
ദോഹ: സന ഇന്റര്സെക്ഷന് എന്നറിയപ്പെടുന്ന അല്‍റുഫ ഇന്റര്സെക്ഷന് നവീകരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. താല്‍ക്കാലിക റൗണ്ട്എബൗട്ട് നീക്കം ചെയ്തതിനുശേഷം സിഗ്നല്‍ ഗതാഗതത്തിനായി തുറന്നു.
ഇന്റര്‍സെക്ഷനിലെ വാഹനശേഷി ഉയര്‍ത്തുന്നതിനും തിരക്ക് കുറക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് അശ്ഗാല്‍ റോഡ് പ്രൊജക്റ്റ്സ് വകുപ്പിലെ ദോഹ നഗരവിഭാഗം മേധാവി എന്‍ജിനിയര്‍ മുഹമ്മദ് അര്‍ഖൂബ് അല്‍ഖാലിദി പറഞ്ഞു. റാസ് അബുഅബൗദ് പാലത്തില്നിന്നുംവരുന്ന വാഹനങ്ങള്‍ക്കായി നിലവിലെ രണ്ടു ലൈനില്‍നിന്നും അഞ്ചുലൈനുകളായി വര്‍ധിപ്പിച്ചു.
അലി ബിന്‍ ഉമര്‍ അല്‍അത്തിയ്യ സ്ട്രീറ്റിലേക്ക് വലത്തേക്കു തിരിയുന്നതിന് ഒരു പാത ഉള്‍പ്പടെയാണ് അഞ്ചുലൈനുകള്. ഇതില്‍ രണ്ടു ലൈനുകള്‍ അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റിലേക്കു നേരിട്ടുള്ളവയായിരിക്കും. ബി-റിങ് റോഡിലേക്കു ഇടത്തേക്കു തിരിയുന്നതിനാണ് രണ്ടു ലൈനുകള്‍. ഈ ലൈനുകളില്‍ യു-ടേണിനും സാധ്യതയുണ്ട്.
അല്‍റുഫ സ്ട്രീറ്റിന്റെ നവീകരണ ജോലികളുടെ രണ്ടാംഘട്ട, അവസാനഘട്ട പ്രവര്‍ത്തികള്‍ ഈ വര്‍ഷം അവസാനം നടക്കും. തല്‍ഫലമായി ഇന്റര്‍സെക്ഷനിലെ വാഹനശേഷി കൂടുതല്‍ വികസിക്കും. റാസ് അബുഅബൗദ് സ്ട്രീറ്റ്, അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റ് എന്നിവയില്‍നിന്നും വരുന്ന വാഹനങ്ങള്‍ക്കായി എട്ടു പാതകളുണ്ടാകും.
നേര്‍പാതയില്‍ നാലു പാതകള്‍, ഇടത്തേക്കു തിരിയുന്നതിന് മൂന്നു പാതകള്‍, വലത്തേക്കു തിരിയുന്നതിന് ഒരു പാത എന്നിങ്ങനെയാണ് ഇവ. റോഡിനൊപ്പം ഷോപ്പുകളിലേക്കും വ്യാപാരകേന്ദ്രങ്ങളിലേക്കും പ്രവേശനം സുഗമമാക്കുന്നതിന് ഒരു സര്‍വീസ് റോഡ്, റാസ് അബുഅബൗദ് സ്ട്രീറ്റിന്റെ കിഴക്ക് ഭാഗത്തെ പാതകള്‍ രണ്ടില്‍നിന്നും നാലായി വികസിപ്പിക്കല്‍ എന്നിവയും നവീകരണത്തില്‍ ഉള്‍പ്പെടും.
അലി ബിന്‍ ഉമര്‍ അല്‍അത്തിയ്യ സ്ട്രീറ്റ്, ബി-റിങ് റോഡ് എന്നിവയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്കായി അഞ്ചു ലൈനുകളാണ് വികസിപ്പിക്കുന്നത്. ഇതില്‍ രണ്ടെണ്ണം തുടര്‍ന്നും നേര്ദിശയിലായിരിക്കും. ഒന്ന് ഇടത്തേക്ക് തിരിയും. ഒന്നു രണ്ടുവശത്തേക്കുമായിട്ടായിരിക്കും.
ഒരു പാത വലതുവശത്തേക്കു തിരിയും. ദോഹയിലെ സുപ്രധാന റോഡുകളായ റാസ് അബുഅബൗദ് സ്ട്രീറ്റ്, അലി ബിന്‍ ഉമര്‍ അല്‍അത്തിയ്യ സ്ട്രീറ്റ്, അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റ്, ബി-റിങ് റോഡ് എന്നിവയെയെല്ലാം ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമേഖലയാണ് ഈ ഇന്റര്സെക്ഷന്.
ഈ മേഖലയിലെ ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവക്കെല്ലാം പ്രയോജനകരമായിരിക്കും. ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തര്‍ നാഷണല്‍ മ്യൂസിയം എന്നിവയിലേക്ക് ഗതാഗതം സുഗമമാക്കാനുമാകും.