
ദോഹ: അല്‍ഗരാഫ ഇന്റര്‍ചേഞ്ച്(ഇമിഗ്രേഷന്‍ ഇന്റര്‍ചേഞ്ച്) പൂര്‍ണതോതില്‍ ഗതാഗതത്തിനായി തുറന്നു. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. അല്‍ഗറാഫ റൗണ്ട്എബൗട്ട് സിഗ്നല്‍ കേന്ദ്രീകൃത ജംക്ഷനാക്കി മാറ്റല്‍, ഫെബ്രുവരി 22 സ്ട്രീറ്റിലെ സര്‍വീസ് റോഡുകള്‍ വികസിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെയാണ് ഗതാഗതത്തിനായി പൂര്‍ണമായും തുറന്നത്.
ഈ മേഖലയിലെ ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും റോഡിന്റെ ശേഷി ഉയര്‍ത്താനും നവീകരണത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് അശ്ഗാല്‍ റോഡ് പ്രൊജക്റ്റ്‌സ് വകുപ്പിലെ ദോഹ നഗരവിഭാഗം മേധാവി എന്‍ജിനിയര്‍ മുഹമ്മദ് അര്‍ഖൗബ് അല്‍ഖാല്‍ദി പറഞ്ഞു.
ഉയര്‍ന്ന ഗതാഗത സാന്ദ്രതയുള്ളതും പ്രതിദിനം വലിയതോതില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതുമായ മേഖലയാണിത്. ദോഹയെ രാജ്യത്തിന്റെ വടക്കന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന ഇന്റര്‍ചേഞ്ചാണിത്. അല്‍ലുഖ്ത, മദീനത് ഖലീഫ, അല്‍മെസ്സില, അല്‍റയ്യാന്‍ തുടങ്ങിയ മേഖലകളിലേക്ക് വേഗത്തിലും സുഗമമായും ഗതാഗതം ഉറപ്പാക്കാനാകും.
ഈ മേഖലയില്‍ നിരവധി സേവന, വിദ്യാഭ്യാസ, ആരോഗ്യ, വാണിജ്യ, റസിഡന്‍ഷ്യല്‍ സൗകര്യങ്ങളാണുള്ളത്. അല്‍ഗരാഫ ഇന്റര്‍ചേഞ്ച് ഇവിടങ്ങളിലേക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കും. ഇന്റര്‍സെക്ഷനു ചുറ്റുമുള്ള റോഡുകളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ഇരുവശത്തെയും സര്‍വീസ് റോഡുകള്‍ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്റര്‍സെക്ഷനില്‍ പുതിയ ലൈറ്റ്‌പോളുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 22 സ്ട്രീറ്റിന്റെ പടഞ്ഞാറു ഭാഗത്ത് അധികമായി പാര്‍ക്കിങ് സൗകര്യവും സജ്ജമാക്കി. മഴവെള്ള ഡ്രെയിനേജ് സംവിധാനവും വികസിപ്പിച്ചു.
ഊരിദൂവിന്റെ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ കേബിളുകളും കഹ്‌റാമയുടെ പ്രധാന വൈദ്യുത കേബിളുകളും ജലവിതരണക്കുഴലുകളും കടന്നുപോകുന്നതിനാല്‍ ഇവയ്‌ക്കൊന്നും കോട്ടമുണ്ടാകാത്തവിധത്തില്‍ സമഗ്രപദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നത്.
അല്‍ഗറാഫ പാലത്തിന്റെ ഒരു ദിശയില്‍ ഇന്നു മുതല്‍ നാലുദിവസത്തേക്ക് താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അശ്ഗാല്‍ അറിയിച്ചു. അല്‍ദുഹൈലിലേക്ക് വടക്കോട്ടേക്കുള്ള ദിശയിലാണ് പാലം താല്‍ക്കാലികമായി അടക്കുന്നത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ സഹകരണത്തോടെയാണ് ഗതാഗത നിയന്ത്രണം. പാലത്തിന്റെ ടാറിങ് അറ്റകുറ്റപ്പണിയും നവീകരണവും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണിത്. അശ്ഗാല്‍ റോഡ് അടയാളങ്ങളും ചിഹ്നങ്ങളും സ്ഥാപിക്കും.
വാഹന ഉപയോക്താക്കള്‍ വേഗപരിധി പാലിക്കുകയും സുരക്ഷ ഉറപ്പാക്കുകയും വേണമെന്ന് അശ്ഗാല്‍ നിര്‍ദേശിച്ചു.