചെയ്യുക, രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പങ്കുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നിവയുള്‍പ്പടെയുള്ള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഇരുകൂട്ടരും സഹകരിച്ചുപ്രവര്‍ത്തിക്കും. തെരഞ്ഞെടുത്ത പ്രാദേശിക വ്യാപാരികളുടെ ഉത്പന്നങ്ങളുടെയും ലുലുവിന്റെ ഇറക്കുമതി ഉത്പന്നങ്ങളുടെയും വില്‍പ്പനയിലൂടെയുള്ള ലാഭത്തില്‍ നിന്നും ഫണ്ട് സമാഹരിച്ച് ക്യുസിഎസിന് സംഭാവന നല്‍കും. പ്രാദേശിക വ്യാപാരികളുടെ പിന്തുണയോടെയാണ് ലുലു ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ക്യുസിഎസിന്റെ സപ്പോര്‍ട്ട് സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ മോന അശ്കനാനിയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ റീജിയണല്‍ ഡയറക്ടര്‍ എം.ഒ.ഷൈജാനുമാണ് കരാറില്‍ ഒപ്പുവെച്ചത്. ലുലു ജീവനക്കാര്‍ക്കായി പ്രഭാഷണങ്ങളും പരിശീലന കോഴ്സുകളും സംഘടിപ്പിക്കും. ഓരോ തരം അര്‍ബുദത്തിനും എന്തൊക്കെ പരിശോധനകളാണ് ആവശ്യമായിവരിക എന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ക്ലാസുകളെടുക്കും.അര്‍ബുദത്തെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കും. സ്തനാര്‍ബുദത്തെക്കുറിച്ച് ബോധവല്‍ക്കരണം വ്യാപകമാക്കുന്നതിനായി ക്യുസിഎസ് തുടക്കംകുറിച്ച ബ്ലോസ്സം കാമ്പയിന്റെ ഭാഗമായി ലുലുവിന്റെ എല്ലാ ബ്രാഞ്ചുകളിലെയും ജീവനക്കാര്‍ പിങ്ക് റിബണ്‍ ധരിക്കും. സ്താനര്‍ബുദത്തെ പ്രതിരോധിക്കാന്‍ തുടര്‍ച്ചയായ പരിശോധനകള്‍ക്ക് വനിതകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
ക്യുസിഎസ് വര്‍ഷം ഉടനീളം സംഘടിപ്പിക്കുന്ന പ്രോഗ്രാമുകള്‍ക്ക് ലുലുവിന്റെ പിന്തുണയുണ്ടാകും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ദൗത്യത്തെ മോന അശ്കനാനി പ്രശംസിച്ചു. പ്രമുഖ സംഘടനകളുമായും പ്രസ്ഥാനങ്ങളുമായും ചേര്‍ന്ന് ഖത്തറിലൊട്ടാകെ ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ വിശദീകരിച്ചു. ക്യുസിഎസുമായി സഹകരണ കരാറിലേര്‍പ്പെടാനായതിലും യോജിച്ചു പ്രവര്‍ത്തിക്കാനാകുന്നതിലും സന്തോഷമുണ്ടെന്ന് എം.ഒ.ഷൈജാന്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മാനസികാരോഗ്യ ബോധവല്‍ക്കരണ കാമ്പയിന്‍ തുടരുന്നു

ബോക്‌സിങില്‍ ശൈഖ് ഫഹദ് അല്‍താനി വിജയക്കുതിപ്പ് തുടരുന്നു