in , , , , , ,

അറേബ്യന്‍ ഗള്‍ഫ് കപ്പ് അമീര്‍ ഉദ്ഘാടനം ചെയ്തു

ദോഹ: 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ പ്രൗഢഗംഭീരമായ ചടങ്ങില്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കംകുറിച്ചുകൊണ്ടുള്ള പ്രഖ്യാപനം അമീര്‍ നടത്തി. ഓരോ ഖത്തരിയുടെയും ദോഹയിലെ ഓരോരുത്തരുടെയും പേരില്‍ അമീര്‍ ഏവരെയും സ്വാഗതം ചെയ്തു. ഉദ്ഘാടനചടങ്ങില്‍ പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി, അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് ബിന്‍ അലി അല്‍ഗാനിം, ശൈഖുമാര്‍, മന്ത്രിമാര്‍, ഗള്‍ഫ് ഒളിമ്പിക് കമ്മിറ്റികളുടെയും ഫെഡറേഷനുകളുടെയും തലവന്‍മാര്‍, നയതന്ത്രപ്രതിനിധികള്‍,കായികമേഖലയിലെ ഉന്നത വ്യക്തിത്വങ്ങള്‍ എന്നിവരും പങ്കെടുത്തു. പരമ്പരാഗത കലാപ്രകടനങ്ങളോടെയാണ് ചടങ്ങ് തുടങ്ങിയത്. 1970ല്‍ തുടങ്ങിയതുമുതലുള്ള ഗള്‍ഫ് കപ്പിന്റെ ചരിത്രം വ്യക്തമാക്കുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകളുടെ അനാവരണവും വെടിക്കെട്ടും ചടങ്ങിന് കൊഴുപ്പേകി. ഉദ്ഘാടന ചടങ്ങും ഖത്തര്‍- ഇറാഖ് മത്സരവും വീക്ഷിക്കാന്‍ സ്‌റ്റേഡിയം നിറഞ്ഞ് കാണികളെത്തി. 37,890 പേരായിരുന്നു ഖലീഫ സ്റ്റേഡിയത്തിലെത്തിയത്. ഖത്തറിനു പുറമെ ഇറാഖി ടീമിനും കാണികളില്‍നിന്നും നല്ല പിന്തുണ ലഭിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ സര്‍ഗോത്സവം: കൂട്ടായ്മകള്‍ക്ക് അപേക്ഷിക്കാം

ഗള്‍ഫ് കപ്പ്: ഇറാഖിനെതിരെ ഖത്തറിന് അപ്രതീക്ഷിത തോല്‍വി