Tuesday, December 10

അറേബ്യന്‍ ഗള്‍ഫ് കപ്പ്് ടീം ലൈനപ്പായി: ഖത്തറും യു എ ഇയും ഗ്രൂപ്പ് എയില്‍

Spread the love

ദോഹ: ഏഷ്യന്‍ കപ്പ് സെമി ഫൈനലിസ്റ്റുകളായ ഖത്തറും യു എ ഇയും അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഗ്രൂപ്പ് എയില്‍ കളിക്കും. മേഖലയിലെ ഏറ്റവും ശക്തരായ രണ്ടു ടീമുകള്‍ ഒരേ ഗ്രൂപ്പിലാണെന്ന പ്രത്യേകതയുണ്ട്. ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റില്‍ ഒരു ടീമിനേയും ചെറുതായി കാണുന്നില്ലെന്നും എത്ര കടുത്ത മത്സരവും നേരിടാന്‍ ഖത്തര്‍ തയ്യാറാണെന്നും ടീമിന്റെ ഒഫീഷ്യല്‍ അറിയിച്ചു. ഈ മാസം 26നാണ് ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. ഡിസംബര്‍ എട്ടു വരെ മത്സരങ്ങള്‍ തുടരും.
2007ലെ ഏഷ്യന്‍ കപ്പ് ജേതാക്കളായ യമനും ഇറാഖുമാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ സഊദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹറൈന്‍ എന്നിവരാണ് ഏറ്റുമുട്ടുക.
ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഏഷ്യന്‍ കപ്പ് സെമി ഫൈനലില്‍ ആതിഥേയരായ യു എ ഇയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഖത്തര്‍ ഫൈനലിലേക്ക് പ്രവേശനം നേടിയത്. ബുആലം കൗഖി, അല്‍മോസ് അലി, ഹസ്സന്‍ അല്‍ ഹയ്‌ദോസ്, ഹാമിസ് ഇസ്മാഈല്‍ എന്നിവരാണ് ഖത്തറിന് വേണ്ടി ഗോളുകള്‍ നേടിയത്. ഈ നാല് താരങ്ങളും ഗള്‍ഫ് കപ്പ് ഖത്തര്‍ ടീമിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു ഗ്രൂപ്പ് മറ്റേ ഗ്രൂപ്പിനെ അപേക്ഷിച്ച് എളുപ്പമുള്ളതാണന്ന് പറയാനാവില്ലെന്ന് ഖത്തര്‍ ടീമിന്റെ മീഡിയ ഡയറക്ടര്‍ അലി സലാത്ത് പറഞ്ഞു. അവസാനം വരെ കടുത്ത മത്സരമാണ് നടക്കുക. ഗള്‍ഫ് കപ്പില്‍ എല്ലാ ടീമുകളുടേയും പ്രകടനം ഒന്നിനൊന്ന് മെച്ചമായിരിക്കും. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റ് മികച്ചതായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
കളി കാണാന്‍ സ്‌റ്റേഡിയങ്ങളിലെല്ലാം വലിയ ആരാധകക്കൂട്ടങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍മാരാണെന്ന് കാണിക്കാന്‍ തങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിതെന്നും സലാത്ത് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തെ തങ്ങളുടെ മികച്ച പ്രകടനത്തിന്റെ തുടര്‍ച്ച ഗള്‍ഫ് കപ്പിലും കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഗള്‍ഫ് കപ്പ് ചാമ്പ്യനായ ഒമാനും വലിയ ടീമായ സഊദി അറേബ്യയും ഒരു ഗ്രൂപ്പിലാണെന്ന് കാണാനാവും. കുവൈത്താകട്ടെ മികച്ച നിലയിലാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തുന്നത്. ഇതേപോലെ തന്നെയാണ് ഖത്തറും യു എ ഇയുമടങ്ങുന്ന ഗ്രൂപ്പ് എയുടേയും കാര്യം. ഇറാഖും ഈ ഗ്രൂപ്പിലാണ് കളിക്കുന്നത്. ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് എല്ലാവരും ഒന്നിച്ചു കളിക്കുന്നതെന്നും അലി സലാത്ത് ചൂണ്ടിക്കാട്ടി.
ഖത്തറിന്റെ താരങ്ങള്‍ നല്ല ആത്മവിശ്വാസത്തിലാണെന്നു പറഞ്ഞ അദ്ദേഹം മറ്റു ടീമുകള്‍ക്കാണ് കൂടുതല്‍ സമ്മര്‍ദ്ദമെന്നും വിശദീകരിച്ചു. ഖത്തറിന്റെ കളികള്‍ക്ക് സ്‌റ്റേഡിയം നിറയെ ആരാധകരുണ്ടാകുമെന്നും അവര്‍ തങ്ങളുടെ രാജ്യത്തിന് മികച്ച പിന്തുണ നല്കുമെന്നുമാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഊദി അറേബ്യയും യു എ ഇയും ബഹറൈനും മത്സരിക്കാനെത്തുമെന്ന് പ്രഖ്യാപിച്ചതോടെ അറേബ്യന്‍ ഗള്‍ഫ് കപ്പ് മത്സരങ്ങളില്‍ ഫുട്ബാള്‍ പ്രേമികള്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. മേഖലയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റാണിത്.
അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഷെഡ്യൂളും മത്സര സ്ഥലങ്ങളും അടുത്ത ആഴ്ചയോടെയാണ് പ്രഖ്യാപിക്കുക.