
ദോഹ: മൊറോക്കോയില്‍ തുടങ്ങിയ 14-ാമത് അറബ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന്റെ തമീം മുഹമ്മദിന് സ്വര്‍ണമെഡല്‍. അടുത്ത ബുധനാഴ്ച വരെ ചാമ്പ്യന്‍ഷിപ്പ് തുടരും. 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലാണ് തമീം മുഹമ്മദ് സ്വര്‍ണം നേടിയത്.
ഇതിനിടെ രാജ്യാന്തര നീന്തല്‍ ഫെഡറേഷനായ ഫിന സംഘടിപ്പിക്കുന്ന നീന്തല്‍ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഖത്തറിന്റെ അബ്ദുല്‍അസീസ് അല്‍ഉബൈദ്ലി, ഫിറാസ് അല്‍സഈദി എന്നിവര്‍ മത്സരിച്ചു. ജപ്പാനിലെ ടോക്കിയോയില്‍ ആഗസ്ത് രണ്ടു മുതല്‍ നാലുവരെയാണ് ആദ്യ റൗണ്ട്.
മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഖത്തര്‍ താരങ്ങള്‍ക്കായി. ലോകകപ്പ് സീരിസില്‍ ഏഴു റൗണ്ടുകളാണുള്ളത്. ഇതില്‍ ആദ്യ മൂന്നു റൗണ്ടുകളില്‍ ഖത്തര്‍ മത്സരിക്കുന്നുണ്ട്. എട്ടു മുതല്‍ പത്തുവരെ ചൈനയിലെ ജിനാനിലാണ് രണ്ടാംറൗണ്ട്. ആഗസ്ത് 15 മുതല്‍ 17വരെ സിംഗപ്പൂരില്‍ മൂന്നാംറൗണ്ട്. ഇതോടെ ആദ്യ ക്ലസ്റ്റര്‍ പൂര്‍ത്തിയാകും.
ജിനാനിലെ രണ്ടാം റൗണ്ടില്‍ ഉമര്‍ അഷ്റഫും കരീം സലാമയുമാണ് ഖത്തറിനെ പ്രതിനിധീകരിക്കുന്നത്. സിംഗപ്പൂരിലെ മൂന്നാംറൗണ്ടില്‍ യാക്കൂബ് അല്ഖലീലും യൂസുഫ് അല്‍ഖുലൈഫിയും ഖത്തറിനായി മത്സരിക്കും. ഫൈനല്‍ റൗണ്ട് നവംബറില്‍ ദോഹയില്‍ നടക്കും.
വിവിധ രാജ്യങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാകുന്ന നീന്തല്‍ ലോകകപ്പില്‍ ദോഹയിലെ മത്സരങ്ങള്‍ നവംബര്‍ ഏഴു മുതല്‍ ഒന്‍പതുവരെയാണ്. ഹമദ് അക്വാട്ടിക് സെന്ററിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഒക്ടോബര്‍ നാലു മുതല്‍ ആറുവരെ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് നാലാംറൗണ്ട്.
ഒക്ടോബര്‍ 11 മുതല്‍ 13വരെ ജര്‍മ്മനിയിലെ ബെര്‍ലിനില്‍ അഞ്ചാം റൗണ്ട്. നവംബര്‍ ഒന്നു മുതല്‍ മൂന്നുവരെ റഷ്യയിലെ കസാനില്‍ ആറാം റൗണ്ട്. തുടര്‍ന്ന് ദോഹയില്‍ നടക്കുന്ന ഏഴാം റൗണ്ട് മത്സരങ്ങളോടെ ലോകകപ്പ് പൂര്‍ത്തിയാകും. ഫിന നീന്തല്‍ ലോകകപ്പിന്റെ 31-ാമത് എഡിഷനാണ് ഇത്തവണ. 50 മീറ്റര്‍ പൂളിലായിരിക്കും മത്സരങ്ങള്‍. നീന്തല്‍ രംഗത്തെ മുന്‍നിര താരങ്ങള്‍ ദോഹയില്‍ മത്സരിക്കാനുണ്ടാകും.
എല്ലാ വര്‍ഷവും ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് ഫിന നീന്തല്‍ ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കാറുള്ളത്. രണ്ടു മിക്സഡ് റിലേ ഉള്‍പ്പടെ 36ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ദോഹയില്‍ നടന്ന ലോകകപ്പുകളില്‍ നിരവധി റെക്കോര്‍ഡുകള്‍ പഴങ്കഥയായിരുന്നു.
നിരവധി രാജ്യാന്തര താരങ്ങളും മത്സരിക്കുമെന്നും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും മുന്‍കാലങ്ങളിലെപ്പോലെ ഏറ്റവും മികച്ച ചാമ്പ്യന്‍ഷിപ്പായിരിക്കും നടക്കുകയെന്നും ഖത്തര്‍ സ്വിമ്മിങ് അസോസിയേഷന് അറിയിച്ചു. 2012 മുതല്‍ ഫിന നീന്തല്‍ ലോകകപ്പിന്റെ റൗണ്ടുകള്‍ക്ക് ഖത്തര്‍ ആതിഥ്യം വഹിക്കുന്നുണ്ട്. 2023ലെ ഫിന നീന്തല്‍ ലോകചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നതും ഖത്തറാണ്.