in ,

അല്‍ജാനൂബ് സ്റ്റേഡിയത്തിലെ സെന്‍സറി റൂമിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു

അല്‍ജാനൂബ് സ്റ്റേഡിയത്തിലെ സെന്‍സറി റൂമിന്റെ സൗകര്യങ്ങള്‍ ആസ്വദിക്കുന്ന കുട്ടികള്‍

ദോഹ: അല്‍ജാനൂബ് സ്‌റ്റേഡിയത്തിലെ ഗ്രൗണ്ട്‌ബ്രേക്കിങ് സെന്‍സറി റൂമിന് മികച്ച പ്രതികരണം. 2022 ഫിഫ ലോകകപ്പിനായി പൂര്‍ണമായി നിര്‍മിച്ച ആദ്യത്തെ സ്റ്റേഡിയമാണ് വഖ്‌റയിലെ അല്‍ജാനൂബ് സ്‌റ്റേഡിയം. മേയില്‍ അമീര്‍ കപ്പ് ഫൈനലോടെയായിരുന്നു സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് സ്‌റ്റേഡിയം കായികലോകത്തിന് സമര്‍പ്പിച്ചത്.

ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ എല്ലാവര്‍ക്കും പ്രാപ്യമാകുന്ന ഏറ്റവും മികച്ച ടൂര്‍ണമെന്റായിരിക്കും 2022 ഖത്തര്‍ ലോകകപ്പെന്ന് ഉറപ്പാക്കുന്നതിനായാണ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി തകര്‍പ്പന്‍ സെന്‍സറി റൂമാണ് വഖ്‌റ നഗരത്തിലെ അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

ഓട്ടിസം, മറ്റു ന്യൂറോ ബിഹേവിയറല്‍ അവസ്ഥകളുമുള്ളവര്‍ക്ക് മത്സരസമയങ്ങളിലും ഇടവേളകളിലും ചെലവഴിക്കാനുള്ള സുരക്ഷിതമായ കേന്ദ്രമായാണ് സെന്‍സറി റൂം വിഭാവനം ചെയ്തിരിക്കുന്നത്. ഖത്തര്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി(ക്യുആര്‍ഐ) സഹകരിച്ചും അവരുടെ പങ്കാളിത്തത്തിലുമാണ് സെന്‍സറി റൂം രൂപകല്‍പ്പന ചെയ്ത് സജ്ജമാക്കിയിരിക്കുന്നത്. ഫിഫ ലോകകപ്പിനായി സജ്ജമായ ആദ്യ സ്റ്റേഡിയമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ സമാനമായ രീതിയില്‍ സെന്‍സറി റൂം ഒരുക്കിയിരുന്നു.

അല്‍ജാനൂബ് സ്റ്റേഡിയത്തിലെ സെന്‍സറി റൂമില്‍ മികച്ച സൗകര്യങ്ങളും ക്രമീകരണങ്ങളുമാണുള്ളത്. മെയില്‍ അമീര്‍ കപ്പ് ഫൈനല്‍ മത്സരം വീക്ഷിക്കുന്നതിനായി ഖത്തര്‍ ഫൗണ്ടേഷന്‍ ഡിസബിലിറ്റി ഫുട്‌ബോള്‍ പ്രോഗ്രാമിലെയും ഖത്തര്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഓട്ടിസം ബാധിതരായ 22 കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം ജാനൂബ് സ്‌റ്റേഡിയത്തിലെ സെന്‍സറി റൂമിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി മത്സരം കണ്ടു.

ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ കഫുവിന്റെ നേതൃത്വത്തില്‍ പ്രത്യേക ഓണ്‍ പിച്ച് ജനറേഷന്‍ അമൈസിങ് പരിപാടിയില്‍ പങ്കെടുക്കുന്നതിനും ഈ കുട്ടികള്‍ക്ക് അവസരം ലഭിച്ചു. മത്സരത്തിനു മുമ്പും ശേഷവും കുട്ടികള്‍ക്ക് സെന്‍സറി റൂമില്‍ പ്രവേശനം അനുവദിച്ചിരുന്നു. ബബിള്‍ ട്യൂബുകള്‍, ബീന്‍ബാഗുകള്‍, ബോള്‍ പെന്‍, റിലാക്‌സിങ് മതില്‍, സീലിങ് പ്രൊജക്ഷനുക തുടങ്ങിയ ഉപകരണങ്ങളും സംവിധാനങ്ങളുമെല്ലാം സെന്‍സറി റൂമിലുണ്ട്.

സ്റ്റേഡിയത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സെന്‍സറി റൂമുകള്‍ സജ്ജമാക്കുന്നതില്‍ സുപ്രീംകമ്മിറ്റിയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ക്യുആര്‍ഐ ചീഫ് ഓഫ് ഒക്യുപേഷണല്‍ തെറാപ്പി സുല്‍ത്താന്‍ അല്‍അബ്ദുല്ല പറഞ്ഞു. ഖത്തറിലെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വൈകല്യമുള്ളവര്‍ക്ക് പ്രവേനക്ഷമതയും ഉള്‍ക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പൂര്‍ണമായും ആക്‌സസ് ചെയ്യാവുന്ന ലോകകപ്പെന്ന കാഴ്ചപ്പാടിലേക്ക് എത്തിച്ചേരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലെ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി.

സ്റ്റേഡിയത്തിലെ സെന്‍സറി റൂമിനായി നിരവധി സ്‌പെഷ്യലിസ്റ്റ് സെന്‍സറി ഉപകരണങ്ങള്‍ ക്യുആര്‍ഐ നല്‍കിയിട്ടുണ്ട്. ശ്രദ്ധക്കുറവ്, ഓട്ടിസം, തലയ്ക്ക് പരിക്ക് തുടങ്ങിയ സാഹചര്യങ്ങളിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റൂമിന്റെ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താം.

ഫിഫയുടെ ആവശ്യകതകളിലും മാനദണ്ഡങ്ങളിലും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 2022ല്‍ പ്രവേശനക്ഷമതയ്ക്ക്(അക്‌സസിബിലിറ്റി) സുപ്രീംകമ്മിറ്റിയും പങ്കാളികളും പ്രതിജ്ഞാബദ്ധരാണ്. മറ്റൊരു സെന്‍സറി റൂം കൂടി സജ്ജമാക്കാനായതില്‍ അഭിമാനമുണ്ടെന്ന് സുപ്രീംകമ്മിറ്റി കമ്യൂണിറ്റി എന്‍ഗേജ്‌മെന്റ് മാനേജര്‍ മീദ് അല്‍ഇമാദി പറഞ്ഞു.

2022 ലോകകപ്പില്‍ കാഴ്ചാവൈകല്യം ഉള്‍പ്പടെ എല്ലാ വിഭാഗത്തിലുംപെട്ട അംഗപരിമിതരായ ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് മികച്ച രീതിയില്‍ മത്സരങ്ങള്‍ ആസ്വദിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.
എല്ലാവരെയും ഉള്‍ക്കൊള്ളുന്നതില്‍ സ്റ്റേഡിയത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് സുപ്രീംകമ്മിറ്റി വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജോണ്‍ ഗില്‍ബര്‍ട് ലോക കേരളസഭാ അംഗത്വം രാജിവെച്ചു

ബെര്‍ലിന്‍ മതിലിന്റെ ഒരു ഭാഗം ക്യുഎന്‍സിസിയില്‍