
ദോഹ: പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ ദോഹ വേവ്‌സ് സംഘടിപ്പിക്കുന്ന മെഗാ സംഗീത ഷോ ‘അര്‍മാന്‍ മാലിക് ലൈവ് ഇന്‍ ഖത്തര്‍’ ഈദിന്റെ രണ്ടാം ദിനത്തില്‍. ടീ ടൈം, പ്രൈം സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ അല്‍സദ്ദിലെ അലി ബിന്‍ ഹമദ് അല്‍അത്തിയ്യ അറീനയിലാണ് ഷോ. രാത്രി 7.30ന് പരിപാടി തുടങ്ങും. ദോഹ വേവ്‌സ് നേരത്തെ ശ്രേയ ഘോഷാലിന്റെയും ഉദിത് നാരായണിന്റെയും സംഗീത ഷോകള്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു.
അതിന്റെ തുടര്‍ച്ചയായാണ് പ്രമുഖ ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്കിന്റെ ഷോ ഖത്തറില്‍ അവതരിപ്പിക്കുന്നത്. 10,000ലധികം പേര്‍ പരിപാടി വീക്ഷിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദോഹയില്‍ ഇതാദ്യമായാണ് അര്‍മാന്‍ മാലിക് പരിപാടി അവതരിപ്പിക്കുന്നത്. നിരവധി ജനപ്രിയ ഗാനങ്ങളിലൂടെ സംഗീതപ്രേമികള്‍ക്കിടയില്‍ വരവേല്‍പ്പ് നേടാനായിട്ടുണ്ട്. ഹിന്ദിക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ആസാമീസ്, മറാത്തി, ഉര്‍ദു ഭാഷകളിലും പാടി. നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കി.
ദോഹവേവ്‌സിന്റെ നൂറാം ഷോയുടെ ആഘോഷം കൂടിയാണിത്. ടിക്കറ്റ് നിരക്ക്- റോയല്‍-1000, വിഐപി- 500, വിഐപി ഫാമിലി- 1200(മൂന്നു പേര്‍ക്ക് പ്രവേശനം), പ്ലാറ്റിനം- 200, ഗോള്‍ഡ്-150, സില്‍വര്‍-75 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ക്യു ടിക്കറ്റ്‌സില്‍ ടിക്കറ്റ് ലഭ്യമാണ്. പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഇന്ത്യന്‍ റസ്‌റ്റോറന്റുകളിലും ടീ ടൈം ഔട്ട്‌ലെറ്റുകളിലും ടിക്കറ്റ് ലഭിക്കും.