
ദോഹ: മക്കയില്‍ വ്യാഴാഴ്ച തുടങ്ങിയ അറബ്്, ജിസിസി, ഇസ്ലാമിക് ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി പങ്കെടുത്തു. പശ്ചിമേഷ്യയുടെ പ്രത്യേക സാഹചര്യത്തില്‍ ലോകം ഉറ്റുനോക്കുന്ന മൂന്ന് സുപ്രധാന ഉച്ചകോടികളാണ് വിശുദ്ധ മക്കയില്‍ നടക്കുന്നത്. ഇതില്‍ അറബ്, ജിസിസി ഉച്ചകോടികള്‍ വ്യാഴാഴ്ചയായിരുന്നു.

ഇസ് ലാമിക് ഉച്ചകോടി വെള്ളിയാഴ്ച തുടങ്ങി. സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദിന്റെ അധ്യക്ഷതയില്‍ അല്‍സഫ പാലസില്‍ നടന്ന ജിസിസി, അറബ് ഉച്ചകോടികളില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തു. ഗള്‍ഫ് നേതാക്കളെ സഊദി രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദും ചേര്‍ന്ന് സ്വീകരിച്ചു.

ഖത്തര്‍ പ്രധാനമന്ത്രിക്കു പുറമെ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ്, ഒമാന്‍ സുല്‍ത്താന്റെ ഉപദേഷ്ടാവ് ഷിഹാബ് ബിന്‍ താരിഖ് അല്‍സഈദ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന്, ജിസിസി സെക്രട്ടറി ജനറല്‍ ഡോ.അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനി തുടങ്ങിയവര്‍ പങ്കെടുത്തു.

അറബ് ഗള്‍ഫ് നേതാക്കള്‍ ഭിന്നതകള്‍ ഒരുവശത്തേക്ക് മാറ്റിവെച്ച് തങ്ങളുടെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റണമെന്ന് ഉച്ചകോടിയില്‍ സംസാരിച്ച കുവൈത്ത് അമീര്‍ പറഞ്ഞു. ഭിന്നതകള്‍ മാറ്റിവെച്ച് സങ്കീര്‍ണമായ മേഖലാ വെല്ലുവിളികളെ തരണം ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ഷങ്ങളായി മേഖല യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഫലമായി വേദനയും ആഴത്തിലുള്ള പരിക്കുകളുമാണ് നേരിടുന്നത്.
സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടകരമായ സംഭവവികാസങ്ങള്‍ക്കാണ് സാക്ഷിയാകുന്നത്. അറബ് മേഖല ഇപ്പോഴും അസാധാരണമായ പിരിമുറുക്കങ്ങളും സങ്കീര്‍ണതകളും നേരിടുന്നതായും കുവൈത്ത് അമീര്‍ ചൂണ്ടിക്കാട്ടി. ഐക്യം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം ജിസിസി നേതാക്കളോടു ഉണര്‍ത്തിച്ചു. കഴിഞ്ഞ നാലു ദശാബ്ദക്കാലത്ത് പൊതു ഗള്‍ഫ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും നിരവധി വെല്ലുവിളികളും അപടങ്ങളും നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും ഗള്‍ഫ് ഐക്യം പ്രാപ്തമാക്കിയിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് നടന്ന അറബ് ഉച്ചകോടിയിലും ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തു. ഗള്‍ഫ് പ്രതിസന്ധിക്കുശേഷമുള്ള ഖത്തര്‍ പ്രധാനമന്ത്രിയുടെ ആദ്യ സഊദി സന്ദര്‍ശനമാണിത്. 2017 ജൂണില്‍ സഊദി സഖ്യരാജ്യങ്ങള്‍ ഉപരോധം തുടങ്ങിയശേഷം ഖത്തറില്‍നിന്നും സഊദിയിലെത്തുന്ന ഉയര്‍ന്ന റാങ്കിങ് ഒഫീഷ്യല്‍ കൂടിയാണ് പ്രധാനമന്തി. സംയുക്ത അറബ് ഇസ് ലാമിക് പ്രവര്‍ത്തനത്തിനുള്ള പിന്തുണ, മേഖലയുടെ സുരക്ഷയുടെയും സുസ്ഥിരതയുടെയും നിരീക്ഷണം, തങ്ങളുടെ ജനങ്ങളുടെ താല്പര്യസേവനം എന്നിവയുടെ ഭാഗമായാണ് മൂന്നു ഉച്ചകോടികളിലെ ഖത്തറിന്റെ പങ്കാളിത്തമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി ട്വിറ്ററില്‍ കുറിച്ചു.