in ,

അല്‍ഖോര്‍ എക്‌സ്പ്രസ് വേയിലെ എആര്‍ടി പരീക്ഷണ സര്‍വീസില്‍ പ്രധാനമന്ത്രി പങ്കെടുത്തു

ദോഹ: ബസിന്റെയും മെട്രോ ബോഗിയായ ട്രാമിന്റെയും സംയാജിത രൂപമായ ഓട്ടോമാറ്റിക് റാപിഡ് ട്രാന്‍സിറ്റിന്റെ(എആര്‍ടി) പരീക്ഷണ സര്‍വീസില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി പങ്കെടുത്തു.

അല്‍ഖോര്‍ എക്‌സ്പ്രസ് വേയിലെ എആര്‍ടി പരീക്ഷണ സര്‍വീസില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി പങ്കെടുത്തപ്പോള്‍

ബസുകള്‍ക്കും ട്രാമുകള്‍ക്കുമിടയില്‍ ഗതാതം കാര്യക്ഷമമാക്കുന്നതിനായി നടപ്പാക്കുന്ന നൂതന സര്‍വീസിന്റെ പരീക്ഷണയോട്ടം അല്‍ഖോര്‍ എക്‌സ്പ്രസ് വേയിലായിരുന്നു നടന്നത്. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍സുലൈത്തി പങ്കെടുത്തു. എആര്‍ടിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസിന് ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയമാണ് ചുക്കാന്‍പിടിച്ചത്.

ഇന്റലിജന്റ് നിയന്ത്രണങ്ങളോടെയുള്ള നഗര ഗതാഗതത്തിനായുള്ള റെയില്‍ രഹിത സംവിധാനമാണ് എആര്‍ടി. പ്രധാനമായും ബസുകള്‍ക്കും ട്രാമുകള്‍ക്കുമിടയിലുള്ള ക്രോസോവറാണ്(ഒരു സംവിധാനത്തില്‍നിന്നും വേറൊന്നിലേക്ക് മാറല്‍) ഈ ഗതാഗതസംവിധാനം.

ഇത് വൈദ്യുതി, മെക്കാനിക്കല്‍ സംവിധാനങ്ങളെയും സമന്വയിപ്പിക്കുന്നു. അംഗപരിമിതരുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുക്കുന്ന ഇഷ്ടാനുസൃതവും നൂതനവുമായ ഇന്റീരിയര്‍, ബാഹ്യ ഡിസൈനുകള്‍ എആര്‍ടിയുടെ സവിശേഷതകളാണ്. ദ്വിദിശ ഡ്രൈവിങ് മോഡ് ഉപയോഗിച്ചാണ് നിര്‍മാണം. മണിക്കൂറില്‍ 70 കിലോമീറ്ററാണ് വേഗത. 307 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.

വൈദ്യുതി ഉപയോഗിച്ചാണ് എആര്‍ടിയുടെ പ്രവര്‍ത്തനം. പത്തുമിനുട്ട് സമയത്തെ ദ്രുതഗതിയിലുള്ള ചാര്‍ജിങിലൂടെ 25 കിലോമീറ്റര്‍ യാത്ര ചെയ്യാനാകും. മൂന്നു മണിക്കൂര്‍ സമയത്തെ മുഴുവന്‍ ചാര്‍ജിങിലൂടെ 70കിലോമീറ്റര്‍ സഞ്ചരിക്കാനാകും. ത്രീ മൊഡ്യൂള്‍ വാഹനത്തിന് 32 മീറ്ററാണ് നീളം. സാധാരണ ബസിന്റെ അതേ വീതിയാണുള്ളത്.

ഇന്റലിജന്റ് കമ്യൂണിക്കേഷന്‍ സംവിധാനത്തിന്റെ സഹായത്തോടെയണ് പ്രവര്‍ത്തനം. എആര്‍ടി സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ലോകത്തില്‍ ആദ്യത്തേതാണ്. എആര്‍ടി സിസ്റ്റത്തിന്റെ ബാറ്ററി ചാര്‍ജിങും മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ സംവിധാനങ്ങളും ഖത്തറിലെ കാലാവസ്ഥാ സാഹചര്യങ്ങളുമായി യോജിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഒരു നിശ്ചിതസമയത്തേക്ക് തുടരുന്ന ട്രയല്‍ ഓപ്പറേഷന്‍ വിശദമായി മന്ത്രാലയം വിലയിരുത്തുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അല്‍സുലൈത്തി പറഞ്ഞു.

