
ദോഹ: 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിലെ കലാശപ്പോരാട്ടത്തില്‍ സഊദി അറേബ്യ ഇന്ന് ബഹ്‌റൈനെ നേരിടും. ഇന്നു വൈകുന്നേരം ഏഴിന് ദുഹൈലിലെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തിലാണ് ഫൈനല്‍. പുതിയ സംവിധാനത്തിലേക്ക് ഗള്‍ഫ് കപ്പ് മാറിയശേഷം ഇരുടീമുകളും ഏറ്റുമുട്ടുന്ന ആദ്യത്തെ ഫൈനലാണിതെന്ന സവിശേഷയതയുണ്ട്. ഖത്തറില്‍ നടന്ന 17-ാമത് ഗള്‍ഫ് കപ്പിലാണ് പുതിയ രീതിയിലേക്ക് മാറിയത്. ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ചാണ് സഊദി അറേബ്യ ഫൈനലിലെത്തിയത്.
ഇറാഖിനെ പെനാലിറ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ബഹ്‌റൈന്റെ ഫൈനല്‍ പ്രവേശനം. കലാശപ്പോരാട്ടത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഫൈനലിനു മുന്നോടിയായുള്ള സാങ്കേതിക, ഏകോപനസമിതിയോഗം കഴിഞ്ഞദിവസം ഷെറാട്ടണ്‍ ഹോട്ടലില്‍ ചേര്‍ന്നു. ടീമുകളുടെ ജ്‌ഴ്‌സി കളറുകളും നിശ്ചയിച്ചു. സഊദി ടീം പൂര്‍ണമായും വെള്ളകളറിലുള്ള ജഴ്‌സിയായിരിക്കും ധരിക്കുക. ബഹ്‌റൈന്‍ ടീം പതിവുപോലെ പൂര്‍ണമായും ചുവപ്പുകളറിലായിരിക്കും. ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് സുഗമമായി സ്‌റ്റേഡിയത്തിലെത്താന്‍ സംവിധാനമുണ്ട്. ഫൈനലിന്റെ ടിക്കറ്റുള്ളവര്‍ക്ക് ദോഹ മെട്രോയില്‍ പാസ് അനുവദിക്കും. സഊദിക്കെതിരായ മത്സരത്തില്‍ അവസരങ്ങള്‍ നഷ്ടമായതാണ് ഖത്തറിന്റെ ഫൈനല്‍ പ്രവേശനത്തിന് വിഘാതമായതെന്ന് മുഖ്യ പരിശീലകന്‍ ഫെലിക്‌സ് സാഞ്ചസ് പ്രതികരിച്ചു.28-ാം മിനുട്ടില്‍ അബ്ദുല്ല അല്‍ഹംദാന്‍ നേടിയ ഗോളിന് ഖത്തറിനെ മറികടന്ന് സഊദി കലാശപ്പോരാട്ടത്തിന് യോഗ്യത നേടുകയായിരുന്നു. നാലാം കിരീടമെന്ന ഖത്തറിന്റെ സ്വപ്‌നമാണ് ഇതോടെ പൊലിഞ്ഞത്. സഊദിക്കെതിരായ മത്സരത്തില്‍ 21 ഗോളവസരങ്ങള്‍ ഖത്തര്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. മത്സരത്തിലധികസമയവും പന്ത് ഖത്തര്‍ താരങ്ങളുടെ കാലിലായിരുന്നു. നിര്‍ഭാഗ്യമാണ് ഖത്തറിന്റെ തോല്‍വിയില്‍ കലാശിച്ചത്. ചാമ്പ്യന്‍ഷിപ്പിലാകെ ഹൃദയം കൊണ്ടാണ് ഖത്തരി താരങ്ങള്‍ കളിച്ചതെന്നും അവരെ പ്രശംസിക്കുന്നതായും സാഞ്ചസ് പറഞ്ഞു. സഊദിയെ അഭിനന്ദിക്കുന്നതായും ഫൈനലിന് ആശംസകള്‍ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ മത്സരം നിയന്ത്രിച്ചപ്പോള്‍ സംഘടിമായിരുന്നു സഊദിയുടെ ശൈലിയെന്ന് സഊദി പരിശീലകന്‍ ഹെര്‍വ് റെനാര്‍ഡ് പറഞ്ഞു. ഖത്തറിന്റേത് മികച്ച പ്രകടനമായിരുന്നുവെന്നും എന്നാല്‍ സഊദി വിജയം അര്‍ഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ബഹറൈനെതിരെയും മികച്ച പ്രകടനമാണ് സഊദി ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ സഊദി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബഹ്‌റനെ തോല്‍പ്പിച്ചിരുന്നു.
നാലാം ഗള്‍്ഫ് കപ്പ് കിരീടമാണ് സഊദി ലക്ഷ്യമിടുന്നത്. 2003നുശേഷം ഇതുവരെയും കിരീടം നേടാന്‍ സഊദിക്കായിട്ടില്ല. ബഹ്‌റൈന്‍- ഇറാഖ് ആദ്യസെമിയില്‍ നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നാലു തവണ ഗള്‍ഫ് കപ്പ് റണ്ണേഴ്‌സ് അപ്പായിരുന്ന ബഹ്‌റൈന്‍ ദോഹയില്‍ ആദ്യ കിരീടമാണ് ലക്ഷ്യംവെക്കുന്നത്. 24-ാമത് ഗള്‍ഫ് കപ്പില്‍ ഇതുവരെയായി ആകെ പിറന്നത് 44 ഗോളുകള്‍. 29 താരങ്ങള്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു.