
ദോഹ: അല്‍ഗറാഫ അല്‍ഇത്തിഹാദ് ഇന്റര്‍സെക്ഷനില്‍ അല്ഹനാ സ്ട്രീറ്റിലും താനി ബിന്‍ ജാസിം സ്ട്രീറ്റിലും 18 മാസത്തേക്ക് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. അല്‍ഗറാഫ മേഖലയില്‍ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയുടെ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ സഹകരണത്തോടെ അശ്ഗാല്‍ ഗതാഗത മാറ്റം പ്രഖ്യാപിച്ചത്.
ഇക്കാലയളവില്‍ താനി ബിന്‍ ജാസിം സ്ട്രീറ്റില്‍ കിഴക്കു നിന്നും പടിഞ്ഞാറേക്കും തിരിച്ചുമുള്ള ഗതാഗതം നിര്‍ത്തിയിട്ടുണ്ട്. താനി ബിന്‍ ജാസിം സ്ട്രീറ്റില്‍ നിന്നും മദീന ഖലീഫയിലേക്ക് വരേണ്ടവര്‍ക്ക് അല്‍ ഹന്നാ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് യു ടേണെടുത്ത് വലത്തേക്ക് വളഞ്ഞ് താനി ബിന്‍ ജാസിം സ്ട്രീറ്റിന്റെ കിഴക്കു ഭാഗത്ത് പ്രവേശിക്കാം.
മദീന ഖലീഫയില്‍ നിന്നു അല്‍ഗറാഫ വഴി താനി ബിന്‍ ജാസിം സ്ട്രീറ്റിലേക്കുള്ളവര് വലത്തോട്ട് അല്ഹന്ന സ്ട്രീറ്റിലേക്ക് തിരിഞ്ഞ് പുതിയ യു ടേണിലൂടെ ലാന്റ് മാര്‍ക്ക് മാളിന് സമീപം അല്‍മര്‍ഖിയ സ്ട്രീറ്റിലേക്ക് പ്രവേശിച്ച് താനി ബിന്‍ ജാസിം സ്ട്രീറ്റിലേക്കും അതുവഴി അല്‍ ഹനാ സ്ട്രീറ്റിലേക്കും കടക്കാവുന്നതാണ്. റോഡ് ഉപയോക്താക്കള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാന് അശ്ഗാല്‍ മേഖലയില്‍ ഗതാഗത ചിഹ്നങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നവര്‍ വേഗനിയന്ത്രണങ്ങള്‍ പാലിക്കണമെന്നും റോഡ് അടയാളങ്ങള്‍ പിന്തുടര്ന്ന് സുരക്ഷിത യാത്ര ഉറപ്പുവരുത്തണമെന്നും അശ്ഗാല്‍ അറിയിച്ചു.