
ദോഹ. അറേബ്യന്‍ ഗള്‍ഫ് കപ്പ് മത്സരവേദികളായ സ്റ്റേഡിയങ്ങളിലുള്‍പ്പടെ മികച്ച സുരക്ഷയൊരുക്കി ആഭ്യന്തര മന്ത്രാലയം. 24 മണിക്കൂറും അത്യാധുനിക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ക്രമീകരിച്ചിരുന്നത്. ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയം എന്നിവിടങ്ങളില്‍ സമഗ്രമായ സുരക്ഷാക്രമീകരണങ്ങളാണുള്ളത്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ സുരക്ഷാ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് മത്സരങ്ങള്‍. 2022 ലോകകപ്പിനു മുന്നോടിയായി മികച്ച അനുഭവങ്ങള്‍ സ്വായത്താമാക്കാന്‍ ഇതിലൂടെ സാധിക്കും.
കമ്മിറ്റിയുടെ കീഴിലുള്ള സുരക്ഷാ യൂണിറ്റുകള്‍ യോജിച്ചാണ് പ്രവര്‍ത്തനം. പ്രവേശന കവാടത്തിലെ സുരക്ഷാ പരിശോധന, അകത്തേക്കും പുറത്തേക്കുമുള്ള കവാടത്തിലെ തിരക്ക് നിയന്ത്രിക്കല്‍, വേദികളില്‍ നിശ്ചിത മേഖലകളില്‍ കാണികളെ നിരീക്ഷിക്കല്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള ദൗത്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മികച്ച രീതിയില്‍ നിറവേറ്റുന്നു. ഉദ്ഘാടനത്തിന്റെ ആദ്യ ദിനത്തില്‍ 38,000 പേരാണ് ഖലീഫ സ്റ്റേഡിയത്തിലെത്തിയത്. മത്സരങ്ങള്‍ക്കു മൂന്നു മണിക്കൂര്‍ മുമ്പേ പ്രവേശന ഗേറ്റുകള്‍ തുറക്കും. ഇ-ഗേറ്റുകള്‍, ബാഗുകള്‍ പരിശോധിക്കാനുള്ള ഉപകരണങ്ങള്‍, നിരോധിത സാധനങ്ങള്‍ തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം എല്ലാ കവാടങ്ങളിലുമുണ്ട്.
എല്ലാത്തരത്തിലുമുള്ള വെടിക്കെട്ട് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ കൈവശമുണ്ടോയെന്ന പരിശോധനയും നടത്തുന്നുണ്ട്. വനിതകളുടെ പ്രവേശനവും പുറത്തേക്കുള്ള വരവും സുരക്ഷിതമാക്കാന്‍ വനിതാ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഗള്‍ഫ് കപ്പിന് മുമ്പ് തന്നെ എല്ലാ സുരക്ഷാ, മുന്‍കരുതല്‍ നടപടികളും പൂര്‍ത്തീകരിച്ചതായി ഖലീഫ സ്റ്റേഡിയം കമാന്‍ഡര്‍ മേജര്‍ നവാഫ് മുഹമ്മദ് അല്‍ ഉതൈബി ചൂണ്ടിക്കാട്ടി.
ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമഗ്രതയും മേല്‍നോട്ടവും സുരക്ഷയും ഉറപ്പാക്കിയിരുന്നു. കാണികളുടെ യാത്രാ സൗകര്യം ഉറപ്പാക്കാന്‍ സുപ്രീം കമ്മിറ്റി, ഖത്തര്‍ റെയില്‍, സംഘാടക സമിതി എന്നിവര്‍ യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആസ്വാദകര്‍ മത്സരവേദികളിലേക്ക് നേരത്തെ തന്നെ എത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നേരത്തെ എത്തുന്നതിലൂടെ വേദിയിലേക്കുള്ള റോഡുകളിലെ ഗതാഗത തിരക്ക് കുറക്കാനാകും.
സുരക്ഷാ ഉദ്യോഗസ്ഥരോട് ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്‍ദുഹൈല്‍ സ്റ്റേഡിയത്തില്‍ ആറു സുരക്ഷാ യൂണിറ്റുകളിലായി മികച്ച സുരക്ഷയാണ്് ഒരുക്കിയിരിക്കുന്നതെന്ന്്് സ്റ്റേഡിയം ഫെസിലിറ്റി മേധാവി ക്യാപ്്റ്റന്‍ ബുര്‍ഹാന്‍ സലേഹ്്് അല്‍തുര്‍ക്കി പറഞ്ഞു.