സാങ്കേതിക വിദ്യഉപയോഗിച്ചുള്ള സന്ദേശത്തിന് അനുസൃതമായാണ് വാഹനത്തിന്റെ സഞ്ചാരം. ഇന്റര്‍സെക്ഷനുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. റോഡില്‍ ഓടേണ്ട വഴി സംബന്ധിച്ച് സെന്‍സറുകള്‍ മുഖേനയായിരിക്കും ഡ്രൈവറുമായുള്ള ആശയവിനിമയം.

സെന്‍സര്‍ നിര്‍ദേശമനുസരിച്ചാണ് വാഹനം മുന്നോട്ടുപോകുക. ഇത്തരമൊരു രീതിയില്‍ പൊതുഗതാഗതത്തിന് എആര്‍ടി വാഹനം ഉപയോഗിക്കുന്നത് ലോകത്ത് ആദ്യമായാണെന്ന് മന്ത്രി പറഞ്ഞു. നൂതനവും അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗത സംവിധാനമാണ് നടപ്പാക്കുന്നത്.

സാധാരണ വാഹനങ്ങളെപ്പോലെ തന്നെ റോഡിലൂടെയാണ് ഇവയുടെ യാത്ര. രൂപത്തില്‍ മെട്രോയ്ക്ക് സമാനമാണ്. എന്നാല്‍ സര്‍വീസിന് പ്രത്യേക ട്രാക്കിന്റെ ആവശ്യമില്ല. എആര്‍ടിയുടെ നിര്‍മാതാക്കള്‍ ചൈനയാണ്. പുതിയ സംവിധാനം വിജയകരമായാല്‍ ഖത്തറിലെ ഗതാഗത മേഖലയുടെ വൈവിധ്യവല്‍ക്കരണത്തെ പിന്തുണയ്ക്കുന്നതായിരിക്കും. നൂതനസാങ്കേതിക വിദ്യയിലൂടെ ഏറ്റവും പുതിയ ഗതാഗത സംവിധാനം പ്രയോഗവല്‍ക്കരിക്കുകയാണ് ഖത്തര്‍.

ഗതാഗത മേഖലയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികളില്‍ സാമ്പത്തികവും പാരിസ്ഥിതികവുമായ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് നിര്‍ണായക സംഭാവനകളായിരിക്കും എആര്‍ടി നല്‍കുക. 2022 ഫിഫ ലോകകപ്പില്‍ ഫുട്‌ബോള്‍ ആസ്വാദകര്‍ക്കും സന്ദര്‍ശര്‍ക്കും മികച്ച യാത്രാനുഭവം പകരുന്നതായിരിക്കും.

സ്റ്റേഡിയങ്ങള്‍, താമസസ്ഥലങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയിലേക്ക് സുഗമമായ ഗതാഗതസൗകര്യമാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. ഖത്തറിലെ എല്ലാ പ്രദേശങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കുന്ന ലോകോത്തര മള്‍ട്ടിമോഡല്‍ സംയോജിത ഗതാഗത സംവിധാനത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നുകൊണ്ടാണ് എആര്‍ടി സര്‍വീസ്.

എല്ലാ മേഖലകളിലും വേഗത്തിലും സുരക്ഷിതമായും എത്തിച്ചേരാന്‍ പൊതുജനങ്ങളെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ഖത്തറിലെ ഗതാഗത മാതൃകകള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക സംഭാവനകളാണ് പുതിയ സംവിധാനം നല്‍കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കത്താറയില്‍ ക്രിക്കറ്റ് ഫോട്ടോ പ്രദര്‍ശനത്തിനു തുടക്കമായി

ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഹോങ്കോങുമായി ബന്ധം ശക്തിപ്പെടുത്തുന്നു